രാഷ്ട്രീയ കേരളം വീണ്ടും മതസാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ തുടങ്ങിയിട്ടുണ്ട്. ജനാധിപത്യ സംസ്കൃതിയിൽ നിന്ന് ഉദയം ചെയ്ത മഹനീയമായ രാഷ്ട്രീയ സംസ്കാരത്തിന്റെ ബീജം പേറുന്നവർ നാല് വോട്ടിന് വേണ്ടി ഒരു വർഗീയവാദിയുടെ മുന്നിലും മുട്ടുമടക്കില്ല എന്ന് വീരവാദം മുഴക്കിയവർ എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും ഓലപ്പാമ്പ് കൊണ്ട് മുട്ടിടിക്കുന്ന കാഴ്ചയ്ക്കാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിന് എസ്.എൻ.ഡി.പിക്ക് പുറമേ എൻ.എസ്.എസ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലായിരിക്കുന്നത് മുഖ്യപ്രതിപക്ഷമായ കോൺഗ്രസും യു.ഡി.എഫും ആണ്. ശരിദൂരം എന്നും സമദൂരമെന്നും പറഞ്ഞ് കോൺഗ്രസിന് ഒപ്പം നിലനിന്നിരുന്ന എൻ.എസ്.എസ് പെട്ടെന്ന് ഇടതുപാളയത്തിലേക്ക് ചാഞ്ഞതിൽ വലിയ ഞെട്ടൽ ആണ് കോൺഗ്രസ് ക്യാമ്പുകളിൽ ഉണ്ടായിരിക്കുന്നത്. മതേതര ജനാധിപത്യ പാർട്ടി എന്ന അവകാശപ്പെടുമ്പോഴും തിരഞ്ഞെടുപ്പിൽ ജയിക്കാനും അധികാരത്തിൽ എത്താനും ഇപ്പോഴും പെരുന്നയുടെയും കണിച്ചുകുളങ്ങരയുടെയും അനുഗ്രഹ ആശിർവാദങ്ങൾ ഉണ്ടാകാതെ പറ്റില്ല എന്ന സ്ഥിതിയാണ് കേരളത്തിലെ കോൺഗ്രസിന്. എന്തൊരു ഗതികേടാണെന്ന് ഓർക്കണേ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഒരു പാർട്ടി. രണ്ടു വ്യക്തികളുടെ ഭീഷണിക്ക് മുന്നിൽ ആലില പോലെ വിറയ്ക്കുന്ന കാഴ്ച ജനാധിപത്യ കേരളത്തിന് അപമാനമാണ്. കോൺഗ്രസിന്റെ തറക്കല്ലിന് ചോരയും വിയർപ്പും നൽകി കരുത്തുപകർന്ന ധീരരായ യഥാർത്ഥ ജനതേതാക്കളുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥതക്കും പുല്ലുവില നൽകി കൊണ്ടാണ് എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും അനു നയിപ്പിക്കാനായി ഞാൻ പോണോ നിങ്ങൾ പോണോ നമ്മൾ പോണോ എന്നുള്ള ഗൗരവതരമായ ചർച്ച നടന്നുകൊണ്ടിരിക്കുന്നത്. സമുദായ സംഘടനകൾക്ക് കേരളത്തിൽ ഒരു അഡ്രസ്സും ഇല്ല എന്ന് സമീപകാല തെരഞ്ഞെടുപ്പുകൾ പോലും തെളിയിച്ചിട്ടുള്ള സാഹചര്യം എന്തുകൊണ്ടാണ് കോൺഗ്രസും ഇടതുപക്ഷവും മനസ്സിലാകാത്തത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് നമുക്കു മുന്നിലുണ്ട്. എൻ.എസ്.എസിന് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ കഴിവും പ്രാപ്തിയും ഉണ്ടായിരുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. അവിടെ യഥാർഥത്തിൽ മത്സരം എൻ.എസ്.എസും എൽ.ഡി.എഫും തമ്മിലായിരുന്നു. രാഷ്ട്രീയ സമവാക്യങ്ങളും ജാതി സമവാക്യങ്ങളും സമുദായ നൂലുകെട്ടുകളും എല്ലാം പൊട്ടിത്തെറിഞ്ഞു കൊണ്ടാണ് കോൺഗ്രസിന്റെ കുത്തക മണ്ഡലത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് വൻഭൂരിപക്ഷത്തോടെ കൂടി സി.പി.എമ്മിലെ വി.കെ പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ടത്. സർക്കാരിനെയും ഇടതുമുന്നണിയും തന്നെ അത്ഭുതപ്പെടുത്തിയ ആ തെരഞ്ഞെടുപ്പ് വിജയം സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളുടെ തിരിച്ചറിവുകൾ വളരെ വലുതായിരുന്നു. സമുദായ സംഘടനകളുടെ വെല്ലുവിളികളെ സുശക്തമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് നേരിട്ടതിന് എൽ.ഡി.എഫിന് ലഭിച്ച ജനകീയ അംഗീകാരമായിരുന്നു വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് വിജയം. പിന്നീട് പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരുമായി ഇടഞ്ഞു തന്നെയായിരുന്നു എൻ.എസ്.എസ് എങ്കിലും തെരഞ്ഞെടുപ്പിൽ പരാജയം ഉണ്ടായിയെങ്കിലും യാതൊരുവിധ ഒത്തുതീർപ്പിനോ സന്ധി സംഭാഷണങ്ങൾക്കോ സർക്കാരോ സി.പി.എമ്മോ പെരുന്നയിലേക്കോ കണിച്ചുകുളങ്ങരയിലേക്കോ വണ്ടി പിടിച്ചിരുന്നില്ല. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തിക്കഴിഞ്ഞു എന്നുള്ള തരത്തിൽ തന്നെയായിരുന്നു എൻ.എസ്.എസിന്റെയും പറയാതെ പറഞ്ഞുകൊണ്ട് എസ്.എൻ.ഡി.പിയുടെയും പിന്തുണയും പ്രചാരണവും. എന്നാൽ ജനവിധി മറിച്ചായിരുന്നു ചരിത്രപരമായ ഭൂരിപക്ഷത്തോടെ കൂടി ചരിത്രപരമായ തുടർഭരണം ആണ് എൽ.ഡി.എഫിന് ലഭിച്ചത്. കേരളത്തിന്റെ മതേതര മനസ്സ് ഒരു സമുദായ അടുക്കളയിലും ഒതുങ്ങി പോകുന്നതല്ല എന്ന് പ്രബുദ്ധരായ വോട്ടർമാർ വീണ്ടും വീണ്ടും തെളിയിച്ചു.
ശബരിമലയിൽ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങൾ സർക്കാരിന്റെ വിവിധ നിലപാടുകളിലെ വിയോജിപ്പുകൾ കൃത്യമായി തന്നെ എൻഎസ്എസും രേഖപ്പെടുത്തി പോന്നിരുന്നു. അപ്പോഴെല്ലാം ഒരു സാമൂഹിക പ്രസ്ഥാനത്തോട് കാണിക്കാവുന്ന മര്യാദകൾ മാത്രമാണ് സർക്കാരും ഇടതുമുന്നണിയും കാണിച്ചത്. ഏറ്റവും ഒടുവിലായി ശബരിമല ആചാര സംരക്ഷണ സംഗമത്തിന് മുന്നോടിയായി എൻ.എസ്.എസും എസ്.എൻ.ഡി.പിയും പിന്തുണ പ്രഖ്യാപിച്ചത് സർക്കാരിനെയും ഇടതുമുന്നണിയെയും ജനാധിപത്യ സമൂഹത്തെയും ഒന്നടങ്കം ആശ്ചര്യപ്പെടുത്തി എന്നുള്ളത് വസ്തുതയാണ്. എസ്.എൻ.ഡി.പിയുടെ പിന്തുണയേക്കാൾ എൻ.എസ്.എസിന്റെ പിന്തുണയാണ് അതിന് കാരണമായിട്ടുള്ളത്. പക്ഷേ അത് കാശ് രാഷ്ട്രീയത്തിന്റെ ബാനറിൽ നിന്ന് ചിന്തിക്കുമ്പോൾ തികച്ചും മാതൃകാപരമായ സർക്കാരിന്റെയും ഇടതുമുന്നണിയുടെയും ഒത്തുതീർപ്പും ഫോർമുലയുടെ കൂടി വിജയമായി കാണേണ്ടിവരും. അല്ലാതെ സമുദായ നേതാക്കന്മാർ ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന കോൺഗ്രസ് നയമല്ല. അങ്ങനെ കിടന്നു കൊടുത്തതിന്റെ പരിണിതഫലമാണ് ഉണ്ടായിരുന്ന ബന്ധം പോലും ഇപ്പോൾ അറ്റു പോകുന്നതിന് കാരണം. എന്തിനുവേണ്ടിയാണ് ഈ സമുദായ സംഘടനകളുടെ പിന്നാലെ രാഷ്ട്രീയപാർട്ടികൾ നടക്കുന്നത് എന്ന് പുതിയ കാലത്തിന്റെ രാഷ്ട്രീയത്തെ നോക്കിക്കാണുന്ന പലർക്കും സംശയമുണ്ട്. അമ്പലമോ പള്ളിയോ മോസ്കോകുകളുമല്ല അല്ല ജനഹിതം തീരുമാനിക്കുന്നത്. എല്ലാം കാണുകയും കേൾക്കുകയും അറിയുകയും മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വോട്ടർമാരുടെ അഭിപ്രായത്തെ ബിഷപ്പിനോ ജനറൽ സെക്രട്ടറിമാർക്കോ തങ്ങൾ മാർക്കോ നിയന്ത്രിക്കാനോ നിർണയിക്കാനോ വിലയിരുത്താനോ കഴിയില്ല. കോൺഗ്രസിന് സംഭവിച്ചിട്ടുള്ള അപചയങ്ങളിൽ ഒന്ന് ഇപ്പോഴും നായരുടെയും നമ്പൂതിരിയുടെയും തീയയും മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും വോട്ടുകൾ അരമനകളിലും പെരുന്നയിലും കണിച്ചുകുളങ്ങരയിലും പാണക്കാടുമാണ് എന്ന് വിചാരിക്കുന്നതാണ്. കാലവും കാഴ്ചപ്പാടുകളും മാറിയിട്ടും ഇതു മാത്രം മാറ്റാൻ കോൺഗ്രസ് പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല ഇനി കഴിയുമെന്നു തോന്നുന്നില്ല. അവസരവാദപരമായി മാത്രം തങ്ങളെ സമീപിക്കുന്നവരായി കോൺഗ്രസ് നേതൃത്വം മാറിയെന്ന് സുകുമാരൻ നായരും വെള്ളാപ്പള്ളിയും പറഞ്ഞതോടെ കോൺഗ്രസ് നേതാക്കളുടെയും പാർട്ടിയുടെയും വിശ്വാസ്യത പൊതു സമൂഹത്തിനുമുന്നിൽ തൊലിയുരിക്കപ്പെട്ടിരിക്കുകയാണ്. കെ കരുണാകരൻ അടക്കമുള്ള സമുന്നതരായ കോൺഗ്രസ് നേതാക്കൾ മുന്നണിയുടെയും ഭരണത്തിന്റെയും താക്കോൽ കയ്യാളിരുന്ന കാലഘട്ടത്തിൽ ഇവരെല്ലാം കോൺഗ്രസിനു മുന്നിലാണ് വന്നത്. പിന്നീട് വന്നവരാണ് ഇവരെ അങ്ങോട്ട് പോയി കാണുകയും തൊഴുകയും കേഴുകയും ചെയ്തു പ്രമാണികളാക്കി മാറ്റിയത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകിയ കോൺഗ്രസ് യു.ഡി.എഫ് രാഷ്ട്രീയം ആണ് പ്രധാനമായും ഇത്തരം അടുക്കള രാഷ്ട്രീയത്തിന് ഹരിശ്രീ കുറിച്ച് തറക്കല്ലിട്ടത്. അന്ന് തുടങ്ങിയ അക്ഷരത്തെറ്റ് ഇന്ന് തേച്ചാലും മാച്ചാലും മായാത്ത അത്ര വലുപ്പത്തിൽ കോൺഗ്രസിന്റെ തിരുനെറ്റിയിൽ മുഴച്ചു നിൽക്കുന്നുണ്ട്. സമുദായ സംഘടനകളെ മതമേലധ്യക്ഷന്മാരെ നിർത്തേണ്ട സ്ഥാനത്ത് നിർത്താൻ കോൺഗ്രസിലെ നേതാക്കന്മാർ ഇനിയെങ്കിലും ശ്രമിക്കണം. സംഘടനയുടെ രാഷ്ട്രീയവും നയപരവുമായ വിഷയങ്ങളിൽ ഇടപെടാനും നിർദ്ദേശങ്ങൾ പങ്കുവയ്ക്കാനും ഇത് നടപ്പിലാക്കണമെന്ന് വാശി പിടിക്കാൻ നിൽക്കുന്ന സമുദായത്തെ വ്യഭിചരിക്കുന്നവരോട് ഇത് കോൺഗ്രസ് ആണെന്നും ഇവിടത്തെ കാര്യങ്ങൾ ഞങ്ങൾ തീരുമാനിക്കും എന്ന് പറയാനുള്ള ആർജ്ജവം കാണിക്കണം.
പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസിനെ ഏറ്റവും നിർണായകമായ രണ്ട് തിരഞ്ഞെടുപ്പുകൾ ആണ് വരുന്നത് അവിടെ ഓർക്കേണ്ടത് ഓർമ്മിക്കേണ്ടത് ഓർമിപ്പിക്കേണ്ടത് കാണേണ്ടത് കേൾക്കേണ്ടത് മനസ്സിലാക്കേണ്ടത് അറിയേണ്ടത് ഒറ്റ കൂട്ടരേ മാത്രമാണ് ജനങ്ങളെ. വിശ്വാസ സംരക്ഷണം എന്നും ആചാര ഐക്യം എന്നും പറഞ്ഞ് വോട്ട് ബാങ്ക് എന്ന പേരിൽ അവരവരുടെ വരുതിയിലാക്കാൻ നോക്കുന്ന ഗൂഢ ശക്തികൾക്ക് മുന്നിൽ അടിയറവു പറയേണ്ടതല്ല കേരളത്തിന്റെ രാഷ്ട്രീയ ജനാധിപത്യ പാരമ്പര്യം. സകലം കൊണ്ടും സമരംകൊണ്ടും നവോത്ഥാന പോരാട്ടങ്ങളിലൂടെയും രൂപപ്പെട്ടിട്ടുള്ളതാണത്. സ്ഥാനാർഥി കിട്ടാൻ മന്ത്രിസ്ഥാനത്തിന് പേര് വരാൻ പെരുന്നയിലും കണിച്ചുകുളങ്ങരയിലും അരമനകളിലും പാണക്കാടും കേറി ഇറങ്ങുന്നവർ മറന്നു പോകുന്നത് ഇവരെല്ലാം ജനങ്ങളാണ് യഥാർത്ഥ നേതാക്കൾ എന്ന സത്യമാണ്.
കോൺഗ്രസിന് ഒപ്പം തന്നെ എൻ.എസ്.എസ്, എസ്.എൻ.ഡി.പി നിലപാടുകളിൽ വിറച്ചു നിൽക്കുന്നതാണ് ബി.ജെ.പി. എല്ലാം തങ്ങളുടെ പന്തലിലേക്ക് എത്തിക്കഴിഞ്ഞു എന്നുള്ള അമിതമായ ആത്മവിശ്വാസത്തെ മുന്നറിക്കൊണ്ടിരിക്കുന്ന അതിനിടയാണ് ഇടുത്തി പോലെ ഈ നിലപാട് മാറ്റം വരുന്നത്. ആചാര സംരക്ഷണത്തിന്റെ പതാകവാഹകർ എന്ന നിലയിൽഭൂരിപക്ഷ സമുദായങ്ങളുടെയും ന്യൂനപക്ഷ സമുദായങ്ങളുടെയും പിന്തുണ തിരഞ്ഞെടുപ്പ് നിക്ഷേപമായി നേടിയെടുക്കാൻ പാർലമെന്റ് തെരഞ്ഞെടുപ്പോടെ കൂടി കഴിഞ്ഞു എന്നുള്ളത് വെറും മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് ബോധ്യപ്പെട്ടതിന്റെ ഞെട്ടൽ വിട്ടുമാറാത്തത് കൊണ്ടാണ് ഇന്നലെ കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളിയുടെ വീട്ടിൽ മുരളീധരൻ എത്തിയത്. ഇതോടെ ബി.ജെ.പിയുടെ കേരളം പിടിക്കാനുള്ള മോഹം തുലാസിൽ എന്ന വ്യക്തമായി.
രാജീവ് ചന്ദ്രശേഖർ ബി.ജെ.പി പ്രസിഡണ്ടായി ശേഷം സമുദായ സംഘടനാ നേതൃങ്ങളുമായും ക്രിസ്തീയ സമുദായങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു എന്നാണ് രാഷ്ട്രീയപരമായി ബി.ജെ.പി കരുതിയിരുന്നത്. എന്നാൽ തെറ്റായിരുന്നുവെന്നും നിരന്തരമായ സമ്പർക്കം ഇല്ലാത്തതിന്റെ പ്രശ്നം ഈ നിലപാട് മാറ്റത്തോടെ അവർക്കും മനസ്സിലായി. ആരെയാണ് ഇവർ പേടിക്കുന്നത്. സ്വന്തം നിലനിൽപ്പിനുവേണ്ടി പ്രത്യേകം വലത്തേക്കും ഇടത്തേക്കും ചായുന്ന വരെയോ. അവർ ഇരിക്കുന്ന സംഘടനയിലുള്ളവർക്ക് പോലും വേണ്ടാത്തവരെ സംസ്ഥാനത്തെ രാഷ്ട്രീയപാർട്ടി നേതാക്കളാണ് ഇത്ര വഷളാക്കിയത്. നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ പ്രതിസന്ധികളിൽ ഇടപെടുന്ന ജനകീയ വിഷയങ്ങളിൽ വാക്കുകൊണ്ടോ സാന്നിധ്യം കൊണ്ടോ ഒരിക്കൽപോലും സഹായിച്ചിട്ടില്ലാത്തവരാണിവർ. മനുഷ്യത്വത്തിന്റെ പ്രതികങ്ങളായ നിരവധി മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ അധിക്ഷേപിച്ചവരാണ് ഇവർ.ഇനിയെങ്കിലും നിർത്തണം ഈ ശയന പ്രദക്ഷിണം ഉയർത്തിപ്പിടിക്കണം രാഷ്ട്രീയ ദൃഢതയുടെ നിലപാടിന്റെ കൊടിയടയാളം.
സമുദായങ്ങളുടെ തിണ്ണനിരങ്ങികൾ ജനാധിപത്യത്തിന് അപമാനം
0