Saturday, December 6, 2025
E-Paper
Home Editorialകടിഞ്ഞൂൽ പ്രസവത്തിനു വന്ന മകൾ 10 പെറ്റ അമ്മയെ ഉപദേശിക്കാൻ നിൽക്കരുത്

കടിഞ്ഞൂൽ പ്രസവത്തിനു വന്ന മകൾ 10 പെറ്റ അമ്മയെ ഉപദേശിക്കാൻ നിൽക്കരുത്

by news_desk
0 comments

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മനുഷ്യരക്തം കൊണ്ട് എഴുതിയ ചരിത്രമാണ് അവകാശപ്പെടാനുള്ളത്. ഉണ്ണാനും ഉടുക്കാനും ഇല്ലാതെ പാടത്തും പറമ്പിലും ജന്മിത്വത്തിന്റെ അഹന്തക്കു മുന്നിൽ മുട്ടുമടക്കി നിൽക്കേണ്ടി വന്നിരുന്ന ജനസമൂഹത്തെ അവകാശ ബോധമുള്ളവരാക്കി മാറ്റിയ പ്രസ്ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി. പുരാണങ്ങളിലെയും ഐതിഹ്യ കഥകളിലെയും പരാമർശിക്കപ്പെടുന്നവരേക്കാൾ സാധാരണ ജനത ദൈവതുല്യമായ ആരാധനയോടുകൂടി കണ്ടിരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കളെയാണ്. സംസ്ഥാനത്തിന്റെ സമര ചരിത്രത്തിൽ നാഴികക്കലാകുന്ന സമാനതകളില്ലാത്ത സമരങ്ങൾക്കും പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ള ആവേശം പകർന്നിട്ടുള്ള മണ്ണാണ് ആലപ്പുഴ.

എണ്ണമറ്റ ധീര സഖാക്കൾ ജന്മമെടുത്ത മണ്ണ്. വലിയ ചുടു കാടിന്റെ മണലിൽ അന്ത്യവിശ്രമം കൊള്ളുന്ന തുടിക്കുന്ന യുവരക്തങ്ങൾ നിറഞ്ഞ മണ്ണ്. അവിടെയാണ് ഒരുകാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തിൽ സമുന്നതരായ പാർട്ടി നേതാക്കൾ തമ്മിലുള്ള പരസ്പരമുള്ള വിഴുപ്പലക്കൽ അപമാനകരമാണ്. ജി സുധാകരൻ ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ മുഖമാണ്. സംശുദ്ധമായ പൊതുപ്രവർത്തനത്തിലൂടെ അഴിമതിയുടെ കറ പുരളാതെ ഇന്നാൾ വരെ ആദർശാധിഷ്ഠിതമായ രാഷ്ട്രീയ പൊതുജീവിതം മുന്നോട്ടു നയിച്ചുകൊണ്ട് പോകുന്ന വ്യക്തി. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ. അയാളിലെ കമ്മ്യൂണിസ്റ്റുകാരനെ, സഖാവിനെ പലകാലങ്ങളിൽ പല രീതികളിലായി സൈബർ വെട്ടുകളി കൂട്ടങ്ങൾ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നുണ്ട്. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സുധാകരനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ട് മാധ്യമങ്ങളിൽ വന്നത് ഈ ഗൂഢാലോചനയുടെ കൂടി ഭാഗമാണ്. സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണം അതിനെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണമെന്നാണ് ആലപ്പുഴയിൽ നിന്നുള്ള മറ്റൊരു ഉന്നത നേതാവ് കൂടിയായ മന്ത്രി സജി ചെറിയാൻ പറയുന്നത്. കടിഞ്ഞൂൽ പ്രസവത്തിനു വന്ന മകൾ 10 പെറ്റ അമ്മയെ ഉപദേശിക്കുന്നത് പോലെയുണ്ട് സജി ചെറിയാന്റെ വാക്കുകൾ. 10 വർഷത്തെ തുടർ ഭരണകാലയളവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തിന് പലതരം ജീർണ്ണതകളും അഹന്തങ്ങളും അഹങ്കാരങ്ങളും വന്നു മൂടിയിട്ടുണ്ട്. വന്നവഴി മറന്നുകൊണ്ട് ഇന്ന് പുത്തൻ കൂറ്റ് സഖാക്കൾക്ക് നീണ്ട് നിവർന്നിരിക്കാൻ ഇടമൊരുക്കിത്തന്ന ഇന്നലെകളിലെ സഖാക്കളെ നേതാക്കളെ പരസ്യമായി എതിർക്കാനും തോൽപ്പിക്കാനും ഇറങ്ങിപ്പുറപ്പെടുന്നവർ തിരിച്ചറിയണം ഇന്നലകളിൽ അവർക്കൊണ്ട വെയിലാണ് നിങ്ങൾ അനുഭവിക്കുന്ന തണൽ എന്ന്. അത്തരം ആളുകൾക്ക് ജി സുധാകരൻ നൽകിയ മറുപടി പ്രസക്തമാണ്. ഞാൻ പാർട്ടിയോട് ചേർന്നല്ല പാർട്ടിക്കുള്ളിൽ ആണ് പോകുന്നത് എന്നിട്ടും എന്നോട് പാർട്ടിയോട് ചേർന്ന് പ്രവർത്തിക്കാൻ പറഞ്ഞാൽ അവർക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. ഇടതുപക്ഷം ഒരിക്കലും കാലഹരണപ്പെട്ടുകൂടാത്ത ആശയമാണ് പ്രസ്ഥാനമാണ്. സംസ്ഥാന രാഷ്ട്രീയത്തിന് മറന്നുകൂടാത്ത രണ്ട് പോർവിളികൾ ഇതിനു മുന്നിൽ ഉണ്ടായിരുന്നു. വി.എസും പിണറായിയും രൂക്ഷമായി പ്രതികരിക്കുന്ന രണ്ട് പേർ, മാധ്യമ സിൻഡിക്കേറ്റുകൾ പടച്ചുവിട്ട കഥകളുടെ എരിവുകൾ മാത്രമല്ല. പരോക്ഷമായും പ്രത്യക്ഷമായും വിമർശനമുയർത്തിയിട്ടുണ്ട്. പക്ഷേ, ആ വിമർശനമുയർത്തുമ്പോഴും അവർ തന്നെ ഒതുക്കിയിട്ട പാർട്ടിയെന്ന അതിർവരമ്പുണ്ടായിരുന്നു. അതിനപ്പുറം അവർ കടന്നിരുന്നില്ല. അവരെ അടിമുടി നയിച്ചിരുന്നത് പാർട്ടി എന്ന വികാരമായിരുന്നു. ആ മാതൃക കാലാന്തരത്തിൽ പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടു തുടങ്ങിയെന്നു വേണം ഇപ്പോഴത്തെ ചെളിവാരിയെറിയൽ കാണുമ്പോൾ. ഇടതുപക്ഷം ശിഥിലമായാൽ അടിസ്ഥാന ജനവിഭാഗത്തിന്റെ അത്താണിയാണ് നഷ്ടപ്പെടുന്നത്. ഇപ്പോഴും ഏതു പ്രതിസന്ധി ഘട്ടത്തിലും പ്രതീക്ഷയോടുകൂടി ജനങ്ങൾ നോക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയിക്കിലേക്കാണ്. രാഷ്ട്രീയപരമായ തോൽവികളുടെ പേരിൽ ഇടതുപക്ഷത്തിന് അപചയം ഉണ്ടായിട്ടുണ്ട്. ആ ഘട്ടത്തിലും ഇടനില തിരിച്ചുവരവാണ് ഇന്ത്യൻ രാഷ്ട്രീയം ആഗ്രഹിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ മുന്നണികളുടെ ഐക്യം അനിവാര്യമാണെന്ന് തോന്നിയ ഘട്ടത്തിൽ ഇടതുപക്ഷത്തിന്റെ നേതാവായിരുന്ന സീതാറാം യെച്ചൂരിയാണ് രാജ്യത്തിനായി ജനങ്ങൾക്കായി ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിന് മുൻകൈയെടുത്തത്. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യ മതേതര മൂല്യങ്ങളും സംരക്ഷിക്കാൻ ഇന്നും പ്രവർത്തിക്കാനും പ്രതികരിക്കാനും കഴിയുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. വർഗീയതയിൽ നിന്ന് കേരളത്തെ കോട്ട കെട്ടി കാക്കുന്നതിന്റെ അംഗീകാരം കൂടിയായിട്ടാണ് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിന് തുടർഭരണം ജനതാ തുല്യം ചാർത്തി നൽകിയത്. അവർക്ക് മുന്നിലാണ് ഇനിയും ഒരുപാട് കാലങ്ങൾ പോകാൻ ഉള്ളപ്പോഴാണ് പരസ്പരമുള്ള ഈ വിഴുപ്പലക്കൽ. മുതിർന്ന നേതാവെന്ന പരിഗണന ജി.സുധാകരന് നൽകേണ്ടത് ഔദാര്യമല്ല, അത് അദ്ദേഹത്തിന്റെ അവകാശമാണ്. പാർട്ടിയെന്നത് താൻ കൂടി നടന്ന വഴികളിലൂടെയാണെന്നത് ജി.സുധാകരനും മറന്നു കൂട. മുതിർന്ന നേതാവിന്റെ പക്വതയും പാകതയും പിൻമുറക്കാർക്ക് പകർന്ന് നൽകേണ്ടതുണ്ട്. അത് ഉത്തരവാദിത്തമാണ്. ഗ്രൂപ്പ് പോരിൽ സമൂഹമാധ്യമത്തിൽ മുതിർന്ന നേതാവിനെ അധിക്ഷേപിക്കുന്ന പുത്തൻകൂറ്റുകാർ ഏറെ പഠിക്കാനുണ്ട് സുധാകരനിൽ നിന്നെന്നും ഓർക്കാതെ പോകരുത്. തിരുത്തലുകളുടെ കാലമാണല്ലോ ഇനിയും അവസരമുണ്ട്.

Highlights: Taniniram Editorial Today 17-10-2025

You may also like