ചെന്നൈ(CHENNAI): കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ എംപി കനിമൊഴി. വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവാണെന്നും ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഠിക്കണം എന്ന് പറഞ്ഞ കനിമൊഴി ദുരന്തത്തിന് ഡിഎംകെയെ പഴിക്കുന്നത് എന്തിന് എന്നും ചോദിച്ചു.
“വിജയ്ക്ക് മനസാക്ഷിയില്ല. സ്വന്തം സുരക്ഷമാത്രം നോക്കി കരൂരിൽ നിന്ന് വിജയ് ചെന്നൈയിലേക്ക് വന്നു. വിജയ്ക്ക് അവിടെ നിൽക്കാൻ കഴിയില്ലെങ്കിൽ മറ്റ് നേതാക്കളെ ആശുപത്രിയിലേക്ക് വിടണമായിരുന്നു. ഉത്തരവാദിത്തമില്ലാത്ത പ്രവർത്തിയാണ് വിജയ്യിൽ നിന്ന് ഉണ്ടായത്. വിജയ് കരൂരിൽ നിൽക്കണമായിരുന്നു.’-കനിമൊഴി കുറ്റപ്പെടുത്തി.
ഇപ്പോഴും ടിവികെ നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടില്ല എന്നും കനിമൊഴി പറഞ്ഞു. അതേസമയം കരൂർ ആൾക്കൂട്ട ദുരന്തത്തിൽ സര്ക്കാര് കൂടുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഒരു ടിവികെ പ്രാദേശിക നേതാവിനെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കരൂർ സ്വദേശി പൗൻ രാജ് ആണ് കസ്റ്റഡിയിൽ ഉളളത്.
പരിപാടിക്ക് അനുമതി തേടി നൽകിയ അപേക്ഷയിൽ ഒപ്പിട്ട ഒരാൾ ആണ് പൗൻരാജ്. കൂടാതെ ഓൺലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാൾഡ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് വീഡിയോയുടെ പേരിലാണ് രാവിലെ ചെന്നൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Highlights: Vijay is a leader without humanity; he went to Chennai only for his own safety: Kanimozhi MP