സംസ്ഥാനത്തെ സർവകലാശാലകൾ സമീപകാലത്തായി സംഘർഷഭരിതമാണ്. വിദ്യാർഥി സംഘർഷമല്ല, കക്ഷി രാഷ്ട്രീയം കലർത്തി ആസൂത്രിതമായി ഭരണഘടനാ പദവിയിലുള്ളവർ തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ഏറ്റവും ഗൗരവകരമായ സാഹചര്യമാണ് കേരളം കാണുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ തൊഴുകൈകളോടെയാണ് വി.സിയും സിൻഡിക്കേറ്റും സർക്കാരും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തെ വിമർശിക്കുകയും അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തത്. സർവകലാശാലകളുടെ ചാൻസിലർ പദവിയുള്ള ഗവർണർക്കും ഗവർണറുടെ വാക്കുകളായി സർവകലാശാലകളുടെ ഭരണം നിർവഹിക്കുന്ന വൈസ് ചാൻസിലർമാർക്കും കോടതികളിൽ നിന്നും കടുത്ത തിരിച്ചടികളാണ് നേരിടുന്നത്.
ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്നും ഗവർണറുടെ അപേക്ഷ തള്ളിയുള്ള നടപടിയുണ്ടായത്. എന്നിട്ടരിശം തീരാഞ്ഞവനാ… എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് പോലെയാണ് ഇപ്പോൾ കേരള സർവകലാശാല വി.സിയുടെ ചെയ്തികൾ കണ്ടാൽ. എല്ലായിടത്തും തിരിച്ചടി നേരിട്ട വി.സി ഇപ്പോൾ പ്രതികാരം തീർത്തിരിക്കുന്നത് ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവത്തിന്റെ സംഘാടകസമിതി ജനറൽ കൺവീനർ സ്ഥാനത്ത് നിന്ന് എസ്.എഫ്.ഐ നേതാവിനെ ഒഴിവാക്കുന്നതിലാണ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായ നന്ദനെ സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയാൽ കലോത്സവം നടത്തിപ്പിന് യൂണിവേഴ്സിറ്റി യൂണിയന് നൽകേണ്ട ഫണ്ട് അനുവദിക്കില്ലെന്നാണ് ഭീഷണി. കേരളത്തിലെ കലാശാലകളിൽ ചെറുതും വലുതുമായ രാഷ്ട്രീയ പോർവിളികൾ ആശയ ഭിന്നതകൾ സംഘർഷങ്ങൾ സ്വാഭാവിക മാത്രമാണ്. അതൊക്കെ വൈകാതെ തന്നെ കാലം മായ്ക്കുകയും പോർവിളിച്ചവർ തന്നെ പിന്നീട് ഒന്നിച്ച് നീങ്ങുകയും ചെയ്യും. എന്നാൽ പതിവിൽ നിന്നും വിപരീതമായുള്ള ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ഗൂഡമായ ഉദ്ദേശത്തിന്റെ ഭാഗമാണ്. ക്രിമിനൽ കേസുകളിൽ പ്രതിയായതുകൊണ്ടാണ് എസ്.എഫ്.ഐ നേതാവിനെ സംഘാടകസമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത് എന്നാണ് വി.സിയുടെ വിശദീകരണം.
കേരളത്തിലെ വിദ്യാർഥി യുവജനപ്രസ്ഥാനങ്ങളുടെ മിക്ക നേതാക്കന്മാരുടെ പേരിലും ഇത്തരത്തിലുള്ള കേസുകൾ ഉണ്ട്. ജനങ്ങൾക്കും സമൂഹത്തിനും ഭീഷണി അല്ലാത്തടത്തോളം കാലം അവരൊന്നും വലിയ ക്രിമിനലുകൾ ഒന്നുമല്ല. എന്നാൽ ഇവിടെ വി.സി ഡോ. മോഹനൻ കുന്നമ്മലിൻ്റെ ആവേശവും ഇടപെടലും കണ്ടാൽ കൊടും കുറ്റവാളിയായ പിടികിട്ടപ്പുള്ളിയാണ് എസ്.എഫ്.ഐ നേതാവെന്ന് തോന്നുന്നു. വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ പല സർവകലാശാലകളിലും ഉള്ളത്.
വിദ്യാർഥികളുടെ അന്യ രാജ്യങ്ങളിലേക്കുള്ള പലയാനത്തിൽ ആശങ്കകൾ പങ്കുവെക്കുന്ന രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരെ നമ്മൾ കാണുന്നുണ്ട്. അധികാര ദുർവിനിയോഗത്താൽ സർവകലാശാലകളെ ജീർണിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ദാസ്യപ്പണി ചെയ്യുന്ന വൈസ് ചാൻസിലർമാരുടെ കിരാതമായ നടപടികളിൽ മനം മടുത്തു കൂടിയാണ് മലയാളി യുവത്വം മറ്റു രാജ്യങ്ങളിലേക്ക് പറക്കുന്നത്. രാഷ്ട്രീയ നേതാവിനെ ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പറഞ്ഞ് സർവകലാശാല കലോത്സവ സംഘാടകസമിതിയിൽ എന്നാൽ പിടിച്ചു വിടാൻ കാണിച്ചതിന്റെ ആവേശത്തിന്റെ പത്തിലൊന്ന് എന്തുകൊണ്ടാണ് മിസ്റ്റർ മോഹനൻ കുന്നുമ്മൽ താങ്കൾ കൂടി വൈസ് ചാൻസിലർ ആയ കേരള സർവകലാശാല ഹാളിലെ ആർ.എസ്.എസ് പരമ്പരയിലുള്ള സംഘടനയുടെ നേതൃത്വത്തിൽ നടന്ന അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികാഘോഷങ്ങളുടെ കാര്യത്തിൽ കാണിക്കാതിരുന്നത്. സർവകലാശാല ഹാളിൽ പരിപാടി നടത്താൻ അനുവദിക്കാതിരുന്ന സർവകലാശാല രജിസ്ട്രാർ ഡോ കെ.എസ് അനിൽകുമാറിനെ ആ നടപടിയുടെ പേരിൽ സസ്പെൻഡ് ചെയ്തതും എന്തിനായിരുന്നു. ഭാരതാംബയുടെ ചിത്രം വെച്ച് ഹാളിൽ പരിപാടി നടത്താൻ കഴിയില്ല എന്നായിരുന്നു അനിലിന്റെ നിലപാട്.
അതിൽ വികാരം കൊണ്ട് താങ്കളുടെ ഭാഗത്തു നിന്നുണ്ടായ നടപടികൾ എത്രത്തോളം പ്രഹസനമായിരുന്നു അത് സംസ്ഥാനത്തിന്റെ ഉന്നത വിദ്യഭ്യാസ മേഖലയ്ക്ക് ആകമാനം വരുത്തി വെച്ചിട്ടുള്ള നാണക്കേടും ബുദ്ധിമുട്ടുകളും നിസ്സാരമായിരുന്നില്ല. അന്ന് നടന്ന പ്രതിഷേധങ്ങളിൽ നിരവധി വിദ്യാർഥികൾക്ക് ഉണ്ടായ പ്രയാസങ്ങളും പറഞ്ഞറിയിക്കാനാവുന്നതിനുമപ്പുറമാണ്. മാറിമാറി വരുന്ന ഗവർണർ കേന്ദ്രസർക്കാരിന്റെ നിർദ്ദേശാനുസരണം സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധികൾ സൃഷ്ടിക്കാനുള്ള ശ്രമം നടത്തുമ്പോൾ അതിന് വെള്ളവും വളവും നൽകി വളർത്തുന്ന തോട്ടക്കാരന്റെ പണിയിലേക്ക് സർവകലാശാല വൈസ് ചാൻസലർമാർ തരംതാണു പോകരുതായിരുന്നു. നിങ്ങൾക്ക് മുന്നേ ആ കസേരകളിൽ ഇരുന്നിരുന്ന മഹനീയരായ ഒട്ടനവധിവ്യക്തിത്വങ്ങളുടെയും അവരിലൂടെ വളർന്നുവന്ന തലമുറകളുടെയും തലയിലേക്ക് ചാർത്തപ്പെടുന്ന മുൾ കിരീടം ആകുന്നു ഈ കാലത്തെ ചാൻസലർമാരും വൈസ് ചാൻസലർമാരും.
സുപ്രീംകോടതിയും ഹൈക്കോടതിയും നിരവധിതവണ കൈകൾ കൂപ്പിക്കൊണ്ട് ഗവർണറോടും വൈസ് ചാൻസിലർമാരോടു വിദ്യാർഥികളുടെ ഭാവി വച്ച് പന്താടരുതെന്ന് അപേക്ഷിച്ചതാണ്. കോടതികൾ പങ്കുവച്ച ആശങ്കയുടെ പകുതി പോലും വൈസ് ചാൻസിലർമാർ കാണിക്കാത്തത് ലജ്ജാകരമാണ്. സർവ്വകലാശാലയുടെ ദൈനംദിന ഭരണനടപടികളുടെ ഭാഗമായി നാലുമാസം കൂടുമ്പോൾ സെനറ്റ് യോഗം വിളിച്ചു ചേർക്കണം എന്ന് നിർദ്ദേശം ഉണ്ടായിരുന്നു. രാഷ്ട്രീയ താൽപര്യത്തിന്റെ പുറത്ത് കാണിക്കുന്ന താല്പര്യം മോഹനൻ കുന്നുമ്മൽ അത്തരം ഉത്തരവാദിത്തങ്ങൾ കൂടി നിറവേറ്റാൻ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഇനിയുള്ള മാസങ്ങളിലെങ്കിലും സർവകലാശാലയുടെ പടിക്കെട്ടിന് പുറത്തേയ്ക്ക് രാഷ്ട്രീയം മാറ്റിവെച്ച് തിരുത്താൻ തയ്യാറായില്ലെങ്കിൽ രാജാവിനെക്കാൾ വലിയ രാജഭക്തിയോടുകൂടി സർവ്വകലാശാല വൈസ് ചാൻസലർ പദവിയിൽ ഇരുന്നുകൊണ്ട് ചെയ്യുന്ന വിടുവേലയ്ക്ക് വിദ്യാർഥി സമൂഹവും പൊതുജനങ്ങളും മറുപടി നൽകും.
Highlights: Taniniram editorial today 24.09.2025
വി.സിയെന്നാല് തോന്നിവാസം കാണിക്കാനുള്ള പദവിയല്ല
0