ഭീകരവാദത്തിൻ്റെ വേരുകൾ വീണ്ടും ശക്തിപ്രാപിക്കുന്നു എന്ന ആശങ്കയ്ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് ഡൽഹി ചെങ്കോട്ടക്ക് സമീപം തിങ്കളാഴ്ച രാത്രിയോടെ സ്ഫോടനം ഉണ്ടായത്.
ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷാ പ്രാധാന്യമുള്ള സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് സമീപമുള്ള ഒന്നാം നമ്പർ മെട്രോ സ്റ്റേഷൻ ഗെയ്റ്റിനു സമീപത്തായാണ് സാവകാശം നീങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്ന് സ്ഫോടനം ഉണ്ടായത്. സംഭവത്തെഅതീവ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്. ഏപ്രിൽ 22ന് ജമ്മു കാശ്മീരിലെ പഹൽഗ്രാമിലൂണ്ടായ വേദന മാറുന്നതിനു മുൻപ് ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏറ്റ അപ്രതീക്ഷിതമായ മുറിവാണിത്.
രാജ്യ തലസ്ഥാനത്ത് അതും സുരക്ഷാ വൻമതിലുകൾ നിറഞ്ഞുനിൽക്കുന്ന ചെങ്കോട്ടയിൽ ഇത്തരമൊരു സ്ഫോടനം നടത്തണമെങ്കിൽ കൃത്യമായി ഗൂഢാലോചന ഇതിന്റെ പിന്നിൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ ആക്രമണങ്ങളും ഭീകരവാദ പ്രവർത്തനങ്ങൾക്ക് സമാനമായ സാഹചര്യത്തിൽ പലരും അറസ്റ്റിലാക്കപ്പെടുന്ന ഘട്ടവും ഉണ്ടായിട്ടും ഇന്റലിജൻസ് സംവിധാനം ജാഗ്രതയോടു കൂടി പ്രവർത്തിക്കാത്തതുകൊണ്ടാണ് രാഷ്ട്രം ഞെട്ടുന്ന തരത്തിൽ സ്ഫോടനം ഉണ്ടായത്. ഇന്നലെകളിലെ മുംബൈ ഭീകരാക്രമണവും പാർലമെൻറ് ആക്രമണവും നമുക്കു മുമ്പിൽ ഈ ഘട്ടത്തിൽ തെളിഞ്ഞുവരുന്നുണ്ട്. സുരക്ഷാ ഏജൻസികളുടെ അലംഭാവം കൊണ്ടാണ് അതെല്ലാം ഉണ്ടാകുന്നതിന് ഇടയായത്. അതുകൊണ്ടുതന്നെ ഇതിനെ നിസ്സാരവൽക്കരിക്കാൻ ആകില്ല. സമീപകാലങ്ങളായി രാജ്യത്തിന് നേർക്ക് അയൽ രാജ്യങ്ങളിൽ നിന്ന് അടക്കം ഉണ്ടാകുന്ന നീക്കങ്ങളെ എല്ലാ രീതിയിലും പ്രതിരോധിക്കേണ്ടതുണ്ട്. പഹൽഗാം ഭീകരാക്രമണാനന്തരം ഓപ്പറേഷൻ സിന്ദൂറിലുടെ നാം മറുപടി നൽകിയതാണ്. ഇന്ന് ഇവിടെ 12 നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. അവരുടെ ചേരയ്ക്ക് ശക്തമായ മറുപടി നൽകണം. സമാഗ്രവും കുറ്റമറ്റതുമായ അന്വേഷണം നടത്തി കുറ്റക്കാരെ വെളിച്ചത്തു കൊണ്ടുവരണം. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ തെറ്റായ സന്ദേശങ്ങളും അപവാദ പ്രചാരണങ്ങളും പരത്തി ഇതിനിടയിൽ രാജ്യത്ത് അപര വിദ്വേഷം പരത്താൻ ശ്രമിക്കുന്നതിനെയും ഒന്നിച്ചു ഒരേ മനസ്സായി നേരിടണം.
ജാഗ്രത വേണം, ഭീകരവാദത്തിന്റെ അടിവേരറുക്കണം
0