കോഴിക്കോട്(Kozhikode): തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽ മുന്നണികളുമായി സഖ്യത്തിനില്ലെന്ന് വെൽഫയർ പാർട്ടി ജനറൽ സെക്രട്ടറി കെ. എ ഷഫീഖ്. സംസ്ഥാനതലത്തിൽ സഖ്യമില്ലെങ്കിലും പ്രാദേശികമായി മുന്നണികളുമായി സഖ്യമുണ്ടാക്കുമെന്നും ഷഫീഖ് പറഞ്ഞു. യുഡിഎഫുമായും എൽഡിഎഫുമായും സഖ്യമുണ്ടാക്കാൻ പ്രാദേശിക ഘടകങ്ങൾക്ക് അനുവാദനം നൽകിയിട്ടുണ്ട്.
പാർട്ടി നിശ്ചയിച്ച സീറ്റുകളിൽ വെൽഫെയർ പാർട്ടി മത്സരിക്കും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പുലർത്തിയ നിലപാട് തന്നെയാണ് ഇത്തവണയും.പാർട്ടിക്ക് സ്വാധീനമുള്ള സ്ഥലത്ത് സ്ഥാനാർത്ഥികളുണ്ടാകും. അവിടെ വിജയിക്കാനായി ബിജെപി ഒഴികെയുള്ള ഏത് രാഷ്ട്രീയ പ്രസ്ഥാനവുമായി ധാരണ ഉണ്ടാക്കാൻ പ്രാദേശിക ഘടകങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ടെന്നും കെ. എ ഷഫീഖ് പറഞ്ഞു. യുഡിഎഫും എൽഡിഎഫും മുൻകാലങ്ങളിൽ വെൽഫെയർ പാർട്ടിയുമായി സഹകരിച്ചിട്ടുണ്ട്. ആ സഹകരണത്തിന്റെ സാധ്യത ഇത്തവണയും എവിടെയെങ്കിലും രൂപപ്പെട്ടുവന്നാൽ അത് പ്രയോജനപ്പെടുത്താൻ അനുവാദം നൽകിയിട്ടുണ്ടെന്നും ഷഫീഖ് പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ധാരണകൾ രൂപപ്പെടുന്നതിന്റെ അവസാന ഘട്ടത്തിലാണ് പ്രാദേശിക ധാരണയെ സംബന്ധിച്ച വ്യക്തത കിട്ടുന്നത്. മറ്റ് വ്യാഖാനങ്ങളെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി പ്രചരിക്കുന്ന വാർത്തകൾ മാത്രമാണെന്നും ഷഫീഖ് വ്യക്തമാക്കി. എൽഡിഎഫുമായും യുഡിഎഫുമായും ഒരേ പോലെ സഹകരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളം പരിപാടിയിൽ പറഞ്ഞു. നേരത്തെ യുഡിഎഫുമായി മാത്രമായിരുന്നു പ്രത്യക്ഷ സഖ്യമുണ്ടായിരുന്നത്. എന്നാൽ ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ഇത്തവണ സഖ്യമുണ്ടാകുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വെൽഫെയർ പാർട്ടി.
Highlights: “Local alliance with LDF and UDF possible, but not at the state level; Welfare Party General Secretary”