മനാമ:(Manama) ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം. ഇന്നലെ പുലർച്ചെയോടെ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബിന്റെ നേതൃത്വത്തിൽ പ്രവാസി സംഘടനാ പ്രതിനിധികൾ സ്വീകരിച്ചു. വ്യാഴാഴ്ച പുലര്‍ച്ച 12.40ന് തിരുവനന്തപുരത്ത് നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്.
മുഖ്യമന്ത്രിയെ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കൺവീനർ പി. ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണപിള്ള, ലോക കേരള സഭാ അംഗം സുബൈർ കണ്ണൂർ, ബഹ്റൈന്‍ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കൺട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6.30ന് ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ്, മന്ത്രി സജി ചെറിയാന്, എം.എ. യൂസുഫ് അലി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ആയിരക്കണക്കിന് മലയാളികളുടെ പങ്കാളിത്തമാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നത്.
Highlights:Warm Welcome for Kerala CM Pinarayi Vijayan in Bahrain; Expatriate Meet Today