തിരുവനന്തപുരം(Thiruvananthapuram): ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ നിലപാട് സ്ഥിരതയുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നാമജപ ഘോഷയാത്ര നടത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും പരമാവധി പരിശ്രമിച്ചവരാണ് എന്‍എസ്എസ് എന്നും ആ സംരക്ഷണത്തിന് അനുകൂലമായ ഒരു നിലപാട് വന്നാൽ സ്വാഭാവികമായും എൻഎസ്എസ് എടുക്കുന്ന പ്രതികരണമാണ് ഇപ്പോൾ കണ്ടത്, അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. സർക്കാർ എടുത്ത നിലപാടാണ് ഇപ്പോൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നത്. യുവതി പ്രവേശനം അനുവദിക്കണമെന്നതാണ് സർക്കാരിന്റെ അഫിഡവിറ്റ്. പിണറായി വിജയൻ സർക്കാർ കനക ദുർഗ, ബിന്ദു അമ്മിണി എന്നിവരെ പൊലീസ് എസ്ക്കോട്ടിൽ ശബരിമലയിൽ എത്തിച്ചതാണ് എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കൂടാതെ 51 സ്ത്രീകളെ ശബരിമലയിൽ എത്തിച്ചു എന്നാണ് സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചത്. കോൺഗ്രസ് സർക്കാർ നിലപാടിന് അന്നും ഇന്നും എതിർക്കുകയാണ്. എന്‍എസ്സുമായി കോൺഗ്രസിന് തർക്കം ഇല്ല. കോൺഗ്രസ് ഒരുകാലത്തും എൻഎസ്എസുമായി തർക്കിച്ചിട്ടില്ല. അങ്ങനെ തർക്കിക്കേണ്ട ഒരു കാര്യവുമില്ല. കോൺഗ്രസിനും എൻഎസ്എസിനും ശബരിമലയുടെ കാര്യത്തിൽ ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. ആ ലക്ഷ്യം വിശ്വാസ സംരക്ഷണമാണ്. എന്‍എസ്എസ് കോൺഗ്രസിന് എതിരാണ് എന്ന് വരുത്തിക്കാൻ ചില ദുഷ്ടലാക്കുകൾ ശ്രമിക്കുകയാണ്. എന്‍എസ്എസുമായി അകൽച്ച വെക്കുന്നവർ അല്ല കോൺഗ്രസ്. നിലവിലെ വിവാദത്തിൽ പാർട്ടി നേതൃത്വം മറുപടി പറയും എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
Highlights: NSS has stability, what the government lacks, no wonder about its stance’; Thiruvanchoor Radhakrishnan