Saturday, December 6, 2025
E-Paper
Home Editorialആ ഷൂ എറിഞ്ഞത് നീതിദേവതയുടെ നേർക്ക്

ആ ഷൂ എറിഞ്ഞത് നീതിദേവതയുടെ നേർക്ക്

by news_desk
0 comments

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിക്കുനേരെ അഭിഭാഷകൻ ഷൂ എറിഞ്ഞ സംഭവത്തിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള സംഘടിതമായ ആക്രമണമാണ്  ഉണ്ടായിരിക്കുന്നത്. സനാതന ധർമ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്ന് സംഭവത്തിനുശേഷം പൊലീസ് കോടതിക്ക് ഉള്ളിൽനിന്ന് പിടിച്ചുകൊണ്ടു പോകുമ്പോൾ പ്രതിഷേധ മുദ്രാവാക്യം പ്രതിയായ അഭിഭാഷകൻ  ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു. മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ വിഷ്ണുവിഗ്രഹം നവീകരിച്ച പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. മേൽപ്പറഞ്ഞിരിക്കുന്ന ആവശ്യങ്ങൾ ഭഗവാനോട് തന്നെ പറയുന്നതാണ് നല്ലത് എന്ന് ഗവായി നടത്തിയ പരാമർശമാണ് ഇതിലേക്ക് നയിച്ചത് എന്നതാണ് പൊലീസിനെ അഭിഭാഷകനെ ചോദ്യം ചെയ്തപ്പോൾ ബോധ്യപ്പെട്ട കാര്യം. പ്രസ്താവന വിവാദമായപ്പോൾ പിന്നീട് ചീഫ് ജസ്റ്റിസ് തന്നെ അത് തിരുത്തിയിരുന്നു. എന്നാൽ വർഗീയത വൈകാരികമായി ബാധിച്ചിരിക്കുന്ന മനസ്സുകളിൽ രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ കുത്തിനിറയ്ക്കുന്ന വിഷം പരന്നൊഴുകുന്നതിന്റെ കൂടെ ദൃഷ്ടാന്തമാണ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ അരങ്ങേറിയ നാടകീയമായ സംഭവം.”

ഭരണഘടന മൂല്യങ്ങളെയും സാമാന്യ മര്യാദകളെയും  കാറ്റിൽ പറത്തിക്കൊണ്ട് എതിർ ശബ്ദങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചമർത്തിക്കൊണ്ട് ഏകാധിപത്യപരമായി ശൈലിയിൽ മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്ന വർഗീയ വിഘടന വാദ ശക്തികളുടെ കൈകളിലേക്ക് നമ്മുടെ രാജ്യത്തെ ഒരുകാലത്തും ഒരു കാരണവും വച്ചാലും വിട്ടുകൊടുക്കാൻ ആവില്ല. നാട്ടിൽ എന്ത് സംഭവം നടന്നാലും ജനങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായ അന്വേഷണവും ഇടപെടലുകളും പ്രതീക്ഷിക്കുന്നത് നീതിന്യായ വ്യവസ്ഥയിൽ നിന്നാണ്. ഇത്തരം അതിക്രമങ്ങൾ ആ വിശ്വാസത്തിന് ഗുരുതരമായ തകർച്ചയ്ക്ക് ഇടവരുത്തും. സംഭവത്തിൽ ചീഫ് ജസ്റ്റിസിനെ വിളിച്ച് പിന്തുണയെ അറിയിക്കുകയും പക്വതയോടും ശാന്തതയോടും കൂടി പ്രതികൂലമായ സാഹചര്യത്തെ കൈകാര്യം ചെയ്തതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്ത പ്രധാനമന്ത്രിയോട് അഭ്യർത്ഥന രൂപേണ ഒരു കാര്യം സൂചിപ്പിക്കാനുണ്ട്.ഇന്ത്യയിൽ എമ്പാടും വർഗീയ ഫാക്ടറികൾ പണിത് താങ്കളുടെ പ്രസ്ഥാനവും അതിൻറെ മാതൃ സംഘടനയും സൃഷ്ടിക്കുന്ന അരാജകത്വമാണ് ഇതിനെല്ലാം ഉള്ള യഥാർത്ഥ കാരണം എന്ന് അറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കുന്ന ഈ ഏകാഭിനയം ഒന്ന് അവസാനിപ്പിക്കണം.ഇന്ന് ഒരു അഭിഭാഷകനാണെങ്കിൽ നാളെയൊരു ജനസമൂഹം ആകാം.ഭീകരമായ ഭയാശങ്കകൾ ഉണ്ടാക്കുന്ന തരത്തിലുള്ള വിദ്വേഷം വളർത്തുന്ന തരത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യയുടെ തന്നെ സർവ്വ നാശത്തിലേക്കാണ് നയിക്കുക.

 രാജ്യത്തെമ്പാടും പടർന്നുകിടക്കുന്ന ഫാസിസത്തിന്റെ അതിർവരമ്പുകൾ നീക്കം ചെയ്ത് നിർഭയത്വത്തിന്റെയും ധീരതയുടെയും മൂല്യങ്ങൾ നിറഞ്ഞ പുതിയ വരമ്പ് തീർക്കണം. ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും പേര് പറഞ്ഞുള്ള ചേരുതിരിവുകൾ ഭീകരവാദത്തിന് തുല്യമായി വളർന്നുകൊണ്ടിരിക്കുന്ന മഹാ വൈറസായി. അതിനെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ ആയി പ്രബുദ്ധരായ ജനത മാറേണ്ടതുണ്ട്.
വെറുപ്പും അസഹിഷ്ണുതയും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ഞങ്ങൾ ഇന്ത്യക്കാരാണെന്നുള്ള ഒറ്റ വികാരം കൊണ്ട് തീർക്കുന്ന പ്രതിരോധ കോട്ടയിൽ നമുക്കതിനെ ഇല്ലാതാക്കണം. ഇന്ത്യക്ക് നേരെ ഉയരുന്ന ഓരോ കല്ലുകളും അത് പതിക്കുന്നത് നമ്മൾ ഓരോരുത്തരുടെയും നെഞ്ചിലാണ്.ഭാരതത്തിൻറെ ഹൃദയത്തെ കീറിമുറിക്കാൻ നമുക്ക് വിട്ടുകൊടുക്കാൻ ആകുമോ. ഉയിരുകൊടുത്തും സംരക്ഷിച്ചു പിടിക്കാം നാടിന്റെ ഐക്യത്തെയും ശാന്തിയെയും സമാധാനത്തെയും.

HIGHLIGHTS: TANINIRAM EDITORIAL TODAY 08.10.2025

You may also like