Saturday, December 6, 2025
E-Paper
Home Editorialഅഭിമാനത്തോടെ വളരട്ടെ മലയാളം

അഭിമാനത്തോടെ വളരട്ടെ മലയാളം

by news_desk
0 comments

മലയാളത്തിന് ഇന്ന് പിറന്നാൾ. ഐക്യ കേരളം പിറവി കൊണ്ടിട്ട് 70 വർഷങ്ങൾ പൂർത്തിയാകുന്ന ഈ സുദിനം ഓരോ മലയാളിക്കും ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്. ആധുനിക കേരളത്തിൻ്റെ വളർച്ചയെ സന്തോഷത്തോടെയും അഭിമാനത്തോടെയും നോക്കിക്കാണുമ്പോൾ പൂർണ്ണമായ സംതൃപ്തിയിലേക്ക് അതിനെ കൊണ്ട് ചെന്നെത്തിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ സംശയമുണ്ട്. എഴുപത്തിന്റെ നിറവിൽ മലയാളനാട് അത്തരമൊരു വിലയിരുത്തലിന് തയ്യാറാകണം.
1956 നവംബർ ഒന്നിന് ജന്മമെടുത്തത് മുതൽ അൽഭുതാവഹമായ മുന്നേറ്റങ്ങളും പുരോഗതിയും വളരെ വേഗത്തിൽ കൈവരിച്ചാണ് കേരളം ഇന്ന് കാണുന്ന രൂപത്തിൽ എത്തിച്ചേർന്നത്. ജാതിമത വർഗ്ഗ വർണ്ണ ചിന്തകളുടെയും വിവേചനങ്ങളുടെയും വേലിക്കെട്ടുകൾ തകർത്തെറിഞ്ഞു ജനാധിപത്യത്തിന്റെയും അവകാശ ബോധത്തിന്റെയും ധീരവും തലയെടുപ്പുള്ളതുമായ ജനസമൂഹത്തിന്റെ പ്രതീകമായി ലോകത്തിനു മുന്നിലും രാജ്യത്തിനു മുന്നിലും ഉയർന്നുനിൽക്കാൻ ഇക്കാലയളവിനിടയിൽ മലയാളത്തിന്റെ രാപ്പകൽ വ്യത്യാസമില്ലാതെയുള്ള അധ്വാനം കൊണ്ടും ഒരിടത്തും തോൽക്കാത്ത ആത്മവിശ്വാസം കൊണ്ടും സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും ക്ഷേമവും ഉൾപ്പെടെയുള്ള അത്യാവശ്യമായ കാര്യങ്ങളിലും സുപ്രധാനമായ മേഖലകളിലും ദക്ഷിണേന്ത്യയിലെ ഈ സംസ്ഥാനം പരിമിതികൾക്കിടയിലും നേടിയ നേട്ടങ്ങൾ വാക്കുകൾക്കതീതമാണ്. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും നവോത്ഥാന പ്രക്ഷോഭങ്ങളുടെയും ചോരയും വിയർപ്പും വീണ മണ്ണിൽ നിന്ന് വിരിഞ്ഞ ആത്മധൈര്യത്തിന്റെ കതിർക്കറ്റകളാണ് മലയാളത്തിന്റെ കരുത്ത്. ഐക്യ കേരളത്തിനായി ജീവത്യാഗം ചെയ്ത ഒട്ടനവധി മനുഷ്യരുടെ കൂടി ത്യാഗത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സകല നന്മകളും. ആ തിരിച്ചറിവ് പുതുക്കേണ്ട സന്ദർഭമാണ് പിറന്നാൾ ദിനം. ആത്മ പരിശോധന അനിവാര്യമായ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പലപ്പോഴായി ഞെട്ടിക്കുന്നതും ദുഖിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.അതിനാൽ തന്നെ പല ആവർത്തി മനുഷ്യ മനസ്സാക്ഷി നെഞ്ചിൽ കൈവെച്ച് ചോദിച്ചിട്ടുണ്ട് കേരളത്തിൽ എന്തുപറ്റിയെന്ന്? ആശങ്കയുടെ തറയിൽ നിന്നുകൊണ്ട് കേരളം എവിടെ എത്തിയിരിക്കുന്നു എന്നൊരു പരിശോധന നോക്കിയാൽ അടിമുടി മാറ്റത്തിന്റെ തിരുത്തൽ ഉണ്ടാകണമെന്നാണ് തെളിയുന്ന കാര്യം. മണ്ണടിഞ്ഞു പോയി എന്ന് നാം കരുതിയ ഇന്നലെകളുടെ ഇരുട്ടിൽ അണഞ്ഞുപോയ ജാതീയതയുടെയും വർഗീയതയുടെയും വിഷ വിത്തുകളും ആഭിചാര കൊലകളുടെയും ദുരഭിമാന കൊലകളുടെയും ചുടുരക്തവും കേരളത്തിൻറെ ഹൃദയത്തിൽ കട്ടപിടിച്ചു കിടക്കുകയാണ്. യാതൊരുവിധ വേർതിരിവുകളും ഇല്ലാതെ ഏകോദര സഹോദരന്മാരായ ജീവിക്കുന്ന നമുക്കിടയിലേക്ക് വസ്ത്രത്തിന്റെ പേരിൽ ഭക്ഷണത്തിൻറെ പേരിൽ ആഘോഷങ്ങളുടെ പേരിൽ വേർതിരിവുകൾ കൊണ്ടുവരാൻ അതിലൂടെ നമ്മുടെ സഹോദരി സഹോദരന്മാരിൽ നിന്ന് നമ്മെ ഭിന്നിപ്പിക്കാൻ നിഗൂഢമായ ഇടപെടൽ ഉണ്ടാകുന്നുണ്ടെന്ന് സത്യം മറച്ചു പിടിക്കാനാവില്ല. അത് അംഗീകരിച്ചു മാത്രമേ മുന്നോട്ടുപോകാൻ കഴിയും. അക്ഷരങ്ങൾ പകർന്നുനൽകി സ്നേഹത്തിന്റെയും അറിവിന്റെയും നവലോകം തുറന്നിടേണ്ട സ്കൂളുകൾ മതപരമായ വിഭജനത്തിന്റെ കേന്ദ്രങ്ങളായി മാറുകയാണ് എറണാകുളം ജില്ലയിൽ ഹിജാബ് ധരിച്ച് വന്നതിന്റെ പേരിൽ വിദ്യാർഥിക്ക് ക്ലാസ് മുറിക്ക് പുറത്തു നിൽക്കേണ്ടി വന്ന അവസ്ഥ എഴുപതാം പിറന്നാളിന്റെ നിറവിൽ നവോത്ഥാന കേരളത്തിന്റെ അപമാനക്ഷതമാണ്. മാറിയെന്ന് നാം അവകാശപ്പെടുമ്പോഴും ഇത്തരം വസ്തുതകളെ കണ്ടില്ലെന്ന് നടിച്ച് എത്രകാലം നമുക്ക് മൗനം ഭജിക്കും. ഇത് വല്ലാത്തൊരു കാലമായി മാറിയിരിക്കുന്നു. എന്തിനു വേണ്ടിയോ ആർക്കെങ്കിലും വേണ്ടിയോ അറിയാതെ മനസ്സിലാക്കാതെ എന്തും ചെയ്യാൻ തയ്യാറെടുത്തിരിക്കുന്ന മൃഗീയമായ മനസ്സിനുടമകളായി മനുഷ്യർ മാറുന്നുണ്ട്. അനിയന്ത്രിതമായ ലഹരി ഉപയോഗം ഈ നാടിന് ബാധിച്ചിരിക്കുന്ന മറ്റൊരു മഹാവിപത്താണ്. പ്രായഭേദമെന്യേ കുഞ്ഞുങ്ങളിലും യുവാക്കളിലും മുതിർന്നവരിലും ലഹരി വസ്തുക്കളുടെ ഉപയോഗം ചരിത്രത്തിലെ സർവ്വകാല റെക്കാഡിലേക്ക് നീങ്ങിയിരിക്കുകയാണ്. ക്ഷേത്രപ്രവേശന വിളംബരം നടന്ന മണ്ണാണ് കേരളം. എല്ലാവർക്കും ആരാധനാസ്വാതന്ത്ര്യം ഉറപ്പുവരുത്താൻ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. അവിടെയാണ് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെ പേരിൽ ബ്രാഹ്മണൻ അല്ലാത്തതിന്റെ പേരിൽ പഠിച്ച് നേടിയ തൊഴിൽ ചെയ്യാതെ ക്ഷേത്രത്തിന്റെ പടിക്ക് പുറത്തേക്ക് ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ശാന്തിക്കാരനായി നീതനായ ബാലുവിന് പോകേണ്ടി വന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അബ്രാഹ്മണരായവരെയും ശാന്തി പണിക്കാരായി നിയമ ഉത്തരവിനെതിരെ തന്ത്രി സമാജം ഹൈക്കോടതിയിൽ എതിർപ്പറയിച്ചതും നവോത്ഥാന കേരളത്തിലാണ്. പുരോഗമന ചിന്താഗതിയുടെ അംശം നിയമ രംഗത്തും ഉള്ളതുകൊണ്ട് ആ ഹർജി നിരുപാധികം തള്ളപ്പെട്ടു. എവിടെയാണ് നാം മാറിയത് എന്ന ചോദ്യം വീണ്ടും വീണ്ടും ചോദിക്കേണ്ടിയിരിക്കുന്നു. പുറമേ മാത്രം വെളുപ്പും അകമേ ഇരുട്ടുമായാണ് മലയാളി സമൂഹം ഇന്നും മുന്നോട്ടുപോകുന്നത്. എല്ലാത്തരം സങ്കുചിത ചിന്തകൾക്കും അടിമപ്പെട്ടിരിക്കുകയാണ് അവൻ. മാറാത്ത ഒന്നേയുള്ളൂ മനുഷ്യൻ എന്ന് ആരോ പറഞ്ഞത് എത്രയോ ശരിയാണെന്ന് പുതിയകാലം അടിവരയിടുന്നു. വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിൽ ഇന്നും പുറകിലല്ല കേരളം അത് അംഗീകരിക്കുന്നു. ഈ പുലരിയിൽ നമ്മെ കാത്തിരിക്കുന്ന വലിയ സന്തോഷങ്ങളിലൊന്നാണ് ഇന്ത്യയിലെ ആദ്യത്തെ അതി ദാരിദ്ര്യ വിമുക്ത സംസ്ഥാനമെന്ന ചരിത്രപരമായ പ്രഖ്യാപനം. പട്ടിണിയും മഹാമാരികളും മഹാപ്രളയങ്ങളും തീർത്ത പരിമിതിയുടെ മതിൽക്കെട്ടുകളും കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ പ്രതികാര ബുദ്ധിയോടെ നാടിനെ ബുദ്ധിമുട്ടിക്കുന്ന ഘട്ടത്തിലും ആണ് നാം അഭിമാന നേട്ടത്തിന്റെ നെറുകയിലേക്ക് നടന്നെടുക്കുന്നത്. അനാവശ്യമായ സമരങ്ങളും വിമർശനങ്ങളും കൊണ്ട് കേരളത്തിലേക്ക് വ്യാവസായിക ആശയങ്ങളുമായി കടന്നുവരുന്നവർ നിരാശയോടെ മടങ്ങാത്ത ഒരു കാലം കൂടിയാണിത്. പക്ഷേ അവിടെയും കേരളത്തിൻറെ മക്കൾ ഭാവി തലമുറ അറിവ് തേടിയും തൊഴിൽ തേടിയും നാടുവിട്ടു പോകുന്നത് കാണാതിരിക്കാനാവില്ല. ഗൗരവ പ്രാധാന്യത്തോടെ എത്രയും വേഗം ഇതിന് പരിഹാരം കാണാൻ നാടിന്റെ ഭരണ നേതൃത്വം ജനാധിപത്യ പ്രസ്ഥാനങ്ങളും തയ്യാറാകേണ്ടതുണ്ട്. ജനങ്ങൾക്ക് സ്വൈര്യമായി ജീവിക്കാനും നവ സ്വപ്നങ്ങൾ നെയ്യാനും നേടിയെടുക്കാനും കഴിയുന്ന നാടായി പരിപൂർണ്ണമായ രീതിയിൽ അടുത്ത പിറന്നാൾ ദിനത്തിന് മുൻപ് കേരളം സ്വയം പര്യാപ്തത കൈവരിക്കണം.

Highlights:TANINIRAM EDITORIAL TODAY

You may also like