Saturday, December 6, 2025
E-Paper
Home Editorialഅബിൻ ഉയർത്തിയ ചോദ്യം കാണാതിരിക്കാനാവില്ല

അബിൻ ഉയർത്തിയ ചോദ്യം കാണാതിരിക്കാനാവില്ല

by news_desk
0 comments


മാസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും  ആശങ്കകൾക്കും ഗ്രാമ വിട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡണ്ടായി തൃശൂർ സ്വദേശി ഓ.ജെ ജനേഷിനെ ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിലെ പതിവ് തർക്കവും ഉയർന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആദ്യ പരിഗണനയുണ്ടായിരുന്ന അബിൻവർക്കി മുന്നോട്ട് വെച്ച വാക്ക് അങ്ങനെ ചിരിച്ചു തള്ളേണ്ടതല്ല. ഞാൻ കൃസ്ത്യാനിയായതു കൊണ്ടാണോ?. ഈ ചോദ്യം ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാവുന്നതും അതു കൊണ്ടാണ്. ഗ്രൂപ്പുകൾക്കൊപ്പം ഇപ്പോൾ മതം കൂടി കയറി വരുന്നുവെന്നത് അപകടകരമാണ്. ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും നോമിനികളായി ബിനു ചുള്ളിയിൽ, അബിൻ വർക്കി, കെ.എം അഭിജിത്ത് തുടങ്ങി കേരളത്തിന് ചിര പരിചിതമായ യുവ മുഖങ്ങൾക്കൊപ്പം തന്നെയാണ് ജനീഷും പരിഗണന പട്ടികയിൽ ഇടം നേടിയത്. യൂത്ത് കോൺഗ്രസിന് സംസ്ഥാന കമ്മിറ്റി നിലവിൽ വന്നിട്ട് രണ്ടു വർഷക്കാലം പൂർത്തിയാകുന്നതേയുള്ളൂ, അതിനിടയിൽ ഇന്നോളം സംസ്ഥാന യൂത്ത് കോൺഗ്രസിന് തന്നെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്തത്ര വിവാദപരമായ വിഷയത്തിന്റെ പുറത്ത് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ച ഒഴിവിലേക്കാണ് പുതിയ പ്രസിഡണ്ടായി ഓ.ജെ ജനീഷ് വരുന്നത്. കോൺഗ്രസിനെ അടിമുടി നയിക്കുന്നത് ആശയങ്ങളെക്കാൾ ഉപരി ഗ്രൂപ്പാണ്. അന്നത്തെ ദൈനംദിന ദിവസങ്ങളെ നിയന്ത്രിക്കുന്ന അധികാരശക്തി ആരാണോ അവരെ ചുറ്റിപ്പറ്റിയാണ് കോൺഗ്രസിന്റെ സമകാലിക ഗ്രൂപ്പ് രാഷ്ട്രീയം മുന്നോട്ടുപോകുന്നത്. കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും സീനിയർ പാർലമെൻ്ററിയനും എ.ഐ.സി.സിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാലിൻ്റെ പേരിലുള്ള കെ.സി ഗ്രൂപ്പാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശക്തി ദുർഗമായി ഇപ്പോൾ പ്രവർത്തിക്കുന്നത്. സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടും  ചരിത്രത്തിൽ ആദ്യമായി വന്ന വർക്കിംഗ് പ്രസിഡണ്ടും ഈ ഗ്രൂപ്പിന്റെ പ്രതിനിധികളാണ്. അംഗീകരിച്ചാലും ഇല്ലെങ്കിലും കെ.സി വേണുഗോപാലിന്റെ അനുഗ്രഹങ്ങളോടുകൂടിയാണ് സംസ്ഥാനത്ത് ഈ ഗ്രൂപ്പ് പ്രവർത്തിക്കുന്നതെന്ന് വ്യക്തം. കോൺഗ്രസിനെ നശിപ്പിക്കുന്നതും വളർത്തുന്നതും ഗ്രൂപ്പ് ആണെന്ന് പറഞ്ഞ കലഹിച്ച് ഇറങ്ങിപ്പോരുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾ ഉണ്ട് എ.കെ ആന്റണിയും വി.എം സുധീരനും ആ രീതിയുടെ വക്താക്കളായിരുന്നു. പക്ഷേ പിന്നീട് കേരളത്തിൽ എ.കെ ആന്റണിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് അറിയപ്പെടാൻ തുടങ്ങിയപ്പോൾ ആൻറണിയുടെ ആദർശം വെറും പാഴ്വാക്കാണെന്ന് ബോധ്യപ്പെട്ടു. കാലാന്തരത്തിൽ എ ഗ്രൂപ്പിൻ്റെ തന്നെ ഭാഗമായിരുന്ന  സുധീരൻ ഗ്രൂപ്പ് രാഷ്ട്രീയത്തിനോട് വിടചൊല്ലി ഒറ്റയാൾ പോരാട്ടം ആണ് നടത്തിയത്. പിന്നീട് കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്നും ലക്ഷ്യമിട്ട കാര്യങ്ങൾ പൂർത്തിയാക്കാൻ ആവാതെ പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവാതെ വി.എം സുധീരന് കോൺഗ്രസിന്റെ നേതൃസ്ഥാന മൊഴിയേണ്ടി വന്നതും ചരിത്രത്തിലെ തന്നെ മറ്റൊരു വൈരുദ്ധ്യം ആയിരിക്കാം. എല്ലാ രീതിയിലും കോൺഗ്രസിനെ തിരുത്തുകയും നയിക്കുകയും ചെയ്ത പ്രസ്ഥാനമാണ് യൂത്ത് കോൺഗ്രസ് കേരള ഘടകം. ഇപ്പോൾ അതിന്റെ നേതൃസ്ഥാനത്തേക്ക് ഗ്രൂപ്പുകൾ തമ്മിലുള്ള പോര് ശക്തമാണ്. ഗ്രൂപ്പ് മാനേജർമാരുടെ പിന്തുണയില്ലാതെ യൂത്ത് കോൺഗ്രസിന്റെ നിയോജകമണ്ഡലം ഭാരവാഹിത്വത്തിലേക്ക് മണ്ഡലം ഭാരവാഹിത്വത്തിലേക്ക് എത്താൻ കഴിയാത്ത വിധം പരിവർത്തനാകിത ചക്രം  ആലേഖനം ചെയ്ത പതാകയ്ക്ക് കീഴിലുള്ള പ്രവർത്തകന്റെ സാധ്യതകൾ മങ്ങി തുടങ്ങിയിരുന്നു. ദേശീയ സംസ്ഥാന രാഷ്ട്രീയത്തിന്റെ നയപരമായ കാര്യങ്ങളെ പോലും നിർണയിക്കുന്നതിലും അഭിപ്രായപ്രകടനങ്ങൾ അത്തരം വിഷയങ്ങളിൽ നടത്തുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പുകൾ. ഇന്ദിരാഗാന്ധി കൊണ്ടുവന്ന ബാങ്ക് ദേശസാൽക്കരണം എന്ന മഹത്തായ ആശയം യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പാലക്കാട് നടന്ന ക്യാമ്പിലാണ് ആദ്യമായി പ്രമേയമായി അവതരിപ്പിക്കപ്പെട്ടത്. ചിന്തിക്കുകയും പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന കേരള യുവതയുടെ പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. അതോടൊപ്പം തന്നെ,നവ നേതൃത്വം കീഴിലെ ആകാശത്തും രൂപപ്പെട്ടിരിക്കുന്ന കറുത്ത കാർമേഘങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ ആവില്ല. അധ്യക്ഷ സ്ഥാനം പ്രഖ്യാപിക്കപ്പെട്ട 24 മണിക്കൂർ പൂർത്തിയാകുന്നതിനു മുൻപ് താൻ ക്രിസ്ത്യാനി ആയതുകൊണ്ടാണോ തടയപ്പെട്ടതെന്ന് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് വാങ്ങി സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെയും കെ സുധാകരൻ്റെയും  നേതൃത്വത്തിലുള്ള പരമ്പരാഗത ഐ ഗ്രൂപ്പ് നിർദ്ദേശിച്ചിരുന്ന അബിൻ വർക്കി തുറന്നടിക്കുമ്പോൾ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതേതരത്വം എന്ന ആശയം പൊള്ളയാണോ എന്ന് സംശയം പൊതുജനങ്ങൾക്കിടയിൽ തന്നെയുണ്ട്. ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ പാർട്ടിയിൽ സ്ഥാനമാനങ്ങൾ വീതം നടക്കുന്നുണ്ടെന്ന് പകലുപോലെ വ്യക്തമാണ്. പ്രതിസന്ധി കാലഘട്ടത്തിലും ആ പതിവ് നടപ്പ് രീതികൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല എന്നും താൻ അതിന്റെ ഇരയാണെന്നും ആണ് അബിൻ വർക്കി പറയാതെ പറയുന്നത്. രാഷ്ട്രീയത്തിൽ കഴിവിനേക്കാൾ പ്രധാനം ചില സമയത്ത് കഴിവുകേടുകൾക്കാണെന്ന് തോന്നിപ്പോകുന്നു. അറിയുന്നത് പറയരുത് അറിയാത്തത് പറയാം. മിണ്ടാൻ തോന്നുന്നത് മിണ്ടരുത്, മിണ്ടണമെന്ന് പറയുന്നിടത്ത് മാത്രമാണ് മിണ്ടാൻ പാടുള്ളൂ ഇതാണ് കോൺഗ്രസിന്റെ പുതിയ സൂത്രവാക്യം. ഈ സമവാക്യം പഠിച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തു പോകേണ്ട സ്ഥിതിയാണ് അല്ലെങ്കിൽ അകത്തേക്ക് പുറത്തേക്ക് വന്നത് പോലും മനസ്സിലാകാത്ത വിധം ഏതെങ്കിലും ഒക്കെ പദവി തന്ന് മൂലയ്ക്ക് പിടിച്ചിരുത്തും. പത്തുവർഷം പ്രതിപക്ഷത്തായിട്ടും കോൺഗ്രസ് മാത്രം എന്താ നന്നാവാത്തെ എന്ന് ജനങ്ങൾ ചോദിക്കുന്നതിന് തെറ്റു പറയാനാവില്ല. പാർട്ടി ജനാധിപത്യപരമായും സംഘടനാപരമായും തിരുത്തൽ ശക്തിയായി പ്രവർത്തിക്കേണ്ട വർത്തമാനകാലത്ത് ഗ്രൂപ്പ് കാരണവന്മാർ ഇപ്പോഴും സ്ഥാനമാനങ്ങൾക്കായി തല്ലു കൂടുകയും പരസ്പരമായ വിഴുപ്പലുകൾ നടത്തുകയും ആണ്. ഒറ്റലക്ഷം മാത്രമേയുള്ളൂ എങ്ങനെയെങ്കിലും അധികാരം മുഖ്യമന്ത്രി സ്ഥാനം.ഇതിനുവേണ്ടി നടത്തുന്ന ദേഹ അധ്വാനത്തിന്റെയും നാവാട്ടത്തിന്റെയും പത്തിലൊന്ന് ജനങ്ങൾക്ക് വേണ്ടി കാലേക്കൂട്ടി നേരത്തെ തന്നെ നടത്തിയിരുന്നുവെങ്കിൽ ഇപ്പോഴും പ്രതിപക്ഷത്തിനു വേണ്ടി വരുമായിരുന്നു കോൺഗ്രസെ. പുതിയ സംസ്ഥാന അധ്യക്ഷൻ വന്നിട്ടും യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനും മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന നേതാവിന് ഒരാശംസ പറയാൻ താല്പര്യമില്ലാതായിരിക്കുന്നു എല്ലാം വരട്ടെ എന്നാണ് പറയുന്നത്…എന്താണ് വരേണ്ടത് ഇനി. ഇവർക്കെല്ലാം പിന്നിൽ അണിനിരക്കുന്ന സൈബർ ഇടങ്ങളിലെയും പൊതുവിടങ്ങളിലെയും അടിമ കൂട്ടങ്ങളുടെ കണ്ണീർ വിലാപങ്ങളാണ് സഹിക്കാനാവാത്തത്.രാഷ്ട്രീയപരമായ ജനാധിപത്യപരമായ യാതൊരുവിധ ബോധവും ബോധ്യവും ഇല്ലാതെ ഇറങ്ങിയിരിക്കുന്ന ഒരുകൂട്ടം സൈബർ വെട്ടുകിളികളാണ്. വാഴ്ത്തുപാട്ടുകളുടെയും കുഴലൂത്തിന്റെയും പിന്നാലെ അഭിരമിച്ചു നടന്നതുകൊണ്ടാണ് ഇന്നലകളിൽ ദേശീയ രാഷ്ട്രീയത്തിന്റെ ശബ്ദമായി നിലനിന്നിട്ടും പാർട്ടിയിൽ അതും സ്വന്തം സംസ്ഥാനത്ത് തീരുമാനം എടുക്കുമ്പോൾ പോലും  ഗൗരവതരമായ ഇടപെടൽ ശക്തി ആവാൻ ഉന്നതരായ പല വ്യക്തികൾക്കും കഴിയാതെ പോകുന്നത്.ഇവിടെ കോൺഗ്രസ് പാർട്ടിയല്ല നേതാക്കളാണ് തിരുത്തേണ്ടത് പുനർവിചിന്തനത്തിന് വിധേയരാവേണ്ടത്. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പാർട്ടി പറഞ്ഞതനുസരിച്ച് കേസ് ഉണ്ടാക്കി ജയിലിൽ പോയി ചാനലിൽ പോയി ഇതെല്ലാം നല്ലതിന് തന്നെ.നേതൃസ്ഥാനത്ത് എത്തി അധികാര കസേരയിൽ ഇരിക്കാൻ വേണ്ടിയല്ലേ ഇതെല്ലാം ചെയ്തത് അല്ലാതെ പുണ്യം കിട്ടാൻ ഒന്നുമില്ലല്ലോ.അപ്പോൾ സംസ്ഥാന പ്രസിഡൻറ് പദവി കിട്ടാത്തതിനുള്ള വിഷമം വസ്തുതാ വിരുതമായ കാര്യങ്ങൾ പറഞ്ഞ് തീർക്കുന്നത് അങ്ങേയറ്റം മോശമാണ്.ഇന്നാൽ വരെ ചെയ്തുവന്ന സംഘടനാ പ്രവർത്തനത്തെ തെരുവിൽ അപമാനിക്കുന്നതിനു തുല്യമാണ്.ഇത്തരം പദവികളിൽ ഒന്നുമില്ലാതെ തന്നെ രാപകൽ വ്യത്യാസമില്ലാതെ ആശയത്തെ മാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നിരവധിയായ പ്രവർത്തകരുണ്ട് അവരും കേസുകളിൽ പ്രതിയാണ് ജയിലിലും കിടന്നിട്ടുണ്ട് പറയുമ്പോൾ എല്ലാം ഓർക്കുന്നത് നന്നായിരിക്കും. പുതിയ സംസ്ഥാന അധ്യക്ഷൻ അടക്കമുള്ള ടീമിന് മുന്നിൽ ചില ചോദ്യങ്ങൾ കൂടി ബാക്കിയുണ്ട് ദുരന്തസമാനമായ മുണ്ടക്കൈ ചൂരൽമല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് സമാഹരിച്ച് വയനാട് പുനരധിവാസ ഫണ്ട് അതിൽ കേരള ജനതയ്ക്ക് ഇപ്പോഴും വ്യക്തത വരേണ്ടതുണ്ട് അതിലെല്ലാം ഉപരി യൂത്ത് കോൺഗ്രസിനും വ്യക്തത വരുത്തേണ്ടതുണ്ട്.കൂടാതെ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസ് നിർമ്മാണത്തിനായി പേപ്പർ ചലഞ്ചിലൂടെ രൂപീകരിച്ച അക്കൗണ്ടിലെ പണം അതിന്റെ കണക്ക് വിവരങ്ങളും വ്യക്തമാക്കാൻ നേതൃത്വം തയ്യാറാകണം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ വരുന്നതും അല്ലാത്തതും യൂത്ത് കോൺഗ്രസിലെ സംഘടനാപരമായി ഒരു പ്രശ്നമല്ല.എന്നാൽ അദ്ദേഹത്തിനെതിരെ ഉയർന്നുവന്നിട്ടുള്ള തെളിവുകൾ ആരോപണങ്ങൾ എന്നിവയെ സംബന്ധിച്ച് കൃത്യമായ ഒരു നിലപാട് പ്രഖ്യാപനം നടത്താൻ പുതിയ സംസ്ഥാന നേതൃത്വത്തിന് ധൈര്യമുണ്ടാവണം അതിനുള്ള ആർജ്ജവം കാണിക്കണം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് ഐക്യത്തിന്റെ കാഹളമാണ് മുഴങ്ങേണ്ടത് ഗ്രൂപ്പിൻറെ കലപില രാഷ്ട്രീയമാവരുത്.ജനങ്ങളെയും സാധാരണ പ്രവർത്തകരെയും ഇനിയും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യരുത്.

Highlights: taniniram editorial today 15-10-2025

You may also like