ലോകത്തെ മുഴുവന്‍ നടുക്കിയ കേരളത്തെ കണ്ണീര് കടലിലാഴ്ത്തിയ മഹാ ദുരന്തമായ മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് അവഗണനയുടെ പരമാവധി ആയിക്കഴിഞ്ഞു. വയനാട് പാക്കേജ് എന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ച പദ്ധതിക്ക് ഒരുതരത്തിലുമുള്ള ശുഭകരമായ മറുപടിയും ഉണ്ടായിട്ടില്ല. ഒരു നാട് ഒന്നടങ്കം ജീവിക്കണോ മരിക്കണോ എന്നറിയാതെ നെട്ടോട്ടത്തിലാണ്.
പ്രതിസന്ധികളുടെയും പ്രതിബന്ധങ്ങളുടെയും മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ടവന്റെ ദൈന്യതയെ ചൂഷണം ചെയ്യുന്ന മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഏറ്റവും ഒടുവിലത്തെ അതിന്റെ നികൃഷ്ടമായ രൂപം പുറത്തുവന്നിരിക്കുന്നു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ഇനിയും സമയം വേണം എന്നാണ് ഹൈക്കോടതിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മറുപടി. വേദനയുടെയും യാതനയുടെയും നിലയില്ലാക്കയത്തില്‍ നില്‍ക്കുന്നവരോടാണ് ഈ തുടര്‍ ക്രൂരത. ഇതിനുമുമ്പ് 2025 26 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ധനകാര്യ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതരെ അവഗണിച്ചിരുന്നു.
നിശ്ചിത സമയപരിതിക്കുള്ളില്‍ പണം ഉപയോഗിച്ച് അതിന്റെ കണക്ക് സഹിതം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വായ്പ സംവിധാനം ഏര്‍പ്പെടുത്തി മരിച്ചുകിടക്കുന്നവന്റെ നേര്‍ക്ക് പിന്നെയും ആഞ്ഞു കുത്തുന്നത് പോലെയുള്ള ഹീനമായ സമീപനങ്ങളാണ് ഉണ്ടായത്. കേരളത്തോട് മാത്രം തുടരുന്ന ഈ അവഗണന പ്രതിഷേധാര്‍ഹമാണ്.ഇതേസമയം തന്നെ മഴക്കെടുതി ബാധിച്ച പഞ്ചാബ് ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി 1600, 1500 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഇത് ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിന് അനുയോജ്യമായ നടപടിയാണോ. ഭരണമില്ലാ എന്നുള്ളതിന്റെ പേരില്‍ മാത്രമല്ല, തങ്ങളുടെ സ്വാധീനം ഏല്‍ക്കുന്നില്ല എന്നതിന്റെ പേരില്‍ സംസ്ഥാനത്തെ രാഷ്ട്രീയപരമായി നേരിടാന്‍ കഴിയാത്തതിനാല്‍ തികച്ചും ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തിയിലൂടെ സമ്മര്‍ദ്ദത്തിലും പ്രതിബന്ധങ്ങളിലും തളച്ചിടാം എന്നുള്ള ഹിഡന്‍ രാഷ്ട്രീയ അജണ്ട. ജനാധിപത്യ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
പഞ്ചാബിലും ഹരിയാനയിലും ഉള്ളതുപോലെ തന്നെ കേരളത്തിലെ വയനാട്ടിലെ മുണ്ടക്കയയിലെ ചൂരല്‍ മലയിലെ മനുഷ്യരും മനുഷ്യരാണ്. അവരുടെ കണ്ണില്‍ നിന്ന് വരുന്നത് കണ്ണീരല്ല ചോരയാണ്. ഉള്ള് പിടയുന്നുണ്ട് നെഞ്ച് പൊള്ളുന്നുണ്ട്. നാട് നിസ്സഹായതയുടെ പാനപാത്രം നീട്ടി അര്‍ഹതപ്പെട്ടത് ചോദിക്കുമ്പോള്‍ അതിനോട് മുഖം തിരിക്കുന്നവരോട് ഒരുതരത്തിലും യോജിക്കാനാവില്ല.
കേരളത്തിന്റെ അവകാശമാണ് മലയാളിയുടെ കൂടി നികുതിപ്പണത്തില്‍ നിന്നാണ് ഒരു പങ്ക് തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടി ചോദിക്കുന്നത്. എന്തുതരം മറുപടി ഇതിന് പകരം പറയാനുണ്ടെങ്കിലും അതിനേക്കാള്‍ ഒക്കെ എത്രയോ മുകളിലാണ് ദുരിതബാധിതരുടെ സങ്കടങ്ങള്‍. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് ദുഃഖിച്ചു കരയാന്‍ അവരെ വിട്ടുകൊടുക്കാന്‍ കേരളത്തിന് കഴിയില്ല. എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച് ആത്മവിശ്വാസത്തോടെ ഈ നാട് ഇതിനെയും നേരിടും.
പക്ഷേ,സംഘടിതമായി കേരളത്തോട് പുലര്‍ത്തുന്ന സമീപനത്തിനെതിരെ ഇരട്ട നീതിക്കെതിരെ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദം പാര്‍ലമെന്റിലും ഇന്ത്യയില്‍ ഒട്ടാകെയും ഉയരേണ്ടതുണ്ട്. കേരളത്തില്‍ വന്ന ഈ അവസ്ഥ നാളെ ബി.ജെ.പി ഭരണമില്ലാത്ത ഏത് സംസ്ഥാനത്തും അവര്‍ സൃഷ്ടിക്കും. അധികാരത്തിന്റെ ത്രാസില്‍ ജനങ്ങളുടെ ജീവന് വച്ച് പന്താടുന്നവര്‍ക്കെതിരെ ലോകത്തെ പല വന്‍കിട രാഷ്ട്രങ്ങളിലെയും ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട് ഇന്ത്യ അത്തരമൊരു സാഹചര്യത്തിലേക്ക് നീണ്ടുപോകരുത്.
മുണ്ടക്കൈ ച്ചൂരല്മല ദുരിതബാധിതരുടെ കണ്ണീരൊപ്പണം. അവര്‍ക്കും ജീവിക്കണം. ഒരു വര്‍ഷമാകുന്നു മഹാ ദുരന്തം കണ്മുന്നില് പെയ്തൊഴിഞ്ഞിട്ട്. ദിവസങ്ങള്‍ മാസങ്ങള്‍ ആ പാവങ്ങള്‍ തള്ളിനീക്കിയതിനേക്കാള് വലിയ തടസ്സങ്ങള്‍ ഒന്നും വായ്പ എഴുതി തള്ളാന്‍ ഏതു ഭരണകൂടത്തിന് ആവശ്യമില്ല. അതുകൊണ്ട് രാഷ്ട്രീയം മാറ്റിവെച്ച് നീതി നടപ്പാക്കണം.
Highlights: taniniram editorial today 11.09.2025
ഇതെന്തു നീതി ഇതെന്തു ന്യായം?
0