തിരുവനന്തപുരം:(Thiruvananthapuram) കിണറ്റിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് കുടുങ്ങി. വക്കം പാട്ടിക്കവിള സ്വദേശി അഖിലാണ് (34) കിണറ്റിൽ അകപെട്ടത്. ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് അഖിലിനെ കരയ്ക്കത്തിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. അഖിലും വീട്ടുകാരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിനിടെ ഫോൺ കിണറ്റിൽ വീഴുകയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതെടുക്കാനായി ഇയാൾ കിണറ്റിലേക്കിറങ്ങി. 30 അടിയോളം താഴ്ചയിലായിരുന്ന കിണറ്റിലേക്ക് വേഗത്തിൽ ഇറങ്ങിയെങ്കിലും തിരിച്ച് കയറാനായില്ല. ഇതോടെയാണ് സമീപവാസി ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി നെറ്റ് ഉപയോഗിച്ചാണ് ഇയാളെ കരയിലെത്തിച്ചത്.
വെള്ളത്തിൽ വീണെങ്കിലും ഇയാൾക്ക് മറ്റ് പരുക്കുകളോ ബോധക്ഷയമോ ഉണ്ടാകാതിരുന്നതിനാൽ ഫയർഫോഴ്സ് ഇട്ടുകൊടുത്ത നെറ്റിൽ കയറി കരയിലേക്കെത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഷ്ടപ്പെട്ട് കിണറ്റിൽ ഇറങ്ങിയെങ്കിലും ഫോൺ കിട്ടിയില്ലെന്ന നിരാശമാത്രം ബാക്കി. സ്റ്റേഷൻ ഓഫീസർ അഖിലിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം.
Highlights:Man trapped in 30-ft well while retrieving phone; rescued by firefighters