ന്യൂഡല്‍ഹി:(New Delhi) ചെങ്കോട്ട സ്‌ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ പതിമൂന്ന് പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇനി തിരിച്ചറിയാനുള്ളത് ചിന്നിച്ചിതറിയ മൃതദേഹങ്ങളാണ്. ഇത് തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഡൽഹിയിലേത് ചാവേർ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച അമോണിയം നൈട്രേറ്റ് ഇതിൻ്റെ സൂചനയാണെന്നും പൊലീസ് പറയുന്നു. എന്നാൽ ഇതിൽ കൂടുതൽ വ്യക്ത വരേണ്ടതുണ്ട്. ഫരീദാബാദിൽ സ്ഫോടന വസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഉമർ മുഹമ്മദാണ് ചെങ്കോട്ട സ്ഫോടത്തിൻ്റെ മുഖ്യ സൂത്രധാരൻ എന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനം നടന്ന കാറിൽ ഉണ്ടായിരുന്നത് ഇയാളാണെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. സ്ഫോടനത്തിൽ ഇയാൾ കൊല്ലപ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ കാറിൽ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കണം. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.
ഉമർ മുഹമ്മദിൻ്റെ അമ്മയേയും സഹോദരങ്ങളേയും അടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജമ്മു കശ്മീരിലെ വസതിയിൽ നിന്നാണ് അമ്മയേയും സഹോദരങ്ങളേയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഉമറിൻ്റെ സഹോദങ്ങളായ ആഷിഖ് അഹമ്മദ്, സഹൂർ അഹമ്മദ്, മാതാവ് ഷമീമ ബാനോ, പ്ലംബറായി ജോലി നോക്കുന്ന ആമിർ റാഷിദ് മിർ, സർക്കാർ ഉദ്യോഗസ്ഥനായ ഉമർ റാഷിദ് മിർ, ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായ താരിഖ് മാലിക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ മൂന്ന് പേര്‍ക്ക് ഉമറുമായുള്ള ബന്ധം വ്യക്തമല്ല.
Highlight; Red Fort blast: Death toll rises to 13; six detained in Jammu