Saturday, December 6, 2025
E-Paper
Home Editorialചരിത്രപരം, പക്ഷേ, വെറും രാഷ്ട്രീയ വാഗ്വാദം മാത്രമായി

ചരിത്രപരം, പക്ഷേ, വെറും രാഷ്ട്രീയ വാഗ്വാദം മാത്രമായി

by news_desk
0 comments

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതിന്റെ രണ്ടാം പതിപ്പില്‍ ചരിത്രപരമായ മറ്റൊരു റെക്കോര്‍ഡ് കൂടി രചിക്കപ്പെട്ടിരിക്കുകയാണ്. കേരള നിയമസഭയുടെ ഇതുവരെയുള്ള അധ്യായങ്ങളില്‍ പ്രത്യേകിച്ച് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ ചര്‍ച്ചക്കെടുക്കുകയും വിജയകരമായി ചര്‍ച്ച പൂര്‍ത്തിയാക്കുകയും ചെയ്തതിന്റെ റെക്കോര്‍ഡ് ആണ് ഉണ്ടായിരിക്കുന്നത്. ജനാധിപത്യ കേരളത്തിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ ആണ് ഈ നേട്ടം. ഭരണപക്ഷമെന്നും പ്രതിപക്ഷം എന്നും വേര്‍തിരിഞ്ഞു നില്‍ക്കുമ്പോഴും വിഷയാധിഷ്ഠിതമായ ആശയ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ കാതല്‍. തുറന്ന സംവാദങ്ങള്‍ രാഷ്ട്രീയത്തിന്റെ ചാരുത വര്‍ധിപ്പിക്കുന്നു. പതിനാലാം സമ്മേളനത്തിന്റെ തുടക്കം മുതല്‍ ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയകേരളം ഒന്നാകെ നിയമസഭയിലേക്ക് കണ്‍പാര്‍ത്തിരുന്നത്. കസ്റ്റഡി മര്‍ദ്ദനത്തില്‍ തുടങ്ങിയ ഒന്നാം അടിയന്തര പ്രമേയ ചര്‍ച്ച അമീബ മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ടു രണ്ടാം രണ്ടാം അടിയന്തര പ്രമേയവും ഇന്നലെ വിലക്കയറ്റവും ആയി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയവും നീണ്ട നിന്ന് ചര്‍ച്ചകളില്‍ ഭരണ പ്രതിപക്ഷ എല്ലാത്തരം വാദമുഖങ്ങളും നിരത്തി സംസാരിച്ചു എങ്കിലും,യഥാര്‍ഥ വിജയത്തിലേക്ക് ഈ ചര്‍ച്ചകള്‍ എല്ലാം എത്തിച്ചേര്‍ന്നോ എന്ന് കൂടി പരിശോധിക്കണം. രാഷ്ട്രീയപരമായ വാദ പ്രതിവാദങ്ങള്‍ ആശയസംവാദങ്ങള്‍ മാത്രം നടക്കേണ്ട ഇടം അല്ലല്ലോ കേരളത്തിന്റെ നിയമസഭ. ജന താത്പര്യത്തെ മുന്‍നിര്‍ത്തിയുള്ള അവരുടെ തന്നെ ക്ഷേമത്തിനും അഭിവൃദ്ധിയ്ക്കും കാരണമാകുന്ന നിയമനിര്‍മ്മാണങ്ങള്‍ കൂടി നടക്കേണ്ട ഇടമാണ് നിയമസഭ. ശക്തമായ ഭരണപക്ഷം എന്നതില്‍ ഒപ്പം തന്നെ പ്രതിപക്ഷത്തിനും തത്തുല്യമായ പങ്കു തന്നെയാണുള്ളത്. എന്നാല്‍,പിന്നിട്ട മൂന്ന് അടിയന്തര പ്രമേയ ചര്‍ച്ചകളും വെറും രാഷ്ട്രീയ പ്രസംഗങ്ങളായി പോയി എന്നുള്ളതാണ് വസ്തുത. അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കുമ്പോള്‍ ആ വിഷയത്തെ സംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും പങ്കുവെക്കുന്ന അഭിപ്രായങ്ങളില്‍ നിന്ന് ആ ഗൗരവത്തെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള നയപരവും ഗുണപരവുമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നുള്ള പ്രത്യാശയ്ക്ക് ഈ മൂന്ന് ചര്‍ച്ചകളും വിഘാതമാണ് സൃഷ്ടിച്ചത്. നിയമസഭാ ഒരു തുറന്ന ഇടമാണ് അവിടെ രാഷ്ട്രീയപരമായ വേര്‍തിരിവുകള്‍ സാങ്കേതികത്വം മാത്രമാണ്. സംസ്ഥാനത്തിന്റെ വികാരവിചാരങ്ങളാണ് അവിടെ നയിക്കേണ്ടതും പറയേണ്ടതും പറയിപ്പിക്കപ്പെടേണ്ടതും. അല്ലാതെ വെറും കവല പ്രസംഗങ്ങള്‍ മാത്രമായി അടിയന്തരപ്രമേയ ചര്‍ച്ചകള്‍ തരംതാണു പോയാല്‍ അത് ജനാധിപത്യത്തിന് തന്നെ കേരളത്തിനും അപമാനകരമാണ്. രണ്ടാം അടിയന്തരപ്രമേയമായ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ പ്രമേയാവതാരകനില്‍ നിന്നും വനിതാ മന്ത്രിക്ക് നേരെയുണ്ടായ പരാമര്‍ശം അംഗീകരിക്കാവുന്നതല്ല. ഭരണപക്ഷത്ത് നിന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് ആ അനവസര പ്രയോഗത്തെ അനുകൂലിക്കുകയാണ് ചെയ്തത്. ശക്തമായി ഇടപെട്ട് തിരുത്തിക്കേണ്ടത് സ്പീക്കറായിരുന്നു. അതുണ്ടായില്ല എന്നത് സഭക്ക് അപമാനകരമാണ്. മൂന്ന് അടിയന്തര പ്രമേയങ്ങളുടെ ചര്‍ച്ചയും കേരളം കണ്ടു. അതില്‍നിന്ന് വ്യക്തമായ കാര്യങ്ങളില്‍ ഒന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഉയര്‍ത്തിപ്പിടിച്ചത് അവരവരുടേതായ കക്ഷിരാഷ്ട്രീയം മാത്രമാണ്. ചര്‍ച്ചകളിലൂടെ ഉണ്ടാവേണ്ടത് നല്ലൊരു റിസള്‍ട്ട് ആണ്. കേള്‍വിക്കാരായ ജനങ്ങള്‍ അത് പ്രതീക്ഷിക്കുന്നുണ്ട്. ഉജ്ജ്വലമായ ഇടപെടലുകളിലൂടെ നാടിന്റെ തന്നെ ഗതി നിര്‍ണയിക്കുന്ന മുന്നേറ്റങ്ങള്‍ക്കും തിരുത്തലുകള്‍ക്കും നന്ദി കുറിച്ചിട്ടുള്ള നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചകള്‍ ബില്ലുകള്‍ അതെല്ലാം മുന്‍നിര്‍ത്തിക്കൊണ്ടു തന്നെയാണ് ഇത്തരത്തില്‍ ഒരു അഭിപ്രായം പങ്കുവെക്കുന്നത്. ഭരണപക്ഷത്തിന് നേര്‍ക്ക് പ്രതിപക്ഷം രോഷം ഉന്നയിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഉന്നയിക്കുന്നതായിട്ടുള്ള ആരോപണങ്ങളെ സംബന്ധിച്ച് വ്യക്തതയും ആധികാരികതയും പറയുന്ന വ്യക്തിക്കും അതിനെ പ്രചരിപ്പിക്കുന്ന വിഭാഗത്തിനും ഉണ്ടായിരിക്കണം. വിഷയാധിഷ്ഠിതമായി സംസാരിക്കാനാണ് നിയമസഭയിലെ സാമാജികര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ചര്‍ച്ചകള്‍ കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് പിന്നിട്ട 3 പ്രമേയ ചര്‍ച്ചകളെയും വിലയിരുത്തുമ്പോള്‍. തുടങ്ങുന്നത് ഒരിടത്ത് അവസാനിക്കുന്നത് വേറെ ഏതോ ഒരിടത്ത് എന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. വിഷയത്തില്‍ നിന്നുകൊണ്ട് സംസാരിക്കുകയും അതില്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായങ്ങള്‍ ഫ്‌ലോറില്‍ ഉന്നയിക്കപ്പെടുകയും നല്ലതും അംഗീകരിക്കാവുന്നതുമായവ സ്വീകരിച്ച് തിരുത്തപ്പെടുമ്പോള്‍ മാത്രമേ നിയമസഭാ പ്രവര്‍ത്തനം ഗുണകരമാണെന്ന് വിലയിരുത്താന്‍ കഴിയും. പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ഉന്നയിക്കും അതിനെ അതേ നാണയത്തില്‍ നേരിടുന്നതിനു പകരം അക്കാദമിക്കായി സംസാരിക്കാന്‍ ആണ് ഭരണപക്ഷം ശ്രമിക്കേണ്ടത്. തീര്‍ച്ചയായും ഇതേ നിലപാട് പ്രതിപക്ഷവും കൈക്കൊള്ളേണ്ടതായിരുന്നു. ഓരോ നിയമസഭാ സമ്മേളനങ്ങളും വരുന്ന കാലത്തിന്റെ ദിശാസൂചികയാണ് നിര്‍ണയിക്കേണ്ടത്. മുന്നിലേക്ക് നടക്കാനാണ് നാടിനെ നയിക്കേണ്ടത് പിന്നോട്ട് അടിക്കാന്‍ അല്ല.

Highlights: Taniniram Editorial Today 19.09.2025

You may also like