ന്യൂ ഡൽഹി (New Dehi) :രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിച്ചെന്നും ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം പ്രത്യുൽപാദന നിരക്ക് വർധിച്ചതല്ലെന്നും നുഴഞ്ഞുകയറ്റമാണെന്നും അമിത് ഷാ വ്യക്തമാക്കി. ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ദൈനിക് ജാഗരൺ സംഘടിപ്പിച്ച ‘നുഴഞ്ഞുകയറ്റം,ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെ പരാമർശിച്ചായിരുന്നു അമിത് ഷായുടെ പരാമർശം. ഈ രാജ്യങ്ങളിലെ ഹിന്ദു ജനസംഖ്യയിലുണ്ടായ കുറവ് മതപരിവർത്തനം മൂലമല്ലെന്നും അവരിൽ പലരും ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങളിലെ 24.6 ശതമാനം ജനസംഖ്യാ വർധനവ് പ്രത്യുൽപാദനം വർധിച്ചതുകൊണ്ടല്ല, മറിച്ച് രാജ്യത്തേക്ക് മുസ്ലീങ്ങൾ വലിയ തോതിൽ നുഴഞ്ഞുകയറിയതു കൊണ്ടാണെന്നും അമിത് ഷാ പറഞ്ഞു.
പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമാണ് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നത്. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അനധികൃതമായി പ്രവേശിച്ചവരെ മാതൃരാജ്യത്തേക്ക് നാടുകടത്തുമെന്നും അമിത് ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കുമെന്നും വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കൂ എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Highlights: Hindu population in India has decreased by 4.5 percent, Muslim population has increased by 24.6 percent; Amit Shah made a statement