Saturday, December 6, 2025
E-Paper
Home Editorialതിരുവനന്തപുരത്തെ ആത്മഹത്യകളില്‍ ഗൗരവകരമായ അന്വേഷണം വേണം

തിരുവനന്തപുരത്തെ ആത്മഹത്യകളില്‍ ഗൗരവകരമായ അന്വേഷണം വേണം

by news_desk
0 comments

ഇതുവരെ കേട്ടിട്ടില്ലാത്തതും ആശങ്കപ്പെടുത്തുന്നതുമായ മനുഷ്യദുരന്തങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. സമീപകാലത്തായി സംസ്ഥാനത്ത് പ്രായ വ്യത്യാസങ്ങളില്ലാതെയുള്ള ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. സാധാരണയാണ് ഇത്തരം പ്രവൃത്തികള്‍ എങ്കിലും,ഈയടുത്ത് ഉണ്ടായിട്ടുള്ളത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായുള്ള വ്യക്തികളുടേതാണെന്നുള്ളതാണ് ദുഃഖകരം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രത്യയശാസ്ത്രത്തിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവര്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണ് കേരളം പൊതു ജനാധിപത്യ രാഷ്ട്രീയ നാടിനെ ഉള്‍ക്കൊള്ളാന്‍ ആവുക. ഇന്നലെ തന്നെ പയ്യന്നൂരില്‍ ബി.എല്‍. ഒ അനീഷ് ആത്മഹത്യ ചെയ്തിരുന്നു അമിതമായജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിന്റെ ആരോപണം. സ്വാഭാവികമായി ആത്മഹത്യകള്‍ക്ക് പിറകില്‍ ഉണ്ടാകുന്ന കാരണങ്ങളായി എക്കാലവും നാം പറയുന്നത് മാനസിക സംഘര്‍ഷങ്ങള്‍, ജോലിഭാരം സാമ്പത്തിക ബാധ്യത എന്നിവയെല്ലാമാണ്. കുറച്ചു നാളുകള്‍ക്കു മുമ്പ് കേരള പൊലീസിലും സമാനമായ സ്ഥിതി ഉണ്ടായിട്ടുണ്ട്, തൊഴില്‍പരമായ ആത്മസംഘര്‍ഷങ്ങളില്‍പ്പെട്ട് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആത്മഹത്യ ചെയ്യുന്ന സംഭവം അധികരിച്ച് വന്നപ്പോള്‍ പൊലീസും സര്‍ക്കാരും ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി മാനസിക ഉല്ലാസത്തിന് യോഗ ഉള്‍പ്പെടെയുള്ളവയും ജോലിസമയം ക്രമീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു നടപ്പിലാക്കാന്‍ ശ്രമിക്കുകയുണ്ടായി, പക്ഷേ ജോലിക്ക് അനുസരിച്ച് ജീവനക്കാര്‍ ഇല്ലാത്തതുകൊണ്ട് അത് പൂര്‍ണമായും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. തിരുവനന്തപുരത്ത് തുടര്‍ച്ചയായി ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ബി.ജെ.പി പ്രവര്‍ത്തകനാണ് ആനന്ദ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്നത് തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിലെ മനോവിഷമം കൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമികനിഗമനം. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥാനമാനങ്ങള്‍ കിട്ടുന്നതും കിട്ടാത്തതും ആപേക്ഷികമാണ്, അതിന്റെ പേരില്‍ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ എങ്ങനെയാണ് മുന്നോട്ടുപോകാനാവുക. സാധാരണയായി ഇത്തരം മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് ആത്മഹത്യ തിരഞ്ഞെടുക്കുന്നത് വിദ്യാര്‍ഥികളും യുവാക്കളും ആണെങ്കില്‍ ഇപ്പോള്‍ മുതിര്‍ന്നവരും ആ പ്രവണത തുടരുകയാണ്. പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കുറിച്ച് പൊതുവേ പറയാറുള്ളത് എല്ലാ സാഹചര്യങ്ങളും നേരിടാലും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും കഴിയുന്നവരെന്നാണ്,എന്നാല്‍ അവരില്‍ നിന്ന് തന്നെ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പെരുമാറ്റമാണ് ഉണ്ടാകുന്നത്. സ്ഥാനാര്‍ഥിത്ഥി കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വം അത്തരം ആളുകളുമായി നിരന്തരമായി സംസാരിക്കാനും മാനസികമായും ഭൗതികമായും പിന്തുണയ്ക്കാനും തയ്യാറാക്കണം. അവന് കിട്ടിയില്ലെങ്കില്‍ എന്താ എന്നുള്ള രീതിയാണ് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ബഹുഭൂരിഭാഗത്തിനും അതു മാറിയില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തമാകും. തിരുവനന്തപുരത്ത് നേരത്തെ തന്നെ ബി.ജെ.പിക്കുള്ളില്‍ അസ്വാരസ്വങ്ങള്‍ ഉണ്ടായിട്ടുണ്ട് അതിന്റെ ഒരു ഇരയായി ബാങ്ക് ക്രമക്കേടിനെ തുടര്‍ന്ന് അനില്‍ എന്ന പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തിരുന്നു. അതിനു സംബന്ധിച്ച് ബിജെപിയും ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഒന്നും വ്യക്തമായ വിശദീകരണം നല്‍കുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല. ആ പ്രസ്ഥാനത്തിന്റെ ഭാഗമായി തുടര്‍ച്ചയായി ആത്മഹത്യകള്‍ ആകുന്നത് അതീവ ഗൗരവത്തോടെ കണ്ട് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആത്മഹത്യകള്‍ ഇനിയും ആവര്‍ത്തിക്കരുത്. ഓരോ ജീവനും വിലപ്പെട്ടതാണ്. ഏതു മേഖലയിലായാലും പ്രശ്‌നങ്ങള്‍ ഉണ്ടാകും പ്രതിസന്ധികള്‍ ഉണ്ടാകും അവസരങ്ങള്‍ നഷ്ടപ്പെടും സ്വാഭാവികമാണ്.അപ്പോഴെല്ലാം ഉത്തരവാദിത്തപ്പെട്ടവര്‍ ഒരു വാക്ക് കൊണ്ടോ കേള്‍വി കൊണ്ടോ സംസാരം കൊണ്ടോ സംഭവിച്ചവരെ കൂടെ നിര്‍ത്തണം. മരണപ്പെട്ടവരുടെ കുടുംബങ്ങളെ ചേര്‍ത്ത് പിടിക്കണം. രാഷ്ട്രീയ അടിമത്തില്‍ നിന്ന് സ്വന്തം സഹപ്രവര്‍ത്തകരുടെ മരണത്തെ പോലും അപഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളൂ നിങ്ങളെല്ലാം തോണ്ടുന്നത് സ്വന്തം കുഴികളാണ്.

ആത്മനിയമത്തിന്റെ വിളംബരം

ആത്മീയപഞ്ചാംഗത്തില്‍ പുതുവത്സരത്തെ പോലെ തന്നെ ഒരു വിശിഷ്ടസ്ഥാനമാണ് മണ്ഡലകാലത്തിനുള്ളത്. മകരവിളക്കില്‍ അവസാനിക്കുന്ന നാല്‍പത് ദിനങ്ങള്‍ ഭക്തി, നിയന്ത്രണം, ശുചിത്വം, സമാധാനം എന്നീ മൂല്യങ്ങള്‍ ജീവിതത്തില്‍ പുനഃസ്ഥാപിക്കുന്ന കാലഘട്ടം എന്ന നിലയിലാണ് കേരളീയരുടെ മനസ്സില്‍ ഈ സമയത്തോടുള്ള ആദരവുണ്ടായത്. ശബരിമലയിലേക്ക് ലക്ഷക്കണക്കിന് ഭക്തര്‍ ഐക്യത്തിന്റെ അങ്കണത്തിലേക്കാണ് ഒഴുകിച്ചേരുന്നത്. മതവിശ്വാസം ആയും വ്രതശുദ്ധിയാണ് ആയും മനുഷ്യരെ ഒരു തുലാസിലേക്കു കൊണ്ടുവരുന്ന അപൂര്‍വ അവസരമാണിത്. വ്രതമെടുപ്പ് ഒരു ആചാരമാത്രമല്ല; ജീവിതത്തെ ഒരു പുതുക്കലിലേക്കുള്ള വിളംബരമാണത്. ഭക്ഷണത്തില്‍, വസ്ത്രധാരണത്തില്‍, നിത്യജീവിതത്തില്‍ പെട്ടെങ്കിലെങ്കിലും ഭക്തര്‍ സ്വീകരിക്കുന്ന ഈ ലാളിത്യം സമൂഹജീവിതത്തെയും ശാന്തിയും സമദര്‍ശനവുമായി നിറയ്ക്കുന്നു. എങ്കിലും മണ്ഡലകാലം വന്ന് നില്‍ക്കുമ്പോഴൊക്കെ ഉയര്‍ന്നു കേള്‍ക്കുന്ന ചില അടിസ്ഥാന ചോദ്യങ്ങളും നമുക്കു മുന്‍പിലുണ്ട്. ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന തിരക്ക്, ഗതാഗതപ്രശ്നങ്ങള്‍, ആരോഗ്യ-സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മകള്‍, പരിസ്ഥിതി സംരക്ഷണത്തിലെ വീഴ്ചകള്‍ എന്നിവക്ക് സ്ഥിരപരിഹാരങ്ങള്‍ ലഭിക്കണമെന്ന ആവശ്യം പുതുമയുള്ളതല്ല. യഥാര്‍ഥത്തില്‍ ഇത് ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്ന വെല്ലുവിളികളാണ്. ഭക്തജനങ്ങളുടെ ഒഴുക്ക് മുന്‍കൂട്ടി കണ്ട്, അവരെ സുരക്ഷിതവും മാനുഷികവുമായ രീതിയില്‍ നിയന്ത്രിക്കുന്നതില്‍ അധികം ശ്രദ്ധ ചെലുത്തുന്ന നടപടികളാണ് വേണ്ടത്. വര്‍ത്തമാനകാലമാവട്ടെ അശുഭകരമായ വാര്‍ത്തകള്‍ നിറഞ്ഞതായിരുന്നു. വിവാദമായ സ്വര്‍ണക്കൊള്ള. തനിക്കാവുന്നതെല്ലാം ദൈവത്തിങ്കല്‍ സമര്‍പ്പിക്കാനെത്തുന്ന വിശ്വാസികളെ പുഛത്തോടെയും പരിഹാസത്തോടെയും കണ്ട ഭരണാധികാരികളും അവതാരങ്ങളും നടത്തിയ ഹീനമായ പ്രവൃത്തികള്‍ വിശ്വാസ മനസുകളെ വേദനിപ്പിച്ചിട്ടുണ്ട്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുക തന്നെ വേണം. വിശ്വാസികളെ, സമാധാനം തേടിയെത്തുന്ന ലക്ഷക്കണക്കിന് നിരാശ്രയര്‍ക്ക് അഭയമാകുന്ന സന്നിധാനം പുണ്യമായി നിലനില്‍ക്കണം. അതിന് സര്‍ക്കാരും ചുമതലപ്പെട്ടവരും സത്യസന്ധമായി പ്രവര്‍ത്തിക്കണം. ശബരിമലയെ ചുറ്റിപ്പറ്റിയുള്ള വനമേഖലകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ധിക്കുന്നതും ഗൗരവമായ ശ്രദ്ധയാകര്‍ഷിക്കേണ്ട വിഷയമാണ്. മണ്ഡലകാലം ഭക്തി മാത്രമല്ല, പ്രകൃതിയോടുള്ള ഉത്തരവാദിത്തവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ‘ഹരിത ശബരിമല’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ മാത്രം മതിയാവില്ല. ഓരോ ഭക്തരുടെയും ബോധവത്കാരമാണ് അത്യാവശ്യവും നിര്‍ണായകവും.
മണ്ഡലകാലം നമ്മെ പഠിപ്പിക്കുന്നതെന്തെന്നാല്‍നിയമനിഷ്ഠയും ക്ഷമയും സഹിഷ്ണുതയും ഉള്‍ക്കൊള്ളുമ്പോഴാണ് ഒരു സമൂഹം യഥാര്‍ത്ഥ പുരോഗതിയിലേക്ക് നീങ്ങുന്നത്. തിരക്കുപിടിച്ച ജീവിതത്തില്‍ മനുഷ്യനെ ആത്മീയമായി ശക്തിപ്പെടുത്തുന്നതും സൗഹൃദവും സമാധാനവുമുള്ള പാതയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതും ഈ കാലഘട്ടത്തിന്റെ വലിയ സംഭാവനയാണ്. മണ്ഡലകാലം ആത്മസംഘര്‍ഷമല്ല, ആത്മോന്നതിയ്ക്കുള്ള അവസരമാണ്. അതുകൊണ്ട് തന്നെ ഈ വര്‍ഷവും ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും മനസുകളിലും ഭക്തിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രകാശം പടര്‍ന്നൊഴുകട്ടെ. ഓരോ യാത്രയും സുരക്ഷിതവുമായിരിക്കട്ടെ. സമൂഹത്തിന്റെ ഹിതവും പ്രകൃതിയുടെ കാവലും ഒരുപോലെ ഉറപ്പ് വരുത്തപ്പെടട്ടെ

You may also like