പിറവം(piravam): ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ പിറവം വള്ളംകളി മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ മൂവാറ്റുപുഴയാറിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിൽ മുഖ്യ സന്ദേശം നൽകും.
നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയ്യപുരം, പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം, പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപാടം, നിരണം ബോട്ട് ക്ലബിന്റെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പായിപ്പാടൻ, ഇമാനുവൽ ബോട്ട് ക്ലബിന്റെ നടുവിലേപറമ്പൻ, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബിന്റെ കാരിച്ചാൽ, മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബിന്റെ ചെറുതന, ചങ്ങനാശ്ശേരി ബോട്ട് ക്ലബിന്റെ ചമ്പക്കുളം എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിന് ഇറങ്ങുന്നത്.
ബി ഗ്രേഡ് ഇരുട്ടുകുത്തി പ്രാദേശിക വള്ളങ്ങളുടെ മത്സരത്തിൽ പിറവം ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ നമ്പർ-1, പിറവം ആർ കെ ടീം ബോട്ട് ക്ലബ്ബിന്റെ താണിയൻ, വെള്ളൂർ ബോട്ട് ക്ലബ്ബിന്റെ സെന്റ് ആന്റണി എന്നിവയും മത്സരത്തിനിറങ്ങും. മുൻ മുഖ്യമന്ത്രിമാരായ ഇം.എം.എസ്, കെ. കരുണാകരൻ, മന്ത്രി ടി.എം. ജേക്കബ്, മുൻ പിറവം പഞ്ചായത്ത് പ്രസിഡൻ്റ് ഉമാദേവി അന്തർജനം എന്നിവരുടെ പേരിലുള്ള ട്രോഫികളാണ് പിറവത്ത് വിജയികളെ കാത്തിരിക്കുന്നത്.
Highlights:Piravom boat race in the Muvattupuzha River today