ഭരണഘടന നിലവില്‍ വന്ന നാള്‍ മുതല്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രധാരണത്തിനും ആരാധനാസ്വാതന്ത്ര്യത്തിനും അവകാശ അധികാരങ്ങള്‍ തുല്യം ചാര്‍ത്തി നല്‍കിയിട്ടുണ്ട്. അതിനെയെല്ലാം കൃത്യമായി രീതിയില്‍ പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പരിശോധനകളും നടത്തുകയും അവ ലംഘിക്കപ്പെടുന്ന ഘട്ടത്തില്‍ വ്യക്തമായ ഇടപെടലുകളുമായി ഭരണസംവിധാനങ്ങള്‍ അത്തരം സാഹചര്യങ്ങള്‍ തെറ്റായ സമ്പ്രദായങ്ങളിലേക്കോ അവസരങ്ങളിലേക്കോ വഴി മാറി പോകാതിരിക്കാന്‍ വേണ്ടിയിട്ടുള്ള ജാഗരൂകമായ കരുതല്‍ പുലര്‍ത്തി പോരാറുണ്ട്. ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് പുറത്തു നിര്‍ത്തിയ കൊച്ചി പള്ളാംതുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന്റെ നടപടി ശരിയല്ല. സങ്കുചിതമായ നിയമാവലികള്‍ കൊണ്ട് വിദ്യാര്‍ഥികളുടെയും സമൂഹത്തിന്റെയും മനസ്സില്‍ ഉണ്ടാക്കാവുന്ന മുറിവുകള്‍ക്ക് ആയുധം കൈമാറുന്ന ഇടങ്ങളായി മാറരുത് വിദ്യാലയങ്ങള്‍. സമത്വത്തിന്റെയും നീതിയുടെയും തുല്യതയുടെയും സഹോദരത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങള്‍ വായിച്ചും എഴുതിയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ട ഇടങ്ങളാണ് വിദ്യാലയങ്ങള്‍. അത്തരം പവിത്രമായ പ്രസ്ഥാനങ്ങളില്‍ അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെക്കുക. ചെറുതും വലുതുമായ മനുഷ്യര്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തുന്ന അത് നിഷേധിക്കപ്പെടുന്ന ഘട്ടത്തില്‍ സംയുക്തമായി പോരാടി നേടിക്കൊടുക്കുന്ന മനുഷ്യ പക്ഷത്തിന്റെ രാഷ്ട്രീയമാണ് നമ്മുടെ രാജ്യത്തിന്റെ ആത്മാവില്‍ കുടികൊള്ളുന്നത്. അങ്ങനെയിരിക്ക ശിരോവസ്ത്രം ധരിച്ച് പഠനം നടത്താന്‍ വന്ന വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തിയ നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാന്‍ ആവില്ല. വലിയവര്‍ക്ക് എന്നപോലെതന്നെ കുട്ടികള്‍ക്കും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും ഭരണഘടന അനുവാദം നല്‍കിയിട്ടുണ്ട്. ഏകീകൃത യൂണിഫോം സംബന്ധിച്ച് ഇന്നലെകളില്‍ ഉണ്ടായ വിവാദങ്ങളും വാദ പ്രതിവാദങ്ങളും കെട്ടടങ്ങിയിട്ട് ഏതാനും കാലങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. വസ്ത്രത്തിന്റെ പേരില്‍ കഴിക്കുന്ന ആഹാരത്തിന്റെ പേരില്‍ വിഭജനം നേരിടുന്ന വല്ലാത്തൊരു കാലത്തിലൂടെ യാത്ര ചെയ്യുന്ന രാജ്യത്ത് എല്ലാവരെയും സമന്മാരായി കണ്ട് ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളത്തില്‍ ഏകാധിപത്യ ശൈലിയിലുള്ള നിയമങ്ങളും നിയമാവലികളും വിദ്യാലയങ്ങളില്‍ ആണെങ്കിലും പൊതു ഇടങ്ങളിലായാലും ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. വിഷയത്തില്‍ സംസ്ഥാന വിദ്യഭ്യാസ വകുപ്പും സര്‍ക്കാരും കൈക്കൊണ്ട നിലപാട് അഭിനന്ദനാര്‍ഹമാണ്. സ്‌കൂളില്‍ വര്‍ഗീയത കൊണ്ടുവരാതിരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതിന് പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും ആണ് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഉള്‍പ്പെടുന്നവര്‍ ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ടത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ രണ്ടുദിവസം അടച്ചിട്ടത് തന്നെ തെറ്റായ നടപടിയാണ്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. യാതൊരുവിധ ന്യായവാദങ്ങള്‍ കൊണ്ടും അംഗീകരിക്കാനാവുന്നതല്ല. ശിരോവസ്ത്രം ധരിച്ച് ആ വിദ്യാര്‍ഥി സ്‌കൂളില്‍ എത്തില്ല എന്ന് ഉറപ്പില്‍ മേലാണ് അധികൃതര്‍ ബുധനാഴ്ച്ച തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറായത് എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടായ ആശങ്ക സമാനതകള്‍ ഇല്ലാത്തതാണ്.പുരോഗമനം എന്നുള്ളത് വെറും വാക്ക് മാത്രമാണ് പ്രവര്‍ത്തിയോടടുക്കുമ്പോള്‍ നമ്മളിന്നും സ്വാഗതമായ സംസ്‌കാരത്തിന്റെയും രീതികളുടെയും മുറ്റത്ത് തന്നെയാണ് നില്‍പ്പ്. ആ വിദ്യാര്‍ഥിക്ക് ശിരോവസ്ത്രം ധരിച്ച് വിദ്യാഭ്യാസം നടത്താനുള്ള അവസരവും സാഹചര്യവും വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ഒരുമിച്ച് നിന്ന് നടത്തി കൊടുക്കണം. എതിര്‍ത്തു നില്‍ക്കുന്ന മാനേജ്‌മെന്റ് കര്‍ശനമായ ഭാഷയില്‍ തന്നെ പറയണം ഈ തോന്നിവാസം അനുവദിക്കാനാകില്ലെന്ന്.
Highlights: TANINIRAM EDITORIAL TODAY 16.10.2025
വിദ്യാലയങ്ങളില്‍ ഭിന്നത വളര്‍ത്തരുത്
0