Saturday, December 6, 2025
E-Paper
Home Editorialഎസ്.ഐ.ആറിലെ ആശങ്ക കാണാതിരിക്കരുത്

എസ്.ഐ.ആറിലെ ആശങ്ക കാണാതിരിക്കരുത്

by news_desk
0 comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ കേരളം സമർപ്പിച്ച ഹർജിയിൽ സ്റ്റേ നൽകാനാകില്ലെന്ന് കോടതി നിലപാട് സാഹചര്യങ്ങൾ മനസ്സിലാക്കാത്ത നടപടിയായി. തുടക്കത്തിൽ തന്നെ എസ്.ഐ.ആർ നടപടികളിൽ കേരളം നേരിടുന്ന പരിമിതികളെ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖാമൂലം ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതാണ്. അപ്പോഴും വേണ്ട മറുപടികളോ നിർദ്ദേശങ്ങളോ പ്രവർത്തന രേഖയോ വ്യക്തമാക്കാതെ ഏകപക്ഷീയമായി രാജ്യത്ത് ഒന്നടങ്കം എസ്.ഐ.ആർ പ്രവർത്തനങ്ങൾ നടത്താനുള്ള നിർദ്ദേശമാണ് ഇലക്ഷൻ കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. തുടക്കം മുതൽ തന്നെ വൻ വീഴ്ചകളും നഷ്ടങ്ങളും ആണ് എസ്ഐആറിലൂടെ രാജ്യത്തിന് ഉണ്ടായിരിക്കുന്നത്. അമിതമായ ജോലിഭാരം താങ്ങാനാകാതെ കണ്ണൂർ സ്വദേശിയായ അനീഷും രാജസ്ഥാൻ സ്വദേശിയായ ബി.എൽ.ഓയും ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായി. സർക്കാർ ഉദ്യോഗസ്ഥരാണ് എന്നതിന്റെ പേരിൽ മാനുഷിക പരിഗണനയൊന്നും ഇവർ അർഹിക്കുന്നില്ല എന്നുള്ള രീതിയിലാണ് പല ഉന്നത ഉദ്യോഗസ്ഥരും വിവിധ സംസ്ഥാനങ്ങളിലായി പെരുമാറുന്നത് എന്നതിന്റെ നടുക്കിയതും വേദനാജനകമായ ഉദാഹരണങ്ങളാണ് ഈ രണ്ട് ആത്മഹത്യകളിലൂടെ നമുക്ക് മുമ്പിൽ വ്യക്തമാക്കുന്നത്. സുതാര്യവും സുദൃഢവും സുരക്ഷിതത്വവും ആണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂലധനം. എടുത്തുചാടിയുള്ള പ്രവർത്തനങ്ങളാൽ ആ ആശയ ധാരയ്ക്കാണ് കനത്ത ആഘാതം ഉണ്ടായിരിക്കുന്നത്. പലപ്പോഴായി കേന്ദ്രസർക്കാരിനോട് ഇലക്ഷൻ കമ്മീഷനോട് കേരളവും തമിഴ്നാടും ബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും പ്രതിപക്ഷ കക്ഷി നേതാക്കളും എസ്.എ.ആറിൽ വരും വരായികകളെ സംബന്ധിച്ച് കൂട്ടായ ആലോചന ആവശ്യമാണെന്നും എടുക്കത്തിൽ അത് നടപ്പിൽ വരുത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു. അതിനൊന്നും ചെവി കൊടുക്കാതെയാണ് ഭരണഘടനാ സ്ഥാപനമായ ഇലക്ഷൻ കമ്മീഷൻ മുന്നോട്ടുപോകുന്നത്. കേന്ദ്രസർക്കാരും ഇതിന് കുടപിടിക്കുകയാണ്. എസ്.ഐ.ആർ നടപടിക്രമങ്ങളെ സംബന്ധിച്ച് സർവകക്ഷിയോഗം വിളിക്കണമെന്നുള്ള പ്രതിപക്ഷ ആവശ്യത്തോട് മുഖം തിരിച്ചു നടക്കുകയാണ് സർക്കാർ. ജനങ്ങളുടെ ക്ഷേമത്തിനും അഭിവൃത്തിക്കും ജനാധിപത്യ മേന്മയ്ക്കും ആവണം പരിഷ്കാരങ്ങൾ ഉണ്ടാവേണ്ടത്. അടിച്ചേൽപ്പിച്ചുകൊണ്ട് ഇതൊന്നും ഇവിടെ നടപ്പാക്കാനും സാധിക്കില്ല. ആ സാഹചര്യത്തിൽ ഇനിയെങ്കിലും കടം പിടുത്തം ഒഴിവാക്കി എസ്.ഐ.ആറിനെ സംബന്ധിച്ച് തുറന്ന ചർച്ചയ്ക്ക് കേന്ദ്രസർക്കാരും കേന്ദ്ര ഇലക്ഷൻ കമ്മീഷനും അടിയന്തരമായി തയ്യാറാകണം. ഏതാനും മാസങ്ങൾക്കപ്പുറം കടന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ വിദൂരമാണെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പ് എന്നിവയെ അല്ല തീവ്ര പട്ടിക പരിഷ്കരണ നടപടികൾ കുറ്റമറ്റതല്ലെങ്കിൽ കാര്യമായ രീതിയിൽ ബാധിക്കും. അതുകൊണ്ട് തെരഞ്ഞെടുപ്പ് സംവിധാനത്തെ തകർക്കുന്ന രീതിയിലുള്ള പ്രവണതകൾ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് ഉണ്ടാകാൻ പാടില്ല. വോട്ട് പൗരന്റെ ജന്മാവകാശമാണ്. അനാവശ്യമായ താല്പര്യങ്ങളുടെ പുറത്ത് പൗരന്റെ അവകാശ അധികാരങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഭരണഘടനയോടും സർവോപരി രാജ്യത്തോടും ചെയ്യുന്ന അനീതിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതി നോട്ടീസിന് നൽകുന്ന മറുപടി എല്ലാ വശങ്ങളും പരിശോധിച്ചു കൊണ്ടാകണം. ഭരണഘടനയിൽ ജുഡീഷ്യറിക്കും തുല്യപ്രാധാന്യമുള്ളത്. നീതിപീഠം വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടത്തണം. സംസ്ഥാനങ്ങളുടെ വികാരങ്ങൾ കൂടി പരിഗണിക്കേണ്ടതാണ്. കേരളത്തിന്റെ ഹർജി 26ന് വിശദമായ വാദങ്ങൾ കേൾക്കുമ്പോൾ കോടതിയിൽ നിന്നുണ്ടാകുന്ന മറുപടി രാജ്യത്തിന് ജനാധിപത്യത്തിന് അനുകൂലമാകുമെന്ന് പ്രത്യാശിക്കുകയാണ്.

You may also like