ശങ്കരാചാര്യർ ഹരിശ്രീ കുറിച്ച മണ്ണിൽ അക്ഷര ചുവട് വെക്കാം
അധ്യാപകരും പണ്ഡിത ശ്രേഷ്ഠരും കലാകാരന്മാരും അടങ്ങി പതിനഞ്ചോളം ആചാര്യന്മാർ
തൃശൂർ(Thrissur): അറിവിന്റെ ലോകത്തേക്കുള്ള കുരുന്നുകളുടെ ആദ്യ ചുവട് വെയ്പിന് മലയാളത്തിലെ നേരിന്റെ പാരമ്പര്യ മാധ്യമമായ ‘തനിനിറം’ അവസരമൊരുക്കുന്നു. ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ കേരള ക്ഷേത്ര സേവാ ട്രസ്റ്റും തനിനിറവുമായി സഹകരിച്ചാണ് വിദ്യാരംഭം ഒരുക്കുന്നത്. 29നാണ് പൂജവെപ്പ്.
അലങ്കരിച്ച സരസ്വതി മണ്ഡപത്തിലാണ് പുസ്തങ്ങൾ പൂജക്ക് വെക്കുന്നത്. മഹാനവമി ഒക്ടോബർ 1നും വിജയദശമി 2നുമാണ്. വിദ്യയുടെ അധിദേവതകളായി കരുതുന്ന പ്രഥമ ഗുരു ദക്ഷിണാമൂർത്തിയും, ഗണപതിയും, സരസ്വതിയും സമ്മേളിക്കുന്ന സങ്കേതമായ സരസ്വതി ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കൽ പുണ്യമായി കരുതുന്നു.
മഹാനവമി ഒഴികെയുള്ള മറ്റ് എല്ലാ ദിവസങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങ് നടത്തുന്ന അപൂർവ ക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ടതാണ് നെടുമ്പാശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രം. വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിന് https://forms.gle/YgMZDX7B5iAjPjkb8 ഓൺലൈൻ ആയി ബുക്ക് ചെയ്യാം. ബുക്കിംഗ് ഇല്ലാതെയും വിദ്യാരംഭം ചെയ്യുവാൻ സാധിക്കും.
തന്ത്രി പ്രതിനിധി നാരായണമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയും അധ്യാപകരും പണ്ഡിത ശ്രേഷ്ഠരും കലാകാരന്മാരും അടങ്ങിയ പതിനഞ്ചോളം ആചാര്യന്മാരാണ് ഹരിശ്രീ കുറിക്കുക.
ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകളും സാംസ്കാരിക പരിപാടികളും തുടങ്ങി. വിദ്യാരംഭവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ 9846151002, 9446061160 നമ്പരുകളിൽ അറിയാം.
വിദ്യാരംഭത്തിനും ക്ഷേത്ര ദർശനത്തിനുമായെത്തുന്നവർക്ക് ഭക്ഷണമടക്കമുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കേരള ക്ഷേത്ര സേവാ ട്രസ്റ് ചെയർമാൻ എം പി നാരായണൻ മൂത്തമനയും, ദേവസ്വം സെക്രട്ടറി കെ.പി മനോജ്കുമാറും ജനറൽ സെക്രട്ടറി പി ശശി കുമാറും അറിയിച്ചു.
Highlights: Taniniravum-Kerala Kshetra Seva Trust is providing facilities