ദുബൈ(Dubai): വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ. ഇതിന് പാട്ടിലൂടെ മറുപടി നൽകും. കൂടുതൽ പ്രതികരണത്തിനില്ലെന്നും വേടന് പറഞ്ഞു.
അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാർഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ടീയ പിന്തുണയുടെ ഭാഗമായാണ് പുരസ്കാരമെന്ന ആരോപണത്തിൽ അടിസ്ഥാനമില്ല.താൻ ഒരു രാഷ്ടീയ പാർട്ടിയിലും അംഗമല്ലെന്നും വേടൻ ദുബൈയിൽ പറഞ്ഞു.
‘മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ കുതന്ത്രം എന്ന ഗാനത്തിനാണ് ഗാനരചയിതാവിനുള്ള പുരസ്കാരം വേടന് ലഭിച്ചത്. പരാതികളില്ലാതെ അഞ്ച് വർഷം സിനിമ അവാർഡ് പ്രഖ്യാപനം നടത്തിയെന്നും വേടനെ പോലും സ്വീകരിച്ചെന്നുമുള്ള മന്ത്രി സജി ചെറിയാ്നറെ പരാമര്‍ശം വിവാദമായിരുന്നു. ‘മോഹൻലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെ പോലും സ്വീകരിച്ചു. പരാതികളില്ലാതെ അഞ്ച് വർഷം സിനിമ അവാർഡ് പ്രഖ്യാപനം നടത്തി.’ എന്നായിരുന്നു സജി ചെറിയാന് പറഞ്ഞത്. എന്നാല്‍ വേടൻ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നു. ‘വേടനെ പോലും’ എന്ന വാക്ക് വളച്ചൊടിക്കരുതെന്നും വേടൻ്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചതെന്നും ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും സജി ചെറിയാൻ വിശദീകരിച്ചിരുന്നു.
Highlights: ‘Minister Saji Cherian’s remarks are tantamount to insult, will respond through a song’; Rapper Vedan