ബ്രിസ്ബേന്‍:(Brisbane) ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.5 ആറോവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴമൂലം മത്സരം നിര്‍ത്തിവെച്ചത്. 16 പന്തില്‍ 29 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 13 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. പിന്നീട് കനത്ത മഴ തുടര്‍ന്നതിനാല്‍ പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-1ന് ടി20 പരമ്പര സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ടി20 പരമ്പര ജയമാണിത്. 2023-24ലും 2022ലും ഓസ്ട്രേലിയ ഇന്ത്യയില്‍ ടി20 പരമ്പര കളിച്ചപ്പോള്‍ ഇന്ത്യ യഥാക്രമം 4-1നും 2-1നും പരമ്പര സ്വമന്തമാക്കിയിരുന്നു. 202-21നുശേഷം ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര ജയമാണിത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയത്.
അഞ്ചാം മത്സരത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ഓവറിലെ അടി തുടങ്ങി. ബെന്‍ ഡ്വാര്‍ഷൂയിസിന്‍റെ നാലാം പന്ത് ബൗണ്ടറി കടത്തി തുടങ്ങിയ അഭിഷേക് ശര്‍മ തൊട്ടടുത്ത പന്തില്‍ നല്‍കിയ അനായാസ ക്യാച്ച് ഗ്ലെൻ മാക്സ്‌വെല്‍ കൈവിട്ടത് ഇന്ത്യക്ക് അശ്വാസമായി. അടുത്ത പന്ത് ബൗണ്ടറി കടത്തി അഭിഷേക് ആദ്യ ഓവറില്‍ തന്നെ ഇന്ത്യയെ 11 റണ്‍സിലെത്തിച്ചു. എന്നാല്‍ പിന്നീട് അഭിഷേക് താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ ശുഭ്മാന്‍ ഗില്‍ ആക്രമണം ഏറ്റെടുത്തു. സേവിയര്‍ ബാര്‍ട്‌ലെറ്റിനെ ബൗണ്ടറി കടത്തി തുടങ്ങിയ ഗില്‍ ഡ്വാര്‍ഷൂയിസ് എറിഞ്ഞ മൂന്നാം ഓവറില്‍ നാലു ബൗണ്ടറികള്‍ പറത്തി ഇന്ത്യയുടെ തുടക്കം കളറാക്കി.
നഥാന്‍ എല്ലിസ് എറിഞ്ഞ നാലാം ഓവറില്‍ അഭിഷേകിനെ വീണ്ടും ഡ്വാര്‍ഷൂയിസ് കൈവിട്ടതിന് പിന്നാലെ സിക്സ് പറത്തി അഭിഷേക് ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ചു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും അഭിഷേക് സ്വന്തമാക്കി. സേവിയര്‍ ബാര്‍ട്‌ലെറ്റ് എറിഞ്ഞ അഞ്ചാം ഓവറില്‍ അഞ്ച് പന്ത് എറിഞ്ഞതിന് പിന്നാലെ മഴയെത്തി. ഇതോടെ മത്സരം നിര്‍ത്തിവെച്ചു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മധ്യനിരയില്‍ കഴിഞ്ഞ രണ്ട് കളികളിലും നിരാശപ്പെടുത്തിയ തിലക് വര്‍മക്ക് പകരം റിങ്കു സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്ട്രേലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല
Highlights:Rain Washes Out 5th T20, India Clinch Series Win