കൊളംബോ(Colombo): ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ശ്രീലങ്ക-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമായിരുന്നു വേദി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചതിന് ശേഷമുള്ള ഇടവേളയിലാണ് മഴ ആരംഭിച്ചത്. പിന്നീട് മഴ ശമിച്ചില്ല. ഓവർ കുറച്ചെങ്കിലും മത്സരം നടത്താൻ കാത്തിരുന്നെങ്കിലും മഴ ശമിക്കാത്തതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് എടുത്തത്. ക്യാപ്റ്റൻ ചമാരി അത്തപട്ടുവിന്റെയും നീലാക്ഷി ഡി സിൽവയുടെയും അർധ സെഞ്ചുറിയുടെയും വിഷ്മി ഗുണരത്നെയുടെയും ഹസിനി പെരേരയുടെയും മികച്ച ഇന്നിംഗ്സുകളുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്കോറിലെത്തിയത്.
ഒക്ടോബർ നാലിന് ഇതേ വേദിയിൽ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-ഓസ്ട്രേലിയ മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരം ഉപേക്ഷിച്ചതോടെ ന്യൂസിലൻഡിന് മൂന്ന് പോയിന്റായി. ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റുമായി.
Highlights: Heavy rain: Sri Lanka-New Zealand match in Women’s World Cup abandoned