ഏതു നേരവും ഫേസ്ബുക്കിൽ സമയം കളയുകയാണെന്ന തോന്നലുണ്ടോ? എങ്കിൽ ഇനി സമയം പാഴാക്കാതെ ജോലി കണ്ടെത്താനും ഫേസ്ബുക്ക് സഹായിക്കാമെന്നാണ് മെറ്റ വാഗ്ദാനം ചെയ്യുന്നത്. പ്രാദേശിക തലത്തിൽ ജോലി കണ്ടെത്താൻ സഹായിക്കുന്ന ജോബ്സ് ഫീച്ചർ ഫേസ്ബുക്കിൽ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.
ഫേസ്ബുക്ക് വഴി യുവാക്കൾക്ക് ജോലി അവസരങ്ങൾ കണ്ടെത്താൻ അനുവദിക്കുന്ന ലിങ്ക്ഡ്ഇൻ പോലുള്ള ഫീച്ചറാണിത്. ആദ്യമായി മെറ്റ ഈ ഫീച്ചർ അവതരിപ്പിച്ചത് 2017 ൽ ആണ്. എന്നാലിത് 2023 ൽ നിർത്തലാക്കി. പിന്നീട് ഇന്നാണ് വീണ്ടും പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്നത്.
18 വയസിന് മുകളിലുള്ള ഉപയോക്താക്കൾക്ക് റസ്റ്റോറൻ്റുകളിലോ സ്ഥാപനങ്ങളിലോ ബിസിനസുകളിലോ ജോലി കണ്ടെത്താൻ ഈ ഫീച്ചർ സഹായിക്കുന്നു. ഫീച്ചറിലൂടെ ഫേസ്ബുക്ക് മാർക്കറ്റ്പ്ലെയ്സിലെ ഒരു സമർപ്പിത ടാബ് വഴിയോ ഗ്രൂപ്പുകളിലോ പേജുകളിലോ തൊഴിലുടമകൾക്ക് തൊഴിലവസരങ്ങള്‍ ലിസ്റ്റ് ചെയ്യാൻ കഴിയും.
ഫേസ്ബുക്ക് നിർദേശിക്കുന്ന മാർഗനിർദേശങ്ങൾ അനുസരിച്ച് വേണം ജോലി ഒഴിവുകള്‍ പോസ്റ്റ് ചെയ്യാൻ. വിവേചനപരമായ കണ്ടൻ്റുകൾ, ലൈംഗികത കലർന്ന ഉള്ളടക്കങ്ങൾ, തട്ടിപ്പുകൾ പ്രേത്സാഹിപ്പിക്കുന്ന ജോലികൾ എന്നിവ പോസ്റ്റ് ചെയ്യാൻ കഴിയില്ല. നിലവിൽ ഈ ജോബ്സ് ഫീച്ചർ യുഎസിൽ മാത്രമേ ലഭ്യമാകുന്നുള്ളൂ.
ജോബ്സ് ഫീച്ചറിൻ്റെ സഹായത്തോടെ ആദ്യമായി സ്ഥിരം ജോലിയോ പാർട്ട് ടൈം ജോലിയോ അന്വേഷിക്കുന്ന ഉപയോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി കണ്ടെത്താനും അപേക്ഷിക്കാനും കഴിയും. മാർക്കറ്റ്പ്ലെയ്സിൽ ഉപയോക്താക്കൾക്ക് ജോലികൾക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒരു പ്രത്യേക ടാബ് നൽകിയിട്ടുണ്ട്. കൂടാതെ നൽകിയിരിക്കുന്ന സബ് ടാബുകൾ ഉപയോഗിച്ച് തൊഴിലിൻ്റെ വിഭാഗം, ദൂരം, തരം എന്നിവ അടിസ്ഥാനമാക്കി ജോലികൾ കൂടുതൽ ഫിൽട്ടർ ചെയ്യാനും തരംതിരിക്കാനും കഴിയുന്നതാണ്.
Highlights: Now you can get a job just by browsing Facebook; Meta introduces new job feature