Saturday, December 6, 2025
E-Paper
Home Tourismസ്ത്രീ സൗഹൃദ ടൂറിസം പദ്ധതിക്ക് കേരളത്തിന് ശ്രീലങ്കയിൽ നിന്ന് പ്രശംസ

സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിക്ക് കേരളത്തിന് ശ്രീലങ്കയിൽ നിന്ന് പ്രശംസ

by news_desk2
0 comments

തിരുവനന്തപുരം:(Thiruvananthapuram) കേരളത്തിൻറെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭത്തിന് ശ്രീലങ്കയിൽ നിന്ന് പ്രശംസ. ‘എല്ലാവരേയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു മാനദണ്ഡ മാതൃക’ എന്നാണ് ശ്രീലങ്കൻ ടൂറിസം ബ്യൂറോയുടെ മുൻ മാനേജിംഗ് ഡയറക്ടർ ചാർമേരി മെയ്ൽജ് സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങളെ കുറിച്ച് അഭിപ്രായപ്പെട്ടത്. എല്ലാവരേയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രീലങ്കയിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് മെയ്ൽജ്.

ടൂറിസം വികസന പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ സജീവപ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ എല്ലാവരേയും ഉൾക്കൊള്ളുന്നൊരു മാതൃക കേരളം സൃഷ്ടിക്കുകയാണെന്ന് ശ്രീലങ്കയിലെ പ്രമുഖ ബിസിനസ്സ് പത്രമായ ഡെയ്ലി എഫ്ടിയിലെ ലേഖനത്തിൽ ചാർമേരി മെയ്ൽജ് പറയുന്നു. ലിംഗഭേദമില്ലാതെ എല്ലാവരേയും ഉൾക്കൊള്ളുന്ന കേരളത്തിൻറെ ടൂറിസം നയം ഒരു ദേശീയ മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നും അത് മറ്റിടങ്ങളിലും പ്രയോജനപ്പെടുത്താനാകുമെന്നും അവർ അഭിപ്രായപ്പെട്ടു.

എല്ലാവരേയും ഉൾക്കൊള്ളുന്നതും ഉത്തരവാദിത്തമുള്ളതുമായ കേരളത്തിൻറെ സ്ത്രീ സൗഹൃദ ടൂറിസം നയത്തെ ടൂറിസം വികസനത്തിൻറെ ഒരു മികച്ച മാതൃകയായി ഇന്ത്യൻ സംസ്ഥാനങ്ങൾ മാത്രമല്ല വിദേശ ടൂറിസം ബ്രാൻഡുകളും അംഗീകരിക്കുന്നത് സന്തോഷകരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ടൂറിസം സ്ഥലങ്ങളിൽ ഒന്നാണ് കേരളമെന്ന് ഇന്ത്യയിലും വിദേശത്തുമുള്ള വനിതാ സഞ്ചാരികൾ ഉറപ്പു പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ടൂറിസം മേഖലയിലെ വിദേശ വിദഗ്ധരിൽ നിന്ന് അഭിനന്ദനമെത്തുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

2022-ൽ ‘സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി’ പ്രകാരം ആരംഭിച്ച ഈ സംരംഭം ഇപ്പോൾ സംസ്ഥാനത്തുടനീളം വ്യാപിച്ചിട്ടുണ്ട്. സംരംഭകർ, ഗൈഡുകൾ, ഹോംസ്റ്റേ ഉടമകൾ, ടൂർ ഓപ്പറേറ്റർമാർ എന്നിങ്ങനെ വിവിധ തലങ്ങളിൽ 17,000-ത്തിലധികം സ്ത്രീകൾ ഇതിൻറെ ഭാഗമായി പ്രവർത്തിക്കുന്നു. മറവന്തുരുത്ത് ‘സ്ട്രീറ്റ് പ്രോജക്റ്റ് ‘പോലുള്ള കേരളത്തിൻറെ വിജയകരമായ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളിലൂടെ ഗ്രാമീണ മേഖലകളിൽ ചെറുതും സുസ്ഥിരവുമായ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനായതായി ശ്രീലങ്കൻ ദിനപത്രത്തിലെ ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്.

സംസ്ഥാനത്തിൻറെ പ്രാദേശിക സംസ്കാരം, പൈതൃകം, ഭക്ഷണവിഭവങ്ങൾ എന്നിവയും മെച്ചപ്പെട്ടു. ഇതിനെയാണ് കേരളത്തിൻറെ തനത് അനുഭവമായി വിദേശ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ അടയാളപ്പെടുത്തുന്നത്. കേരളത്തിലെ ആർടി മിഷൻറെ എല്ലാവരേയും ഉൾക്കൊള്ളുന്ന സമീപനത്തിലൂടെ സ്ത്രീകൾ ഗുണഭോക്താക്കളാകുക മാത്രമല്ല ടൂറിസം മേഖലയിലെ സജീവ പങ്കാളികളാണെന്ന് ഉറപ്പാക്കുന്നതായും ലേഖനത്തിൽ പറയുന്നു. 2024-ൽ യുഎൻ വിമണിൻറെ പിന്തുണയോടെ സംഘടിപ്പിച്ച ഗ്ലോബൽ വിമൺസ് കോൺഫറൻസിന് കേരളം ആതിഥേയത്വം വഹിച്ചിരുന്നു. ഇത് സ്ത്രീ സൗഹൃദ ടൂറിസത്തെക്കുറിച്ചുള്ള കേരളത്തിൻറെ കാഴ്ചപ്പാട് പ്രഖ്യാപിക്കുന്ന ഒന്നായിരുന്നെന്നും ലേഖനത്തിൽ പരാമർശിക്കുന്നു.

Highlights:Sri Lanka praises Kerala’s women-friendly tourism model

You may also like