പാലക്കാട്(Palakkad): ലൈംഗികാരോപണത്തിൽ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാട് മയപ്പെടുത്തി ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ. രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻ്റ് ചെയ്തത് അച്ചടക്ക നടപടി മാത്രമാണെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ സജീവമാകും. എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകാൻ നിർദ്ദേശമുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെ കാണുമ്പോൾ വഴിമാറിപ്പോകേണ്ടതില്ലെന്നും സംസാരിക്കേണ്ടെന്നും ആരോടും പറഞ്ഞിട്ടില്ല. പാലക്കാട്ടെ ജനങ്ങളുടെ കാര്യം നോക്കാനാണ് രാഹുൽ മണ്ഡലത്തിൽ വന്നത്. രാഹുൽ വന്നില്ലെന്ന ആദ്യം പറഞ്ഞു. ഇപ്പോൾ വന്നല്ലോയെന്നും തങ്കപ്പൻ ചോദിച്ചു.
കോൺഗ്രസ് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിലെത്തിയത്. പാലക്കാട് എത്തുന്നതിന് മുൻപ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ഡിസിസി പ്രസിഡൻ്റ് തങ്കപ്പൻ, പാലക്കാട് എംപി വികെ ശ്രീകണ്ഠൻ എന്നിവരുമായി അദ്ദേഹം സംസാരിച്ചിരുന്നു. ഇക്കാര്യം ജില്ലാ നേതൃത്വവും അംഗീകരിക്കുന്നു. ശനിയാഴ്ച നിശ്ചയിച്ച യാത്ര സാങ്കേതിക കാരണങ്ങളാലാണ് ബുധനാഴ്ചയിലേക്ക് മാറ്റിയതെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം.
എംഎൽഎ എന്ന നിലയിൽ രാഹുലിന് പൂർണ പിന്തുണ നൽകാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണമെന്ന ആവശ്യം ഡിസിസി നേതൃത്വവും മുസ്ലിം ലീഗും കോൺഗ്രസിൻ്റെ സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു.
Highlights: ‘Rahul Mangkootatil has not been expelled, suspension is only a disciplinary action’; Palakkad DCC President softens stance