ഇസ്ലാമാബാദ്:(Islamabad) ഇന്ത്യ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ നേരിടുന്നത് വന്‍ കാര്‍ഷിക പ്രതിസന്ധി. പാകിസ്താനിലെ 80% കൃഷിയും നാശത്തിന്റെ വക്കിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
നിലവില്‍ സിന്ധു നദിയിലെ പാകിസ്താന്റെ അണക്കെട്ടുകള്‍ക്ക് 30 ദിവസത്തെ ജലം മാത്രമേ സംഭരിക്കാന്‍ കഴിയൂവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസിന്റെ 2025-ലെ പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ പാകിസ്താനിലെ ജനസാന്ദ്രതയേറിയ പലയിടങ്ങളും കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്. സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതിന്റെ ഫലമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജലക്ഷാമം രൂക്ഷമാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.
ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഏക അതിര്‍ത്തി കടന്നുള്ള ജല പങ്കിടല്‍ കരാറാണ് സിന്ധു നദീജല കരാര്‍. 1960 സെപ്റ്റംബര്‍ 19-നാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ സിന്ധു നദീജല കരാര്‍ ഒപ്പുവെയ്ക്കുന്നത്. 64 വര്‍ഷം പഴക്കമുള്ള ഈ കരാര്‍ കറാച്ചിയില്‍ വെച്ചാണ് ഒപ്പിടുന്നത്. നീണ്ട ഒമ്പത് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറിലേക്ക് ഇരു രാജ്യങ്ങളും കടന്നത്.
2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ നേരിട്ടിട്ടും ഇന്ത്യ ഈ കരാറില്‍ നിന്ന് പിന്മാറിയിരുന്നില്ല. എന്നാല്‍ കശ്മീരിന്റെ സ്വപ്ന താഴ്‌വരയായ പഹല്‍ഗാമിനെ രക്തരൂക്ഷിതമാക്കിയതിന് പിന്നാലെ നയതന്ത്ര ബന്ധത്തിലെ പ്രധാന ഏടായ സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
Highlights: Pakistan Faces Water Crisis Ahead Of Winter After India’s Indus Treaty Suspension