Saturday, December 6, 2025
E-Paper
Home Nationalഷിംലയിൽ വൻ ജനകീയ പ്രതിഷേധം; നാല് വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയിൽ വൻ ജനരോഷം

ഷിംലയിൽ വൻ ജനകീയ പ്രതിഷേധം; നാല് വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയിൽ വൻ ജനരോഷം

by news_desk
0 comments

ഷിംല(shimla): നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഷിംലയിൽ വൻ ജനകീയ പ്രതിഷേധം. 2014 ലെ യുഗ് ഗുപ്‌ത കൊലക്കേസിൽ നാല് പ്രതികളിൽ ഒരാളെ വെറുതെ വിടുകയും മറ്റ് രണ്ട് പേരുടെ വധശിക്ഷ ജീവപര്യന്തം തടവാക്കി ഇളവ് ചെയ്യുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെയാണ് പ്രതിഷേധം. കൊല്ലപ്പെട്ട യുഗ് ഗുപ്‌തയുടെ കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം നിരവധി പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപിക്കുമെന്ന് യുഗ് ഗുപ്തയുടെ പിതാവ് വ്യക്തമാക്കി.

കേസിലെ പ്രതി തേജീന്ദർ പാൽ സിങ്ങിനെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മറ്റ് മൂന്ന് പ്രതികളായ ചന്ദർ ശർമ്മ, വിക്രാന്ത് ബക്ഷി എന്നിവരുടെ ശിക്ഷയാണ് ജീവപര്യന്തം തടവാക്കി കുറച്ചത്. 2018 സെപ്റ്റംബറിൽ സെഷൻസ് കോടതി മൂവർക്കും വധശിക്ഷ വിധിച്ചിരുന്നു. ഷിംലയ്ക്കടുത്തുള്ള രാം ബസാർ പ്രദേശത്ത് നിന്ന് 2014 ജൂൺ 14 നാണ് മൂവരും ചേർന്ന് നാല് വയസുകാരനായിരുന്ന യുഗ് ഗുപ്‌തയെ തട്ടിക്കൊണ്ടുപോയത്. 3.6 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ പിന്നീട് കുട്ടിയെ കൊലപ്പെടുത്തി. രണ്ട് വർഷത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കെലെസ്റ്റണിലെ മുനിസിപ്പൽ കോർപ്പറേഷൻ്റെ വാട്ടർ ടാങ്കിനുള്ളിൽ നിന്ന് മുനിസിപ്പൽ ജീവനക്കാരാണ് അസ്ഥികൾ കണ്ടെത്തിയത്.

ഈ സംഭവം അന്ന് ഷിംലയിൽ വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. 2015 ൽ ഷിംലയുടെ പല ഭാഗങ്ങളിലായി മഞ്ഞപ്പിത്തം പടർന്നുപിടിച്ചിരുന്നു. ഇതേ തുടർന്ന് ജലസംഭരണികൾ ശുചീകരിക്കാൻ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കേസിൽ കുറ്റക്കാരായ പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടായിട്ടും കോടതി ശിക്ഷ ഇളവ് ചെയ്തതിൻ്റെ ഞെട്ടലിലാണ് കുടുംബം. ഷിംല ലോവർ ബസാറിൽ യുഗ് ഗുപ്തയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നൂറ് കണക്കിനാളുകൾ തടിച്ചുകൂടി. കറുത്ത തുണി കൊണ്ട് കണ്ണ് മൂടിക്കെട്ടിയാണ് നീതിപീഠത്തിൻ്റെ വിധിക്കെതിരെ ജനം പ്രതിഷേധിച്ചത്. യുഗ് ഗുപ്തയുടെ കുടുംബാംഗങ്ങളും ഇവർക്കൊപ്പം അണിചേർന്നു.

Highlights: Massive public protest in Shimla; Huge public outcry over High Court verdict regarding the death of a four-year-old boy

You may also like