കേരളത്തിന് നിങ്ങളുടെ ഔദാര്യമല്ല വേണ്ടത്, അവകാശമാണ്… ചിറ്റമ്മനയം ശരിയല്ല… ഒടുവിൽ കടുത്ത ഭാഷയിൽ കേരള ഹൈക്കോടതി കേന്ദ്രസർക്കാരിനോട് പ്രതികരിക്കേണ്ടി വന്നിരിക്കുന്നു. രാഷ്ട്രീയ വാക്പ്രയോഗങ്ങൾക്കപ്പുറം വായിച്ചെടുക്കേണ്ടതുണ്ട്. ഇന്നോളം രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഭയാനകരവും സങ്കടകരവുമായ പ്രകൃതിദുരന്തമാണ് മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായത്. ആ തേങ്ങലിൽ നിന്ന് നാട് ഇന്നും മുക്തമായിട്ടില്ല. ആ ദുരിതകാലത്തെ അതിജീവിക്കാൻ മനസ്സുകൊണ്ടും ശരീരംകൊണ്ടും തയ്യാറെടുക്കാൻ ഒരുപറ്റം മനുഷ്യർ മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ഇപ്പോഴും ഉണ്ട്. അവർക്ക് ജീവിക്കണം സങ്കടക്കാലത്തെ കടന്ന് മുന്നോട്ടു പോകണം. അതിനവർ ആഗ്രഹിക്കുന്നതും ആശ്രയിക്കുന്നതും പിന്തുണയും സഹായങ്ങളുമാണ്. അത് നിർവഹിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ കാണിക്കുന്ന വിവേചനം ഏറ്റവും ക്രൂരമായ കാഴ്ചയാണ്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ട് ഒരു വരുമാന മാർഗ്ഗവുമില്ലാതെ പരാശ്രയരായി കഴിയുന്ന അവിടുത്തെ ഓരോ മനുഷ്യർക്കും ചെറുതും വലുതുമായ വായ്പകൾ ഉണ്ട്. നിസ്സഹായമായി ഈ അവസ്ഥയിൽ പണത്തിന്റെ കണിക എങ്കിലും തിരിച്ചടയ്ക്കാൻ കഴിയാത്ത വിധം വഴിമുട്ടി നിൽക്കുകയാണ്. ഇവരുടെ ലോണുകൾ എഴുതി തള്ളാൻ ആകില്ലെന്നുള്ള കേന്ദ്രസർക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണ്. ഇത് അംഗീകരിക്കാനാവില്ല. സമാനമായ ദുരന്തം അനുഭവിക്കുന്ന ഹിമാചല്ലും ഗുജറാത്തിലും ബീഹാറിലും സഹായങ്ങൾ നൽകുമ്പോഴാണ് കേരളത്തോടുള്ള വേർതിരിവ്. ദുരന്തത്തിൽ പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളുന്നത് ധനകാര്യമന്ത്രാലയത്തിന്റെ അധികാരപരിധിക്ക് പുറത്താണെന്നും ബാങ്കുകളുടെ വാണിജ്യ പരവും പ്രവർത്തിപരവുമായ തീരുമാനങ്ങളിൽ ഇടപെടില്ലെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്.
പ്രകൃതിദുരന്തം നാശം വിതച്ച സ്ഥലങ്ങളിലുള്ള വായ്പ എടുത്തവർക്ക് ആശ്വാസം നൽകാനുള്ള നടപടികൾ കൈക്കൊള്ളുന്നതിൽ മേഖലകളിലുള്ള ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അതിൽ വായ്പ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിത്തള്ളുന്നത് പരാമർശിച്ചിട്ടില്ലെന്നുമാണ് 2018 ഒക്ടോബർ 17 ഇറക്കിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ പറയുന്നതെന്നും നയപരമായ കാര്യങ്ങളിൽ അതുകൊണ്ട് ഇടപെടാൻ ആവില്ലെന്നും ഭരണപരമായ മേൽനോട്ടങ്ങളിൽ പിന്തുണയും സഹായവും മാത്രമേ ധനമന്ത്രാലയത്തിൽ നൽകാൻ കഴിയുള്ളൂ എന്നാണ് ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. വെറും ഉദ്യോഗസ്ഥ വാചകമടി എന്നാണ് കേന്ദ്രസർക്കാർ നിലപാടിലെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. കേന്ദ്രസർക്കാരിന്റെ അധികാരമില്ലായ്മയെ കുറിച്ചല്ല അത് ഉപയോഗിക്കാൻ കഴിയുമോ എന്നാണ് കോടതിക്ക് അറിയേണ്ടതെന്നും. അധികാരമില്ലായ്മയ്ക്ക് പുറകിൽ ഒളിക്കുന്നവർ വായ്പ എഴുതി തള്ളാൻ കഴിയും എന്നുള്ള കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്നും ഒന്നും കഴിയില്ലെങ്കിൽ അത് തുറന്നു പറയാൻ ഉള്ള ധൈര്യമെങ്കിലും കാണിക്കണമെന്നുമാണ് കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചത്.
ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 707 കോടി രൂപയാണ് ഗുജറാത്തിൽ ആസാമിലും നൽകിയത്. ഹിമാചൽ പ്രദേശ് ഹരിയാന മധ്യപ്രദേശ് രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് 903.67 പൊടി രൂപയും അനുവദിക്കുമ്പോൾ ഇവിടെ നീറുന്ന മനസ്സുമായി കഴിയുന്നവരുടെ സങ്കടങ്ങൾ ഡൽഹിയിലെ അധികാര ശീതളിമയിൽ കഴിയുന്നവർക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അവഗണനയുടെയും അപമാനിക്കലിന്റെയും ഈ ചിറ്റമ്മ നയത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. തങ്ങൾക്ക് അല്ലെങ്കിൽ തങ്ങളുടെ താല്പര്യങ്ങൾക്ക് അനുയോജ്യമായി നിൽക്കാത്ത എല്ലാ സംസ്ഥാനങ്ങളെയും ഭരണപരവും സാങ്കേതികപരവുമായ പ്രതിസന്ധികളിൽ നട്ടംതിരിയുക എന്നുള്ള ഹിഡൻ അജണ്ട. പക്ഷേ ഇത് മാപ്പറിയിക്കാത്ത ക്രൂരതയാണ് നിങ്ങളുടെ രാഷ്ട്രീയത്തിന് ഇടമൊരുക്കി കൊടുത്തില്ല എന്നുള്ളത് ഇന്ത്യാരാജ്യത്തെ പൗരന് അവകാശം നിഷേധിക്കാനുള്ള കാരണമല്ല. പണം ഒന്നിനും തടസ്സമാകില്ല സർക്കാർ ഒപ്പമുണ്ടെന്ന് പറഞ്ഞ മുണ്ടക്കൈ ചൂരൽമല ദുരന്ത പ്രദേശങ്ങൾ നടന്നു കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ പ്രിയപ്പെട്ട ദേശവാസികളെ എന്ന് അഭിസംബോധന ചെയ്ത നിങ്ങൾ പറഞ്ഞ വാക്കുകളിൽ വിശ്വസിച്ചിരിക്കുന്ന പാവപ്പെട്ട മനുഷ്യരുണ്ട് അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഉറ്റവരെയും ഉടയവരെയും ഇന്നാൾ വരെ സ്വരുക്കൂട്ടി വച്ചതെല്ലാം നഷ്ടപ്പെട്ട് വിധിയുടെ വിളയാട്ടത്തിൽ തെരുവിൽ അനാഥരാക്കപ്പെട്ടവർ. അവരുടെ കണ്ണിൽ നിന്നു വരുന്നത് കണ്ണുനീരല്ല ചോരയാണ്. പ്രിയപ്പെട്ടവർ അകന്നു പോയതിനേക്കാൾ നെഞ്ച് തകരുന്നുണ്ട് കേന്ദ്രസർക്കാരിൻ്റെ സമീപനത്തിൽ.
ഇനിയെങ്കിലും സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങളും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും എന്നതെല്ലാം മാറ്റിവെച്ച് മുണ്ടക്കൈ ചൂരൽമല നിവാസികളെ വെറും മനുഷ്യർ എന്നതിനേക്കാൾ ഉപരിയായി നമ്മുടെ സഹോദരങ്ങളായി കണ്ട് ചേർത്തുപിടിക്കണം. ഒരിറ്റ് സഹായം. അത് അവകാശമാണ്. കേന്ദ്രസർക്കാർ അടിയന്തരമായി അത് അനുവദിക്കണം. ഇത് ജനാധിപത്യ രാജ്യമാണ്. രാജഭരണത്തിന്റെയും ജന്മിത്വത്തിന്റെയും ബ്രിട്ടീഷ് കോളനി വാഴ്ചയുടെയും കിരാതമായ കാലം കഴിഞ്ഞു. സമത്വവും തുല്യ നീതിയും ഭരണഘടനാധിഷ്ഠിതമായ അവകാശ അധികാരങ്ങളും അട്ടിമറിക്കപ്പെടുന്ന രാജ്യത്ത് ജനാധിപത്യം മരണപ്പെടുകയാണ് അവിടെ ഏകാധിപത്യം ശക്തി പ്രാപിക്കും. ഇവിടെ വയനാടൻ ജനതയ്ക്ക് മുന്നിൽ സംഘപരിവാർ നേതൃത്വം നൽകുന്ന ഗവൺമെന്റ് കാണിക്കുന്നത് ഏകാധിപത്യമാണ്. ഫെഡറൽ സംവിധാനങ്ങളുടെ സാമാന്യ മര്യാദകളെ പോലും പാലിക്കാതെയുള്ള ശൈലി കേന്ദ്രസർക്കാരിന് ഭൂഷണമല്ല. അർഹമായ സഹായം മുണ്ടക്കൈ ചൂരൽമല നിവാസികൾക്ക് നൽകണം. ഹൈക്കോടതി പറഞ്ഞത് ആവർത്തിക്കുകയല്ല, അതാണ് ശരിയായ വാദം. കേരളത്തിന് വേണ്ടത് ഔദാര്യമല്ല, അവകാശമാണ്. അത് അനുവദിച്ചേ മതിയാകൂ.
Highights: Taniniram Editorial Today 09-10-2025
പകയല്ലാതെ പിന്നെന്ത്?
0