Saturday, December 6, 2025
E-Paper
Home Internationalനേപ്പാൾ മുൻപ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ഭാര്യ വെന്തുമരിച്ചു

നേപ്പാൾ മുൻപ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ഭാര്യ വെന്തുമരിച്ചു

by news_desk1
0 comments

കാഠ്മണ്ഡു(kathmandu): ജെൻസി പ്രക്ഷോഭത്തിൽ ആടിയുലഞ്ഞ് നേപ്പാൾ. രാജ്യമെമ്പാടും അക്രമം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പ്രക്ഷോഭത്തിനിടെ മന്ത്രിമാരുടെ വസതികൾക്കും സര്‍ക്കാര്‍ മന്ദിരങ്ങൾക്കും നേരെ വലിയ തോതിലുള്ള ആക്രമണമാണ് നടക്കുന്നത്. പ്രക്ഷോഭകാരികൾ വീടിന് തീയിട്ടതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ വെന്തുമരിച്ചു.

തലസ്ഥാനമായ കാഠ്മണ്ഡുവിലെ ദള്ളു പ്രദേശത്തെ വസതിയിലാണ് തീയിട്ടത്. പ്രതിഷേധക്കാര്‍ അവരെ വീട്ടില്‍ അടച്ചിട്ട് വീടിന് തീ കൊളുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.ഗുരുതരമായി പൊള്ളലേറ്റ രാജ്യലക്ഷ്മിയെ ഉടൻ ബേൺ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സക്കിടെ മരിച്ചുവെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.

സർക്കാർ ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയുണ്ടായ ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണാൻ വഴിയൊരുക്കുന്നതിനായാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം തന്റെ രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ സോഷ്യൽ മീഡിയ നിരോധനം നീക്കിയെങ്കിലും പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിനിടെ 22 പേർ കൊല്ലപ്പെടുകയും 300-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാഠ്മണ്ഡുവിലെ വിമാനത്താവളം അടച്ചിട്ടു. സൈനിക ഹെലികോപ്റ്ററുകൾ ചില മന്ത്രിമാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.

പ്രക്ഷോഭകര്‍ നേപ്പാൾ പാർലമെന്‍റ് മന്ദിരത്തിന് തീയിട്ടത് രാജ്യത്ത് വലിയ ഞെട്ടലുണ്ടാക്കി. പാർലമെന്റിന് പുറമെ, പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും സ്വകാര്യ വസതികളും പ്രതിഷേധക്കാർ നശിപ്പിച്ചു.65കാരനായ ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ തലസ്ഥാനത്തെ തെരുവുകളിലൂടെ ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തെ ആൾക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്.

അതേസമയം രാജ്യത്തിന്‍റെ സുരക്ഷ ഏറ്റെടുക്കുമെന്ന് നേപ്പാൾ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയും റഷ്യയുമടക്കമുള്ള ലോകരാജ്യങ്ങൾ നേപ്പാളിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരോട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതുവരെ നേപ്പാളിലേക്ക് യാത്ര ചെയ്യരുതെന്നും ഇരുരാജ്യങ്ങളും നിർദേശിച്ചു. അതിനിടെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി . അതിർത്തിയിലെ നേപ്പാൾ സർക്കാരിന്‍റെ ഓഫീസുകൾക്ക് ഇന്നലെ പ്രതിഷേധക്കാർ തീയിട്ടിരുന്നു. ബി പി ചൗക്കിലും ത്രിഭുവൻ ചൗക്കിലും പ്രതിഷേധമുണ്ടായി.

Highlights: Protesters set fire to former Nepal PM’s house; wife burns to death

You may also like