പത്തനംതിട്ട:(Pathanamthitta) പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പത്തനംതിട്ട തിരുവല്ലയില്‍ 19കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് കണ്ടെത്തല്‍. 2019 ലാണ് കേസിനാസ്പദമായ സംഭവം.
തിരുവല്ല ചുമത്ര സ്വദേശിനി കവിതയായിരുന്നു കൊല്ലപ്പെട്ടത്. പ്രതി കുമ്പനാട് സ്വദേശി അജിന് റെജി മാത്യുവിനെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ശിക്ഷാവിധി മറ്റന്നാള്‍ പ്രസ്താവിക്കും. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കവിതയുടെ മാതാപിതാക്കള്‍ പറഞ്ഞു. കോടതിയില്‍ എല്ലാ തെളിവുകളും ഹാജരാക്കിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരിശങ്കറും പറഞ്ഞു.
2019 ല്‍ തിരുവല്ല ടൗണിലാണ് സംഭവം നടന്നത്. പതിവുപോലെ സ്ഥലത്തെ റേഡിയോളജി വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എത്തിയതായിരുന്നു കവിത. ഈ സമയം അജിന് റെജി മാത്യു കയ്യില്‍ കത്തിയും മൂന്ന് കുപ്പി പെട്രോളുമായി കവിതയുടെ അടുത്തെത്തി. തുടര്‍ന്ന് കത്തികൊണ്ട് കുത്തി. പിന്നാലെ ഒരു കുപ്പി പെട്രോള്‍ കവിതയുടെ ദേഹത്തേയ്ക്ക് ഒഴിച്ചു. നാട്ടുകാര്‍ ഓടിക്കൂടി തീയണയ്ക്കുകയും കവിതയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടെ പ്രതി അജിന് റെജിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചിരുന്നു. കവിതയ്ക്ക് അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. കവിതയുടെ മരണമൊഴി കേസില്‍ നിര്‍ണായകമായിരുന്നു.
Highlights: Pathanamthitta court will release verdict on kavith murder case on thursday