Saturday, December 6, 2025
E-Paper
Home Editorialകൊലവിളി പദങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല

കൊലവിളി പദങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല

by news_desk
0 comments

ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ ചാനൽ ചർച്ചയിൽ ബി.ജെ.പി നേതാവ് നെഞ്ചിലേക്ക് വെടിയുണ്ട ഉതിർക്കുമെന്ന് കൊലവിളി പ്രയോഗം നടത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി പലതരത്തിലുള്ള ആവേശ പ്രകടനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ് അത് രാഷ്ട്രീയപരമായ സംഘട്ടനങ്ങൾ വെല്ലുവിളി നിറഞ്ഞ പ്രസംഗങ്ങൾ എന്നിവയെല്ലാം ആയിട്ടുണ്ട്. എന്നാൽ പരസ്യമായി ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ് എതിർകക്ഷിയിൽ പെട്ട ഒരു രാഷ്ട്രീയ നേതാവിനെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്നത് സമകാലിക രാഷ്ട്രീയത്തിലെ ഏറ്റവും ഭീതിതമായ അവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

ആർക്കെതിരെയും എന്തും പറയാം എന്നുള്ളൊരു സ്ഥിതി രാജ്യത്ത് സംജാതമായിട്ടുണ്ട്. അങ്ങേയറ്റം അപകടകരമായ സാഹചര്യമാണ്. ഇതൊരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. ചാനൽ അവതാരക തന്നെ പരാമർശത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് ബി.ജെ.പി നേതാവ് ചെയ്തത്. നിയമപരവും ഭരണഘടനാപരവുമായ ആശയ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും എല്ലാം സുതാര്യമായ രാജ്യമാണ് നമ്മുടേത്. പക്ഷേ, ആ സ്വാതന്ത്ര്യങ്ങൾക്കെല്ലാം എതിരെ നിൽക്കുന്നവന്റെ മൂക്കിൻ തുമ്പു വരെയെ ആയുസ്സുള്ളൂ ആ പൊതുബോധം പുതിയ കാലത്തിൻറെ രാഷ്ട്രീയ പ്രതിനിധി കൂടിയായ ബി.ജെ.പി നേതാവിനെ കൈ വന്നിട്ടില്ല എന്നുള്ളത് കഷ്ടമാണ്. തുടങ്ങിയ കാലത്ത് പോലെയല്ല ചാനലുകളിലെ ചർച്ചകൾ വെറും വെല്ലുവിളികൾ മാത്രമായി തരംതാണു പോയിരിക്കുന്നു. ആശയപരമായ സംവാദത്തിന് കഴിവില്ലാതെ വരുമ്പോൾ മോശമായ പെരുമാറ്റത്തിലൂടെ ചർച്ചയുടെ റൂട്ട് തിരിച്ചുവിടുന്നത് ഇപ്പോൾ നിത്യ സംഭവമാണ്. അവിടെയും സാമാന്യ മര്യാദ എന്നുണ്ടല്ലോ. ഇവിടെ അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ശത്രുത മനോഭാവത്തോടുകൂടി മനപ്പൂർവ്വം പറയണം എന്ന് ഉദ്ദേശത്തോടെയാണ് ഈ പ്രസ്താവന ഉണ്ടായിട്ടുള്ളത് എന്ന് വ്യക്തമാണ്.

വിവാദമായപ്പോൾ സംഭവിച്ചതാണെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിക്കുന്നുണ്ട് അത് മറ്റൊരു വിരോധാഭാസം. ഒരിക്കലും നിസ്സാരവൽക്കരിക്കാൻ കഴിയുന്ന ഒന്നല്ലയിത്. നവമാധ്യമങ്ങളുടെ കുത്തൊഴുക്കിൽ സമൂഹത്തിന്റെ സംസാരരീതിയും വികാരപ്രകടനങ്ങളും പക്വതയും അതിന്റെ എല്ലാ മാന്യതകളെയും തകർത്തെറിഞ്ഞു കൊണ്ടാണ് മുന്നോട്ടുപോകുന്നത്. സംശുദ്ധമായ ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തിന് അനുയോജ്യമായ കാലാവസ്ഥയല്ലാ ഇപ്പോഴുള്ളത്. കക്ഷിരാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ നിന്നുകൊണ്ട് നിർഭയം നിരന്തരം എതിരാളികളെ നേരിട്ടുള്ള ചരിത്രമുണ്ട് ഈ പാർട്ടികളുടെ ഒക്കെ മുൻനിര നേതാക്കൾക്ക്. അവരെ കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കിയുമാണ് പൊതുപ്രവർത്തനത്തിന് യുവാക്കൾ ഇറങ്ങുന്നതെങ്കിൽ എത്രയോ നന്നായിരുന്നേനെ. സോഷ്യൽ ഓഡിറ്റിങ്ങിന് സകല ദിവസങ്ങളിലും മിനിറ്റുകളിലും വിധേയരാകുന്ന ഒരു വിഭാഗമേയുള്ളൂ അത് രാഷ്ട്രീയക്കാരാണ്.

അവർ കാത്തുസൂക്ഷിക്കേണ്ടതും പരിരക്ഷിക്കേണ്ടതും നിലനിർത്തി പോരേണ്ടതുമായ പെരുമാറ്റരീതിയുണ്ട്. അതെന്താണെന്നുള്ളത് നിന്നവരും പോയവരും വരുന്നവരും ഒക്കെ പരസ്പരം പങ്കുവെക്കുന്നത് സൗഹൃദത്തിൽ അധിഷ്ഠിതമായ ബഹുമാനത്തോടുകൂടിയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് ഗുണകരമാകും. വിമർശനങ്ങൾ വ്യക്തിപരമാകുമ്പോഴാണ് ഉന്നയിക്കുന്നത് ആയിട്ടുള്ള വിഷയത്തിന്റെ അന്തസത്ത ചോർന്നു പോകുന്നത്. അങ്ങനെയുള്ള പ്രസ്താവനകൾക്ക് പ്രസംഗങ്ങൾക്കോ സമൂഹത്തിൽ നിന്ന് യാതൊരു വിലയുമില്ല. ഗുരുതരമായ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാവ് അധ്യാപകൻ കൂടിയാണെന്നുള്ളത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അധ്യാപകർക്ക് രാഷ്ട്രീയ പ്രവർത്തനം പാടില്ല എന്നല്ല പറയുന്നത്. സമൂഹത്തോട് ചേർന്നുനിൽക്കുന്നതിനേക്കാൾ ഉപരിയായി അധ്യാപകർ വിദ്യാർഥികളുടെ ഹൃദയത്തിൽ ഇടം നേടുന്നവരാണ്. ഇത്രയും സങ്കുചിതമായ ക്രിമിനൽ മനോഭാവത്തോടെ സംസാരിക്കുന്നവരുടെ മുന്നിൽ എത്തിനിൽക്കുന്ന വിദ്യാർഥികൾ നന്മയുടെ പാഠങ്ങൾക്ക് പകരം അവർ അറിയരുത് ഒരിക്കലും തിന്മയുടെ പാഠങ്ങൾ. അസഹിഷ്ണുതയിലല്ല സഹിഷ്ണുതയിൽ അധിഷ്ഠിതമായതാണ് ഇന്ത്യൻ ജനാധിപത്യം. പ്രതിപക്ഷ ബഹുമാനമാണ് അതിന്റെ തറക്കല്ല്.

Highlights: Taniniram editorial today 01-10-2025

You may also like