Saturday, December 6, 2025
E-Paper
Home Internationalചൈന സോയാബീൻ വാങ്ങുന്നില്ലെങ്കിൽ എണ്ണ വേണ്ടെന്ന് ട്രംപ്; വീണ്ടും വ്യാപാര യുദ്ധം

ചൈന സോയാബീൻ വാങ്ങുന്നില്ലെങ്കിൽ എണ്ണ വേണ്ടെന്ന് ട്രംപ്; വീണ്ടും വ്യാപാര യുദ്ധം

by news_desk2
0 comments

വാഷിങ്ടൺ:(Washington) അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങില്ലെന്ന ചൈനീസ് തീരുമാനത്തിന് പിന്നാലെ പ്രതികാര നടപടിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയിൽ നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിർത്തിവെക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുകയാണെന്നാണ് ട്രംപ് നൽകുന്ന മുന്നറിയിപ്പ്.


‘നമ്മുടെ സോയാബീൻ മനഃപൂർവ്വം വാങ്ങാതിരിക്കുകയും ഇതിലൂടെ സോയാബീൻ കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. പാചക എണ്ണയുടെയും മറ്റ് ഘടകങ്ങളുടെയും കാര്യത്തിൽ ചൈനയുമായുള്ള ബിസിനസ്സ് അവസാനിപ്പിക്കുന്ന പ്രതികാര നടപടികൾ ആലോചനയിലാണ്. നമുക്ക് എളുപ്പത്തിൽ പാചക എണ്ണ സ്വയം ഉത്പാദിപ്പിക്കാൻ കഴിയും, ചൈനയിൽ നിന്ന് അത് വാങ്ങേണ്ട ആവശ്യമില്ല’, ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു.

യുഎസിൽ നിന്ന് ഏറ്റവും കൂടുതൽ സോയാബീൻ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. 2024-ൽ മാത്രം ഏകദേശം 12.8 ബില്യൺ ഡോളർ വിലമതിക്കുന്ന 27 ദശലക്ഷം മെട്രിക് ടൺ സോയയാണ് ചൈന ഇറക്കുമതി ചെയ്തത്. എന്നാൽ ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര യുദ്ധം മുറുകുന്നതിനാൽ മെയ് മാസത്തിനുശേഷം ചൈന സോയാബീൻ വാങ്ങിയിട്ടില്ല. ബ്രസീലിൽ നിന്ന് വലിയ അളവിൽ സോയാബീൻ വാങ്ങുനുള്ള തീരുമാനത്തിലാണ് ചൈന.

അതേസമയം, ആഗോള അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇന്ത്യയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഉയർന്ന തീരുവ നിലനിർത്തുമ്പോഴാണ് യുഎസ് ട്രഷറി സെക്രട്ടറി ചൈനയ്ക്കെതിരെ പിന്തുണ ആവശ്യപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്. ഇത് ഒരു ആഗോള യുദ്ധമാണെന്നും ബെസെന്റ് പറഞ്ഞു. ഇത് ചൈനയും ലോകവും തമ്മിലുള്ള പോരാട്ടമാണെന്നും സ്കോട്ട് ബെസ്സെന്റ് കൂട്ടിച്ചേർത്തു.

Highlights:“No oil if China won’t buy soybeans,” says Trump; fresh trade war on the horizon

You may also like