Saturday, December 6, 2025
E-Paper
Home Editorialഈ കാപട്യം ജനങ്ങള്‍ കാണുന്നുണ്ട്

ഈ കാപട്യം ജനങ്ങള്‍ കാണുന്നുണ്ട്

by news_desk
0 comments

ആരോപണങ്ങള്‍ ഉയര്‍ന്ന നാള്‍ മുതല്‍ പത്തനംതിട്ട അടൂരിലെ വീട്ടില്‍ കഴിഞ്ഞിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ സെപ്റ്റംബര്‍ 15ന് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ അപ്രതീക്ഷിതമായി നിയമസഭയില്‍ എത്തിയത് മുതല്‍ കേരളം ഒന്നടങ്കം കാത്തിരുന്നത് മണ്ഡലമായ പാലക്കാട്ടേക്കുള്ള രാഹുലിന്റെ വരവിനെയായിരുന്നു. 38 ദിവസം നീണ്ട ഇടവേളയ്ക്ക് ശേഷം അവസാനം രാഹുല്‍ ഇന്നലെ പാലക്കാട് എത്തി.

അതിനാടകീയമായി തന്നെയായിരുന്നു മണ്ഡലത്തിലേക്കുള്ള എം.എല്‍.എയുടെ വരവ്. പുലര്‍ച്ചയോടെ പാലക്കാട് എത്തിയ രാഹുല്‍ സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്കാണ് ആദ്യ പരിഗണന നല്‍കിയത്. തുടര്‍ന്ന് എനിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ വഴിയില്‍ കൂടെ പോകുന്നവരെ എല്ലാം അങ്ങോട്ട് ചെന്ന് അഭിവാദ്യം ചെയ്യുകയും അവര്‍ക്കെല്ലാം ഒപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടയിലും തുടര്‍ന്ന് എം.എല്‍.എ ഓഫീസിലും എത്തിച്ചേര്‍ന്ന രാഹുലിനെ മാധ്യമങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നു അപ്പോഴെല്ലാം പറയാനുള്ളത് വിശദമായി പറയും എന്ന് മാത്രം പറഞ്ഞു ഒതുക്കി. വ്യക്തി ജീവിതത്തിനും രാഷ്ട്രീയ ജീവിതത്തിനും മേല്‍ ആരോപണങ്ങളുടെ കരിനിഴല്‍ വീണിട്ടും രാഹുല്‍ തുടരുന്ന മൗനം ഈ സമൂഹത്തോട് തന്നെയുള്ള വെല്ലുവിളിയാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ തുടക്കത്തില്‍ തന്നെ അത് തുറന്നു പറയാനുള്ള ആത്മധൈര്യവും ആര്‍ജ്ജവും കേരളത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ യുവ നേതാവ് കാണിക്കണമായിരുന്നു.

എന്നാല്‍ അതിലൊന്നും തയ്യാറാകാതെ ആരുടെയൊക്കെയോ തിരക്കഥയില്‍ പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുകയാണ് രാഹുല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ രാഹുലിലൂടെ പ്രതിരോധത്തില്‍ ആയിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. രാഹുല്‍ വിഷയം അടഞ്ഞ അധ്യായം ആണെന്ന് സതീശന്‍ പറയുമ്പോഴും. ഏറ്റവും ഒടുവിലായി നിയമസഭയില്‍ രാഹുലിനെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ ആണെന്നതും ഇന്നലെ രാവിലെ പാലക്കാട് എത്തിയ രാഹുലിനൊപ്പം കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിഖില്‍ കണ്ണാടി, യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശോഭ് തുടങ്ങിയവര്‍ യാത്ര ചെയ്തതും കൂടാതെ പാലക്കാട് മരണവീട്ടില്‍ വച്ച് ബെന്നി ബഹനാന്‍ എം.പി ചേര്‍ത്തുപിടിച്ച് സംസാരിച്ചതും ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ സൗഹൃദം പങ്കുവെച്ചതും പാര്‍ട്ടിയില്‍നിന്ന് രാഹുലിനെ പിന്തുണയ്ക്കുന്നു എന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണങ്ങളാണ്.

കോണ്‍ഗ്രസിന് സമീപകാലത്ത് സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ കൈയബദ്ധമാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയത്തില്‍ സ്വീകരിക്കുന്ന പലതട്ടില്‍ ആയുള്ള നേതാക്കളുടെ വിഭിന്നമായ നിലപാട്. തെരഞ്ഞെടുപ്പ് രംഗത്ത് കോണ്‍ഗ്രസ് ഉയര്‍ത്താന്‍ പോകുന്നത് രാഹുലിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളുടെ കൂടി പേരിലായിരിക്കും. പ്രതിപക്ഷത്തിന്റെ സാധ്യതകളെ നിഷ്പ്രഭമാക്കാന്‍ ഭരണപക്ഷത്തിന് കിട്ടിയ ഏറ്റവും വലിയ വജ്രായുധമായി രാഹുല്‍. കേരള രാഷ്ട്രീയത്തിന്റെ തന്നെ അനുഭവ സാക്ഷ്യങ്ങളെ പ്രതിപക്ഷത്തു നിന്നു തന്നെ ഭരണപക്ഷത്തിന് ആയുധം കിട്ടുന്നത് ഒരുപക്ഷേ ഇത് ആദ്യമായിട്ടായിരിക്കും.

പാര്‍ട്ടി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ച വ്യക്തിക്കൊപ്പം യുവജന സംഘടനയുടെ ജില്ലാ പ്രസിഡന്റും ഭാരവാഹികളും യാത്ര ചെയ്യുന്നതിനെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റിനോ പ്രതിപക്ഷ നേതാവിനോ വ്യക്തമായ ഒരു മറുപടി പറയാന്‍ കഴിയാത്തത് നാണക്കേടാണ്. കെ.പി.സി.സി അധ്യക്ഷന്റെ വാക്കുകള്‍ ആണ് പരിതാപകരം സസ്‌പെന്‍ഡ് ചെയ്തു എന്നുവച്ച് ആളുകളെ കാണുമ്പോള്‍ സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ മാര്‍ക്‌സിസ്റ്റുകാരല്ല എന്നാണ് അദ്ദേഹം പറയുന്നത്. കെ.പി.സി.സി അധ്യക്ഷന്റെ നിലവാര തകര്‍ച്ച ഇത്രത്തോളം ആയല്ലോ എന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. രാഷ്ട്രീയത്തില്‍ നിലപാടുകള്‍ക്കാണ് ശക്തിയും മുന്‍തൂക്കവും. ജനങ്ങളുടെ മുമ്പില്‍ ജനകീയ കോടതിയില്‍ പിന്തുണയേറുന്നതും അതിനാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്ന് രാജി എഴുതി പാലക്കാട് സധൈര്യം തിരഞ്ഞെടുപ്പ് നേരിടാനുള്ള കരുത്ത് കോണ്‍ഗ്രസ് നേതൃത്വം കാണിക്കണമായിരുന്നു. അത് കാണിക്കാത്തതിന്റെ ദോഷമാണ് ഇപ്പോള്‍ പാര്‍ട്ടി ഒന്നടങ്കം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രാഹുലിനെ പാലക്കാട്ട് കാലു കുത്തിക്കില്ലെന്ന് പറഞ്ഞ ബി.ജെ.പിക്കാര്‍ പ്രതിഷേധവുമായി എത്താതിരുന്നത് എന്താണ്. പ്രതിഷേധങ്ങളെ ജനാധിപത്യമെന്ന് രാഹുല്‍ തന്നെ പറയുമ്പോള്‍.

എം.എല്‍.എ സ്ഥലത്തില്ലാത്തപ്പോള്‍ പ്രതിഷേധം നടത്തിയ പാര്‍ട്ടിക്ക് സ്ഥലത്തുള്ള സമയത്ത് പ്രതിഷേധം നടത്താന്‍ വൈമനസ്യം എന്താണ്. കോഴിയെയും കാളയെയും കിട്ടാഞ്ഞിട്ടാണോ. സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ഞങ്ങള്‍ പുറത്താക്കിയെന്ന് പാര്‍ട്ടിയുടെ നേതാവ് പറയുന്നു അതെ തീവ്രതയില്‍ ചേര്‍ത്ത് പിടിക്കാന്‍ മറ്റൊരു കൂട്ടര്‍ മത്സരിക്കുന്നു. അപ്പുറത്ത് ആദ്യം വിരവാദം വെല്ലുവിളി. ഇപ്പോ അഗാധമായ മൗനം.

അവിടെയും ഇവിടെയുമിരുന്ന ആര്‍ക്കും എന്തും പറയാം. ഈ നാടകം കളി ജനം കാണുന്നുണ്ട്. സ്വയം നാണം കെട്ട് അപഹാസ്യരാവുമായാണ് കേരളത്തിനു മുന്നില്‍. യാഥാര്‍ഥ്യം അറിഞ്ഞിട്ടും കാത്തു സൂക്ഷിച്ചവരെ നിങ്ങള്‍ക്ക് ഈ രക്തത്തില്‍ പങ്ക് ഉണ്ട്. ജനങ്ങളോട് കാലത്തോട് മറുപടി പറഞ്ഞേ തീരൂ… ഇനിയെങ്കിലും പ്രഹസനം അവസാനിപ്പിക്കണം.-s¡m-¸w

Highlights: TANINIRAM EDITORIAL TODAY 25.09.2025

You may also like