ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതി ചേര്‍ത്തുകൊണ്ട് ഒന്നാം മോദി സര്‍ക്കാരിന്റെ ആദ്യകാലയളവില്‍ പ്രഖ്യാപിക്കപ്പെട്ട ജി.എസ്.ടി ചരക്ക് സേവന നികുതി സമ്പ്രദായത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിക്കുമ്പോള്‍ പ്രതീക്ഷകള്‍ക്കൊപ്പം തന്നെ ആശങ്കകളും ജനങ്ങള്‍ക്കുണ്ട്. ഒറ്റനോട്ടത്തില്‍ ഇത് ഗുണകരമാണെന്ന് പറയാമെങ്കിലും വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ പുതിയ പരിഷ്കാരത്തെ സംബന്ധിച്ച് വിവിധ ഘട്ടങ്ങളില്‍ ആധികാരികമായ അഭിപ്രായപ്രകടനങ്ങളും ചര്‍ച്ചകളും അനിവാര്യമായിരിക്കുകയാണ്. ഏതാനും ഉല്പന്നങ്ങള്ക്കു മാത്രം അതായത് മൊബൈല്‍ ടിവി മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ജി.എസ്.ടി ഇളവിന്റെ തുടക്ക ഭാഗത്തില്‍ ഇളവുണ്ടാകുന്നത്.
ദൈനംദിന ജീവിതത്തിന്റെ ഭാഗമായ പലവ്യഞ്ജന സാധനങ്ങള്‍ക്ക് വിലക്കുറവ് ഉണ്ടാകുമോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും വ്യക്തത ഉണ്ടായിട്ടില്ല. ഞായറാഴ്ചയാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ജി.എസ്.ടി പരിഷ്കരണ നടപടികളെ കുറിച്ച് പ്രഖ്യാപിച്ചത്. ന്യായവും കുറഞ്ഞതുമായ വില ഇനിമുതല്‍ ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നും വിലക്കുറവ് എല്ലാ ജനവിഭാഗങ്ങള്‍ക്കും ഗുണകരമാകും എന്നുമാണ് നവരാത്രിയുടെ സമാരംഭ ദിവസത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഇന്ത്യന്‍ കമ്പോളത്തില്‍ മാറ്റത്തിന് തിരികൊളുത്തിക്കൊണ്ട് മോദി പറയുന്നത്. ഇത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേഗത കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നിലവില്‍ 5% 12% 18% 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളില്‍ ആയിരുന്നു ജി.എസ്.ടി ഈടാക്കിയിരുന്നത്. ഇന്നലെ മുതല്‍ 5% 18% എന്ന നിലയിലേക്ക് നികുതി ഇളവുകള്‍ പ്രാബല്യത്തില്‍ ആയിട്ടുണ്ട്.
നിലവില്‍ 12% ഉല്‍പ്പന്നത്തിന് നികുതി നല്‍കിയിരുന്നു ഇനിമുതല്‍ അഞ്ച് ശതമാനവും 28 ശതമാനം നല്‍കിയിരുന്ന 18% ശതമാനവും ആണ് നല്കാന് സര്‍ക്കാര്‍ തീരുമാനത്തോടെ ഇട വന്നിരിക്കുന്നത്. അടുത്തകാലത്തായി ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് നേരെയുള്ള ഇരുട്ടടിയായി അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന തീവ്ര ചുങ്കം സൃഷ്ടിച്ച പ്രതിസന്ധിയെ തരണം ചെയ്യാന്‍ വേണ്ടിയാണോ ഏറെനാളായി ആലോചനകളില്‍ മാത്രം നിലനിന്നിരുന്ന ജി.എസ്.ടി പരിഷ്കരണ നടപടി പെട്ടെന്ന് നടപ്പിലായത് എന്നുള്ള ഒരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ലെങ്കിലും തള്ളിക്കളയാന്‍ ആവാത്ത വിഷയമാണത്. അന്യായമായ നികുതി യു.എസ് ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു എങ്കിലും അന്തര്‍ദേശീയ തലത്തില്‍ ചൈനയും റഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അടക്കം ഇന്ത്യക്ക് പിന്തുണയുമായി രംഗത്തുവന്നുവെങ്കിലും യു.എസ് നിലപാട് മാറ്റം വരുത്താന്‍ തയ്യാറായിരുന്നില്ല.
അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു പരിഷ്കരണം അനിവാര്യമായിരുന്നു ഇന്ത്യയെ സംബന്ധിച്ച് എന്ന് വേണം കരുതാന്‍. പക്ഷേ, വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ നടത്തപ്പെടുന്ന സാമ്പത്തിക പരിഷ്കരണങ്ങള്‍ ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത് സൃഷ്ടിക്കുന്നത് പര്യായങ്ങള്‍ ഇല്ലാത്ത പ്രതിസന്ധിയാണെന്ന് നോട്ട് നിരോധനത്തിലൂടെ നമുക്ക് ബോധ്യപ്പെട്ടതാണ്. അര്‍ദ്ധരാത്രിയോടുകൂടി രാജ്യത്തെ 500,1000 നോട്ടുകള്‍ തന്നെയും നോട്ടുകള്‍ നിരോധിക്കുന്നു എന്ന് രാജ്യത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത നിസ്സഹായവസ്ഥയിലാണ് ഇന്ത്യന്‍ ജനത തെരുവില്‍ നിന്നത്. അന്നുണ്ടായ പ്രയാസങ്ങള്‍ നഷ്ടങ്ങള്‍ ഒരിക്കലും മറക്കാന്‍ ഭാരത ജനതയ്ക്ക് ആവില്ല. അധ്വാനിച്ചുണ്ടാക്കിയ പണത്തിന്റെ മൂല്യം ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞ ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ആ പണത്തിനുവേണ്ടി വെയിലത്തും മഴയെത്തും തെക്കിലും തിരക്കിലും പെട്ട് ജീവന് നഷ്ടപ്പെട്ടു നരകയാതനെ അനുഭവിച്ചവര്‍ പലരും ഇന്നും നമുക്കിടയിലുണ്ട്.
അന്നത്തെ വാഗ്ദാനങ്ങള്‍ ഒക്കെ ഇപ്പോഴും വാഗ്ദാനങ്ങള്‍ മാത്രമായാണ് നിലനില്‍ക്കുന്നത്. സാമ്പത്തിക രംഗത്തെ പൂര്‍ണ്ണമായും പഴയ സ്ഥിതിയിലേക്ക് സാധാരണ നിലയിലേക്ക് എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെടുകയാണ് ഉണ്ടായത്. എടുത്തുചാടിയുള്ള നടപടികളെ രൂക്ഷമായ ഭാഷയിലാണ് പരമോന്നത നീതിപീഠം ഉള്‍പ്പെടെയുള്ള ഉന്നതമായ പല വ്യക്തിത്വങ്ങളും അടക്കം വിമര്‍ശിച്ചത്. ജി.എസ്.ടിയുടെ പുതിയ പരിഷ്കാരങ്ങളെയെല്ലാം നന്നായിത്തന്നെ നോക്കിക്കാണാനാണ് നല്ല രീതിയോട് ഉള്‍ക്കൊള്ളാനാണ് ഏവരും ആഗ്രഹിക്കുന്നത് എങ്കിലും വ്യക്തത ഉണ്ടാവണം. സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയെന്നാണ് പറയപ്പെടുന്നത് എങ്കിലും പൊതുവായി അങ്ങനെ ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ പൊതുവായ നികുതി സമ്പ്രദായത്തിലെ ഈ മാറ്റത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സമ്പദ്ഘടനയുടെ സാഹചര്യങ്ങളെ കൂടി പരിഗണിച്ചു വേണം വിപുലീകരിക്കാന്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ആശങ്കകളെ അഭിപ്രായങ്ങളെ തുറന്നു മനസ്സോടുകൂടി സ്വീകരിച്ചുകൊണ്ട് ജനങ്ങള്‍ക്ക് വരുംകാലത്തേക്ക് എങ്ങനെയാണ് ഇത് ഗുണപ്രദമാകുന്നത് എന്ന് ബോധ്യപ്പെടുത്തി നല്കാന് കൂടി കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.
Highlights: taniniram editoraial today 23.09.2025
നികുതിയിളവ് ആശ്വാസകരം, ആശങ്കയുണ്ട്
0