ന്യൂഡൽഹി(New Delhi) സിറോ മലബാർ സഭാ നേതൃത്വം ഇന്ന് പ്രധാനമന്ത്രിയെ കാണും. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലായിരിക്കും കൂടിക്കാഴ്ച.ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. ഫരീദാബാദിനെ അതിരൂപതയാക്കി ഉയർത്തിയതിനുശേഷമുള്ള സൗഹൃദ സന്ദർശനമെന്നാണ് സഭാ നേതൃത്വം വിശദീകരിക്കുന്നത്.ഛത്തീസ്ഗഡിൽ വിശ്വാസികളെയും പാസ്റ്റർമാരെയും വിലക്കിയ സംഭവവും മോദിക്ക് മുന്നിൽ ഉന്നയിച്ചേക്കും.
ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും, പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിറോ മലബാർ സഭ രംഗത്ത് വന്നിരുന്നു. വർഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമാണെന്നും, ഒരു വിഭാഗത്തെ രണ്ടാംതരം പൗരൻമാരാക്കി മാറ്റുന്ന നടപടിയാണെന്നും സഭ ഫേസ്ബുക്കിൽ കുറിച്ചു.ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളിയിരുന്നു.
Highlights: Syro Malabar Church leadership explains visit to meet PM as friendly visit, may raise issue of Chhattisgarh ban on pastors