Saturday, December 6, 2025
E-Paper
Home Kerala`അടിച്ചു’തീർത്ത് ഓണം, ബെവ്കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം, നാളെ മുതൽ മദ്യശാലകളിൽ കുപ്പികൾ തിരിച്ചെടുക്കും

`അടിച്ചു’തീർത്ത് ഓണം, ബെവ്കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം, നാളെ മുതൽ മദ്യശാലകളിൽ കുപ്പികൾ തിരിച്ചെടുക്കും

by news_desk1
0 comments

തിരുവനന്തപുരം(Thiruvananthapuram): സംസ്ഥാനത്ത് ഓണനാളുകളിൽ ബെവ്കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം. 12 ദിവസത്തെ കണക്കാണിത്. കഴിഞ്ഞ വർഷം 842.07കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റത്.

കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 78 കോടിയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കണക്കനുസരിച്ച് കൊല്ലം ആശ്രാമം, കരുനാഗപ്പള്ളി, തിരുവനന്തപുരം പവർഹൗസിനടുത്തായുള്ള ഔട്ലറ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മദ്യം ചെലവഴിക്കപ്പെട്ടത്.

അതേസമയം, സംസ്ഥാനത്തെ മദ്യശാലകളിൽ നാളെ മുതൽ കുപ്പികൾ തിരികെ വാങ്ങൽ ആരംഭിക്കും. കണ്ണൂരിലും തിരുവനന്തപുരത്തുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബെവ്കോ ഔട്ട്ലെറ്റുകളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്.

ഇതുപ്രകാരം 20 ഷോപ്പുകളിലായിരിക്കും മദ്യക്കുപ്പികൾ തിരികെ ഏൽപ്പിക്കാൻ കഴിയുന്നത്. വാങ്ങിയ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യക്കുപ്പി കൊടുത്താൽ ഡെപ്പോസിറ്റ് തുകയായ 20രൂപ തിരികെ നൽകും.

ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കുന്നത്. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും.

പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. 20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്പോൾ ലഭിക്കുമെന്നും അതിനാൽ മദ്യ വിലയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

പരീക്ഷണാടിസ്ഥാനത്തിലാണ് തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ പദ്ധതി ലടപ്പിലാക്കുന്നത്. ശേഷം സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാനാണ് തീരുമാനം.

Highlights: Onam with a bang, Bevco sold liquor worth Rs 920.74 crore, bottles will be taken back from liquor shops from tomorrow

You may also like