Saturday, December 6, 2025
E-Paper
Home Sportsലീഡ് വെറും 30 റൺസ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 189ന് ഒതുങ്ങി

ലീഡ് വെറും 30 റൺസ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 189ന് ഒതുങ്ങി

by news_desk2
0 comments

കൊല്‍ക്കത്ത:(Kolkata) ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 189ന് പുറത്ത്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 159നെതിരെ 30 റണ്‍സിന്റെ ലീഡ് നേടാന്‍ മാത്രമാണ് ഇന്ത്യക്ക് സാധിച്ചത്. 39 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഗില്‍ പരിക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സിമോണ്‍ ഹാര്‍മര്‍ നാലും മാര്‍കോ ജാന്‍സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. നേരത്തെ, അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

ഒന്നിന് 37 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. ഇന്നലെ യശസ്വി ജയ്‌സ്വാളിന്റെ (12) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. മാര്‍ക്കോ യാന്‍സന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറെ ബൗള്‍ഡാക്കുകയായിരുന്നു. ഇന്ന് വാഷിംഗ്ടണ്‍ സുന്ദറാണ് (29) ആദ്യം മടങ്ങുന്നത്. സിമോണ്‍ ഹാര്‍മറിന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. രാഹുലിനൊപ്പം 57 റണ്‍സ് ചേര്‍ക്കാന്‍ സുന്ദറിന് സാധിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍ ഫോറടിച്ച് തുടങ്ങിയെങ്കിലും പേശീ വലിവിനെ തുടര്‍ന്ന് ക്രീസ് വിട്ടു. മൂന്ന് പന്തുകളാണ് താരം നേരിട്ടത്.

പിന്നാലെ റിഷഭ് പന്ത് (27) വേഗത്തില്‍ റണ്‍സ് കണ്ടെത്തി. എന്നാല്‍ മറുവശത്ത് രാഹുലിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. 119 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും നാല് ഫോറും നേടിയിരുന്നു. വൈകാതെ പന്തും മടങ്ങി. ഏകദിന ശൈലിയില്‍ കളിച്ച പന്ത് 24 പന്തുകളില്‍ രണ്ട് വീതം സിക്‌സും ഫോറും നേടി. കോര്‍ബിന്‍ ബോഷിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ജഡേജ – ജുറല്‍ സഖ്യം ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ കാത്തു. എന്നാല്‍ രണ്ടാം സെഷനിന്റെ തുടക്കത്തില്‍ തന്നെ ജുറലിന്റെ (14) വിക്കറ്റ് നഷ്ടമായി. ഹാര്‍മര്‍ക്ക് റിട്ടേണ്‍ ക്യാച്ച്.

തൊ്ട്ടുപിന്നാലെ ജഡേജ ഹാര്‍മറിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കുല്‍ദീപിനും (1), മുഹമമ്മദ് സിറാജിനും (1) പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. അക്‌സറിനെ ആവട്ടെ, ഹാര്‍മര്‍ യാന്‍സണിന്റെ കൈകളിലേക്കയച്ചു. ഗില്‍ പിന്നീട് ബാറ്റിംഗിന് വരാതിരിക്കുകയും ചെയ്തതോടെ ഇന്ത്യ കൂടാരം കയറി. ജസ്പ്രിത് ബുമ്ര (1) പുറത്താവാതെ നിന്നു.

Highlights:India bowled out for 189 with 30-run lead

You may also like