പാലക്കാട്(Palakkad): പാലക്കാട്ട് പൊതുപരിപാടികളുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സജീവം. പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിന് ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എത്തും. ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് എംഎൽഎയുടെ പരിപാടി. എംഎൽഎയ്ക്ക് ആശംസ അറിയിച്ച് പിരായിരി ആറാം വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റിയാണ് ഫ്ലക്സ് സ്ഥാപിച്ചത്.
ഇതുവരെ പാലക്കാട്ടെ രാഹുലിന്‍റെ പൊതുപരിപാടികള്‍ ആരെയും അറിയിക്കാതെയും ഫ്ലക്സ് ബോര്‍ഡ് സ്ഥാപിക്കാതെയുമാണ് നടത്തിയിരുന്നതെങ്കിൽ റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് നടത്തുന്നത്. വിവാദങ്ങളുണ്ടായി ഒന്നര മാസത്തിനുശേഷമാണ് രാഹുലിന്‍റെ പേരിൽ ഇത്തരത്തിലൊരു ഫ്ലക്സ് മണ്ഡലത്തിൽ സ്ഥാപിക്കുന്നത്.
പരിപാടിയിൽ പ്രതിഷേധവുമായി എത്തുമെന്നാണ് ബിജെപിയും ഡിവൈഎഫ്ഐയും അറിയിക്കുന്നത്. പിരായിരി പഞ്ചായത്തിലെ പൂളിക്കുന്നം കോണ്‍ക്രീറ്റ് റോഡിന്‍റെ ഉദ്ഘാടനമാണ് ഇന്ന് വൈകിട്ട് നടക്കുന്നത്.
എംഎൽഎ ഫണ്ട് അനുവദിച്ച രാഹുൽ പൂഴിക്കുന്നം കോണ്‍ക്രീറ്റ് റോഡ് എന്ന സ്വപ്ന പദ്ധതിക്ക് എംഎൽഎ ഫണ്ട് അനുവദിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും പദ്ധതി യഥാര്‍ഥ്യമാക്കാൻ പരിശ്രമിച്ച വാര്‍ഡ് മെമ്പര്‍ എച്ച് ഷമീറിനും അഭിനന്ദനങ്ങള്‍ എന്നാണ് ഫ്ലക്സ് ബോര്‍ഡിലുള്ളത്. പത്തു ലക്ഷം രൂപ എംഎൽഎ ഫണ്ട് അനുവദിച്ചുകൊണ്ടാണ് റോഡ് നിര്‍മിച്ചിരിക്കുന്നതെന്നും ഇതിനാൽ തന്നെ എംഎൽഎ ആണ് റോഡ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് ജനങ്ങള്‍ അഭിപ്രായപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്ഘാടനം ഇത്തരത്തിൽ തീരുമാനിച്ചതെന്നും വാര്‍ഡ് അംഗം എച്ച് ഷമീര്‍ പറഞ്ഞു.
ഇന്നലെ പാലക്കാട് കണ്ണാടി പഞ്ചായത്തിൽ കോൺഗ്രസിൻ്റെ മൂന്ന് വാർഡുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. വാർഡുകളിലെ പൾസ് പോളിയോ തുള്ളി മരുന്ന് നൽകുന്നതിന്‍റെ ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചു. എംഎൽഎ വരുന്ന വിവരം അവസാന നിമിഷമാണ് ആളുകളെ അറിയിച്ചത്.
ഇന്നലെ പാലക്കാട് നഗരസഭയിലെ 36-ാം വാർഡിലെ കുടുംബശ്രീ വാർഷികം, ബാലസദസിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ അഞ്ചിന് കെഎസ്ആർടിസി ബെംഗളൂരു ബസ് രാഹുൽ ഫ്ളാഗ് ഓഫ് ചെയ്തത് വിവാദമായിരുന്നു.
Highlights: Public event to inform everyone on the flex board; Rahul to inaugurate the road in Palakkad constituency