ദുബായ്(Dubai): ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാന്‍റെ ടോപ് സ്കോററായത് മുഹമ്മദ് ഹാരിസായിരുന്നു. 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 55-5ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാനെ അവസാന എട്ടോവറില്‍ 80 റണ്‍സ് അടിച്ച് 135ല്‍ എത്തിച്ചതില്‍ ഹാരിസും ഷഹീന്‍ അഫ്രീദിയും മുഹമ്മദ് നവാസും ചേര്‍ന്നായിരുന്നു. മത്സരത്തില്‍ 23 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി ഹാരിസ് 31 റണ്‍സെടുത്ത് പാകിസ്ഥാന്‍റെ ടോപ് സ്കോററായി. എന്നാല്‍ ബാറ്റിംഗിനിടെ ഹാരിസിന് സംഭവിച്ചൊരു ഭീമാബദ്ധമാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ആദ്യ റണ്‍ പൂര്‍ത്തിയാക്കും മുമ്പെ ക്യാപ്റ്റൻ സല്‍മാന്‍ അലി ആഘക്കൊപ്പം മുമ്പ് രണ്ടാം റണ്ണിനായി ഹാരിസ് ഓടിയതാണ് പാക് താരത്തിന് നാണക്കേടായത്.
പത്താം ഓവറില്‍ മെഹ്ദി ഹസന്‍റെ പന്ത് സല്‍മാന്‍ അലി ആഘ ലോംഗ് ഓണിലേക്ക് അടിച്ച് സിംഗിളിനായി ഓടി. സ്ട്രൈക്കിംഗ് എന്‍ഡിലെത്തിയ ഹാരിസ് ബാറ്റ് ക്രീസില്‍ കുത്താതെ സല്‍മാന്‍ ആഘയുടെ രണ്ടാം റണ്ണിനായുള്ള ക്ഷണം നിരസിച്ചു. എന്നാല്‍ ലോംഗ് ഓണില്‍ പന്ത് പിടിച്ച റിഷാദ് ഹൊസൈന്‍റെ കൈയില്‍ നിന്ന് പന്ത് വഴുതിപ്പോയി. ഇതോടെ സല്‍മാന്‍ അലി ആഘ രണ്ടാം റണ്ണിനായി ഓടിയപ്പോള്‍ ഹാരിസും ഓടി. എന്നാല്‍ ആദ്യ റണ്ണിനായി ഓടിയപ്പോള്‍ ബാറ്റ് ക്രീസില്‍ കുത്താതിരുന്നതുകൊണ്ട് രണ്ട് റണ്‍ ഓടിയിട്ടും ഒരു റണ്‍ മാത്രമാണ് അനുവദിച്ചത്. പിന്നാലെ ഹാരിസിന്‍റെ അശ്രദ്ധയ്ക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന്‍റെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സിലൊതുങ്ങി. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചിരുന്ന ബംഗ്ലാദേശിന് ഇന്നലെ പാകിസ്ഥാനെ തോല്‍പിച്ചിരുന്നെങ്കില്‍ ഫൈനലിലെത്താമായിരുന്നു.
Highlights: Pakistani player Mohammad Haris scored a second run before completing the first run