കോട്ടയം:(Kottayam) മാണിക്കുന്നത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലായ മുന്‍ കൗണ്‍സിലര്‍ വി കെ അനില്‍ കുമാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി. കോട്ടയം നഗരസഭ 39-ാം വാര്‍ഡായ ഇലിക്കലില്‍ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ത്ഥിയാണ് അനില്‍ കുമാര്‍. നഗരസഭ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എംപി സന്തോഷ് കുമാറിനെതിരെ മത്സരിക്കാനിരിക്കുകയായിരുന്നു അനില്‍.
കോണ്‍ഗ്രസുമായി നിലവില്‍ ബന്ധമൊന്നുമില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ പ്രാദേശിക സിപിഐഎം നേതാക്കളുമായി അനില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും എന്നാല്‍ എല്‍ഡിഎഫില്‍ നിന്നും സീറ്റ് ലഭിക്കാതെ വന്നതോടെ വിമതനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് വിവരം.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വി കെ അനില്‍ കുമാറും മകന്‍ അഭിജിത്തും ചേര്‍ന്നാണ് പുതുപ്പള്ളി സ്വദേശിയായ ആദര്‍ശി(23)നെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ആദര്‍ശിന്റെ കയ്യില്‍ നിന്നും അഭിജിത്ത് ലഹരി മരുന്ന് വാങ്ങിയെങ്കിലും പണം നല്‍കിയിരുന്നില്ല.
ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഭിജിത്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ശേഷം കടന്നുകളയാന്‍ ശ്രമിച്ചതോടെയാണ് അനിലിനെയും മകനെയും പിടികൂടിയത്. ഇരുവരെയും വെസ്റ്റ് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Highlights: Former councilor in custody is currently a Congress rebel candidate