സ്വതന്ത്ര ഭാരതം രൂപംകൊണ്ടതിനു ശേഷം നിരവധിയായ ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്യുകയും അസ്തമിക്കുകയും ചെയ്യുന്നതിന് ഇതിനിടയില്‍ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചരിത്രപരമായ സമരങ്ങളും ചെറുത്തുനില്‍പ്പുകളും ജനകീയ പ്രക്ഷോഭങ്ങളും ഇന്ത്യന്‍ രാഷ്ട്രീയം കാണുകയും കേള്‍ക്കുകയും അറിയുകയും മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുക്കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ് രാജ്യത്തിന്റെ ജനാധിപത്യമനസിന്റെ പ്രായം. അതിനിടയില്‍ ഒന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സമ്മേളനത്തില്‍ ഉണ്ടാകാത്ത മനുഷ്യനിര്‍മ്മിതമായ ആള്ക്കൂട്ടദുരന്തമാണ് തമിഴ്നാട് കരൂരില്‍ ഇന്നലെ രാത്രി ഉണ്ടായത്. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ സങ്കട കാഴ്ചകളാല്‍ കരൂര്‍ കാലത്തോളം രാജ്യത്തെ മുഴുവന്‍ ദുഃഖിപ്പിക്കുന്ന സംഭവമാണ്.
ആള്‍ക്കൂട്ടം ആരവങ്ങള്‍ ഇത് ജനതയ്ക്ക് പുതുമയുള്ള കാര്യമല്ല. ആള്‍ക്കൂട്ടത്തില്‍ ഒരാനപ്പൊക്കത്തോടെ തലയുയര്‍ത്തി നില്ക്കുന്ന നേതാക്കളിലേക്ക് താരങ്ങളിലേക്ക് കടലുപോലെ ജനം ആര്‍ത്തിരമ്പും. നമ്മുടെ തെരുവുകള്‍ക്ക് ഇത് പതിവ് കാഴ്ചയാണ്. എന്നാല്‍, കരൂരില്‍ തമിഴ് വെട്രി കഴകത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ നടന് വിജയയുടെ പര്യടനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള മുന്‍കരുതലുകളും പ്രചരണ നടപടികളും തികഞ്ഞ പരാജയമാണെന്ന് ഈ ദുരന്തം സാക്ഷ്യപ്പെടുത്തുന്നു. ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടായില്ല എന്നുള്ളത് പരമാര്‍ത്ഥമാണ്. രാഷ്ട്രീയ പ്രചരണം അല്ല അല്ലെങ്കില്‍ കരൂരില്‍ തടിച്ചു കൂടിയത് പ്രവര്‍ത്തകരുമല്ല. വിജയിയിലെ താരത്തോട് അടങ്ങാത്ത അഭിനിവേശവും ആരാധനയും ഉള്ള ആളുകളാണ് എങ്ങുനിന്നോ എന്നപോലെ ഒഴുകിയെത്തിയത്. സ്ത്രീകളും കുട്ടികളും വൃദ്ധരും യുവാക്കളമടക്കം എത്തിച്ചേര്‍ന്നവരെല്ലാം വിജയ് എന്ന വികാരത്തിലൂടെയാണ് താല്പര്യത്തോടെ വന്നണഞ്ഞത്.
സിനിമയിലേതു പോലെയല്ല റിയലായി എണ്ണിയാല്‍ ഉടങ്ങാത്ത ജനലക്ഷങ്ങളെ നിയന്ത്രിക്കേണ്ടത്. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് ഈ മൂന്നു വാക്കുകള്‍ക്കപ്പുറം മാത്രം ഇതെല്ലാം ചെയ്തു പരിചയമുള്ള ടി.വി.കെ സംസ്ഥാന അധ്യക്ഷന്‍ ഇടപെടലും അനാവശ്യമായ ആവേശ പ്രകടനങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. തന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും കാണാന്‍ കാത്തുനില്ക്കുകയും ചെയ്ത ജനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടും മിനിറ്റുകള്‍ക്കകം അവിടെനിന്ന് ഒളിച്ചോടുകയല്ല തമിഴ്നാടിന്റെ നേതാവായി മാറാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ചെയ്യേണ്ടിയിരുന്നത്. വാക്കു കൊണ്ടു പോലും ആശ്വസിപ്പിക്കാതെ സ്വയരക്ഷയെ മുന്‍നിര്‍ത്തി ഓടിയൊളിച്ച നിങ്ങള്‍ വെള്ളിത്തിരയിലെ സങ്കല്‍പ്പിക കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കുന്ന ഒരാള്‍ മാത്രമാണെന്ന് നിങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചവരുടെ മുന്നില്‍ തന്നെ തെളിയിച്ചതാണ് ദുരന്തമുഖത്ത് നില്‍ക്കുമ്പോഴും ആ പാവങ്ങളെ കൂടുതല്‍ വിഷമത്തിലാക്കിയിട്ടുണ്ടാവുക. അവര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി നല്കിയാല് നിങ്ങളുടെ ഉത്തരവാദിത്വം തീരുമോ. നഷ്ടപ്പെട്ട ജീവന് അനുഭവിക്കുന്ന പ്രാണ വേദനയ്ക്ക് അത് പകരമാകുമോ. ഒരിക്കലുമില്ലെന്ന് നിങ്ങള്‍ക്കും അറിയാം.
രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം നടന്ന വിക്രമാണ്ടിയില് നിന്ന് തന്നെ സംഘാടനത്തിലെ ഗുരുതരമായ പിഴവുകള്‍ പുറത്തുവന്നതാണ്. സര്‍ക്കാരും അനുബന്ധ സംവിധാനങ്ങളും കൃത്യമായ മുന്നറിയിപ്പുകള്‍ സൂചനകള്‍ നല്‍കിയിരുന്നു. കരൂര്‍ സമ്മേളനത്തിന് മുമ്പ് മദ്രാസ് ഹൈക്കോടതി ചോദിച്ചിരുന്നു പറഞ്ഞിരുന്നു എത്രപേര്‍ വരും അവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുമോ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടോ. എന്ത് സംഭവിച്ചാലും ഉത്തരവാദിത്വം ടി.വി.കെ രക്ഷയ്ക്കാണെന്നും. അതിനെയെല്ലാം ലാഘവ ബുദ്ധിയോടുകൂടി തള്ളിക്കളഞ്ഞ പരിണിതഫലമാണ് കരൂര്‍ ജനത അനുഭവിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ദ്രാവിഡ രാഷ്ട്രീയം അരങ്ങു വാഴുന്ന തമിഴകത്ത് സമീപകാലത്തായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങി കമല്ഹാസന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരാജയം അറിഞ്ഞ് ഇപ്പോള്‍ ഡി.എം.കെയുടെ ദാനമായി കിട്ടിയ രാജ്യസഭ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രജനികാന്ത് ഇറങ്ങാന്‍ തുടങ്ങിയെങ്കിലും പാതി വഴിയെ പിന്‍വാങ്ങിയിരുന്നു. അവിടെയാണ് പുതിയ മാറ്റത്തിന്റെ സൂചന നല്കി വിജയയ്ക്ക് ലഭിച്ച വമ്പന്‍ സ്വീകാര്യത.
ആദ്യം താരത്തിന്റെ ഷോ വര്‍ക്കായി മാത്രം കണ്ടിരുന്ന ഭരണമുന്നണി ഡി.എം.കെയും മുഖ്യമന്ത്രി സ്റ്റാലിനുമടക്കം ടി.വി.കെ മുന്നേറ്റത്തില്‍ അസ്വസ്ഥത പുണ്ടു. എന്നാല്‍ ദുരന്തത്തോടെ തുലാസിലായത് വിജയിയുടെയും ടി.വി.കെയുടെ വിജയിയുടെ രാഷ്ട്രീയ ഭാവി കൂടിയാണ്. അങ്ങേയറ്റം ഗൗരവതരമായ വിഷയത്തില്‍ സംസ്ഥാന ഇന്റലിജന്‍സിനും വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. പതിനായിരം പേര് മാത്രമേ പങ്കെടുക്കൂയെന്ന് സംഘാടകര്‍ അവകാശപ്പെട്ടാലും മുന്‍ കൂട്ടി ജനം വരുന്നത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആവശ്യമായ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത് അനാസ്ഥയായി ആ തെറ്റില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സംസ്ഥാന പൊലീസിന് കഴിയില്ല. 2025-ല്‍ തുടര്‍ച്ചയായ ഏട്ടാം ആള്‍ക്കുട്ട ദുരന്തമാണിത്. ജനുവരി 8ന് തിരുപ്പതി ക്ഷേത്രത്തിലെ ഏകാദശി യോടനുബന്ധിച്ചുള്ള ദര്‍ശനത്തിന് കൂപ്പണ്‍ കൈപ്പറ്റാന്‍ ഉണ്ടായ തിരക്ക് ആയിരുന്നു സംഭവത്തിന് കാരണമായത്.
പിന്നീടുണ്ടായ വലിയ ദുരന്തം ഐ.പി.എല്‍ കീരിട നേട്ടത്തില്‍ ബംഗ്ലൂര് ചിന്ന സ്വാമി സേഡിയത്തില്‍ നടന്ന ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുക്കാനായി തിക്കി തിരക്കിയവരില്‍ ശ്വാസം മുട്ടിയും അല്ലാതെയും മരണപ്പെട്ടവര്‍ 37ഉം നൂറിലേറെപ്പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. തുറന്നയിടങ്ങളിലും വലിയ മൈതാനങ്ങളിലും നടത്തപ്പെടുന്ന പരിപാടികള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതു പരിപാടികളുടെ മാനദണ്ഡങ്ങള്‍ കര്‍ശന നിയമനിര്‍മ്മാണം കൊണ്ടുവരണം. ഇല്ലെങ്കില്‍ മനുഷ്യ നിര്‍മ്മിത ആള്‍ക്കൂട്ട ദുരന്തങ്ങളുടെ തനിയവര്ത്തനത്തിന് നിസഹായരായ സാക്ഷിയാക്കേണ്ടി വരും. പ്രോട്ടോകോള്‍ വ്യക്തമായ പാലിക്കാന്‍ കഴിയുമെന്ന് കോവിഡ് തെളിയിച്ചവരാണ് ഭാരത ജനത. അന്ന് തെറ്റിച്ചവര്‍ക്ക് നല്കി ശിക്ഷയും പിഴയുമാണ് അതിനു കാരണം. നയിക്കുന്ന സംവിധാനങ്ങള്‍ കര്‍ശനമായി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ കാഠിന്യം പരമാവധി കുറയും. കാരൂര്‍ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിച്ചു വരട്ടെ…
Highlights: Taniniram editorial today 29.09.2025
ഇനിയും പാഠമാകാതെ ആള്‍ക്കൂട്ട ദുരന്തം
0