കൊച്ചി: എറണാകുളത്ത് ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ടു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലാണ് സംഭവം ഉണ്ടായത്. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്കൂൾ യൂണിഫോമിന്റെ ഭാഗമല്ലെന്നും സ്കൂൾ മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അടച്ചിടുകയായിരുന്നു. ഹിജാബിന്റെ പേരിൽ പുറത്തുനിന്ന് ചിലരെത്തി സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അടച്ചിടുന്നുവെന്നുമാണ് സ്കൂൾ മാനേജ്മെന്റ് അറിയിച്ചത്. സ്കൂളിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കുട്ടികൾ മാനസിക സമ്മർദ്ദത്തിൽ ആയതുകൊണ്ടാണ് രണ്ടുദിവസം സ്കൂൾ അടച്ചിട്ടിരിക്കുന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന അറിയിച്ചു. കോടതി പരിധിയിലുള്ള വിഷയമായതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.
ഹിജാബ് ധരിച്ച് സ്കൂളിൽ വരാൻ സാധിക്കുമെന്ന് വിദ്യാർത്ഥിനിയുടെ രക്ഷിതാവ് പറയുന്നു. മുൻപ് പഠിച്ച സ്കൂളിൽ ഹിജാബ് ധരിച്ച് ക്ലാസിലെത്തുന്നതിന് പ്രശ്നമില്ലായിരുന്നെന്നും ഇപ്പോൾ മന:പൂർവ്വം സ്കൂൾ മാനേജ്മെന്റ് പ്രശ്നമുണ്ടാകുകയാണെന്നും രക്ഷിതാവ് പറഞ്ഞു. അതേസമയം, സ്കൂളിൽ യൂണിഫോം മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് പിടിഎ പ്രസിഡന്റ് അറിയിച്ചു. കുട്ടിയെ പഠിപ്പിക്കാൻ തയാറാണെന്നും എന്നാൽ സ്കൂളിന്റെ നിയമങ്ങൾ അനുസരിക്കണമെന്നും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ പറഞ്ഞു. സംഭവത്തിൽ എ ഇ ഒ സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Highlights:Hijab controversy intensifies; authorities shut down school, parent alleges management deliberately creating trouble