ന്യൂഡൽഹി:(New Delhi) ദേശീയ തലസ്ഥാനമായ ഡൽഹിയിലെ അതിസുരക്ഷാ മേഖലയായ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം തിങ്കളാഴ്ച (നവംബർ 10, 2025) വൈകുന്നേരം തിരക്കേറിയ സമയത്തുണ്ടായ കാർ സ്ഫോടനത്തിൽ രാജ്യം നടുങ്ങി. സംഭവത്തിൽ 8 പേർ മരിക്കുകയും 25-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.
തിങ്കളാഴ്ച വൈകുന്നേരം ഏകദേശം 6:52-ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1-ന് സമീപം, റെഡ് ലൈറ്റിൽ നിർത്തിയ ഒരു ഹ്യുണ്ടായ് i20 കാറിലാണ് സ്ഫോടനം ഉണ്ടായത്.സ്ഫോടനത്തിന്റെ ശക്തിയിൽ സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്ക് തീപിടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.വിവരം ലഭിച്ച ഉടൻ ഡൽഹി ഫയർ ഡിപ്പാർട്ട്‌മെൻ്റിലെ ഇരുപതോളം യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ LNJP ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടർന്ന് മെട്രോ സ്റ്റേഷൻ പരിസരം പോലീസിൻ്റെ പൂർണ്ണ നിയന്ത്രണത്തിലാക്കി. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. മുംബൈ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലും ജാഗ്രത ശക്തമാക്കി.സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ലെങ്കിലും, തീവ്രവാദ സാധ്യതയടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. കേസ് യുഎപിഎ (UAPA) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊട്ടിത്തെറിച്ച കാറിൻ്റെ മുൻ ഉടമയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാൾ ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയാണെന്നും കാർ ദേവേന്ദ്ര എന്നയാൾക്ക് വിറ്റെന്നും മൊഴി നൽകി.സ്ഫോടനസമയത്ത് കാർ ഓടിച്ചിരുന്ന പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫരീദാബാദ് ഭീകരസംഘടനയുമായി ബന്ധമുള്ള ഡോ. മുഹമ്മദ് ഉമർ ആണ് ഇയാളെന്നാണ് സൂചന.പൊട്ടിത്തെറിച്ച കാർ യഥാർത്ഥത്തിൽ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ മുഹമ്മദ് സൽമാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നുവെന്ന വിവരവും ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്നു.
കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും സാധാരണ ബോംബുകളിൽ കാണാറുള്ള ലോഹച്ചീളുകൾ ഏറ്റ മുറിവുകൾ ഇല്ലാത്തതിനാൽ, ഉയർന്ന തീവ്രതയില്ലാത്ത ഉപകരണമാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുൻപ് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 360 കിലോഗ്രാം അമോണിയം നൈട്രേറ്റും ഉൾപ്പെടെയുള്ള വൻ സ്ഫോടകവസ്തു ശേഖരം പോലീസ് പിടിച്ചെടുത്തിരുന്നു. നിരോധിത സംഘടനകളായ ജെയ്ഷ്-ഇ-മുഹമ്മദ് (JeM), അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് (AGUH) എന്നിവയുമായി ബന്ധമുള്ള ഭീകരരെയും അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി ലക്ഷ്യമിട്ടുള്ള വലിയ ഭീകരാക്രമണ നീക്കമാണ് തകർത്തതെന്ന് പോലീസ് അറിയിച്ചു.
Highlights:Terror Strikes Delhi: 8 Dead in Car Explosion Near Red Fort