Saturday, December 6, 2025
E-Paper
Home Editorialവെള്ളിക്കാശിന് ഒറ്റിക്കൊടുക്കാനുള്ളതല്ല ജനാധിപത്യം

വെള്ളിക്കാശിന് ഒറ്റിക്കൊടുക്കാനുള്ളതല്ല ജനാധിപത്യം

by news_desk
0 comments

ലോകത്തിന് പോലും മാതൃകയായ തെരഞ്ഞെടുപ്പ് സമ്പ്രദായം ആയിരുന്നു ഇന്ത്യയിലെ. എന്നാൽ ജനാധിപത്യത്തിൻ്റെ  ഇരുമ്പു കോട്ടയ്ക്കകത്ത് കള്ള തുരങ്കമിട്ട് വിഷജന്തുക്കൾ പ്രവേശിച്ച്  അതിൽ വിഷം കലർത്തിയിരിക്കുന്നു എന്നത് അവിശ്വസനീയതയോടെയാണ് രാജ്യം കേൾക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിൽ നടന്ന അതിക്രൂരമായ വോട്ടർ പട്ടിക ക്രമക്കേടിന്റെ വിവരങ്ങൾക്കൊപ്പം ഒരു തിരശീലയിൽ എന്ന പോലെ  പുറത്തുവന്നതായിട്ടുള്ള കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ അനധികൃതമായി വോട്ടർ പട്ടികയിൽ ഇടം നേടിയവരുടെ വിവരങ്ങളും  ജനാധിപത്യ വിശ്വാസികൾ സൃഷ്ടിച്ച ആഘാതം വാക്കുകൾക്കതീതമാണ്. അതിനൊപ്പം തന്നെയാണ് മഹാരാഷ്ട്ര ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വ്യാപകമായ വോട്ട് അഴിമതി നടന്നിട്ടുള്ളതായി ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തി വ്യക്തമാക്കിയത്. രാജ്യത്ത് എസ്.ഐ.ആർ പ്രവർത്തനങ്ങൾ തുടക്കമിട്ടതിന്‍റെ തൊട്ടടുത്ത ദിവസം രാഹുൽ പുറത്തുവിട്ട വിവരങ്ങൾ ഇതിൽ ഏറ്റവും വലിയ ജനാധിപത്യവും ഭരണഘടനാപരവുമായ സ്ഥാപനത്തിലേക്ക് നിരവധി ചോദ്യങ്ങളുമായി വിരൽചുണ്ടുന്നു. ഹരിയാനയിലെ തിരഞ്ഞെടുപ്പിൽ ബ്രസീലിലെ മോഡലിന്റെ ചിത്രം വച്ച് വോട്ടർ പട്ടികയിൽ വ്യാജ ഐഡി സൃഷ്ടിച്ച് 223 തവണയാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇത്തരം പരസ്യമായി തട്ടിപ്പുകൾ ആരും അറിയാതിരിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ പാർട്ടികൾ സിസിടിവി ദൃശ്യങ്ങൾ ചോദിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉരുണ്ടു കളിച്ചത്. കൃത്യമായ രാഷ്ട്രീയ ഗൂഢാലോചന ഇതിന്റെയെല്ലാം പുറകിൽ ഉണ്ടെന്നുള്ളത് വ്യക്തം. ഭരണഘടനാ സ്ഥാപനങ്ങളെ വിലയ്ക്കെടുത്ത് വോട്ട് കൊള്ള നടത്തിയാണ് ഒരു സർക്കാർ അധികാരത്തിലേറുന്നതെന്നത് ജനതയുടെ, ജനാധിപത്യത്തിലുള്ള വിശ്വാസത്തെയാണ് നഷ്ടപ്പെടുത്തുന്നത്. ഒരു തിരഞ്ഞെടുപ്പ് കാലം അടുത്തുനിൽക്കെ സുതാര്യവും വ്യക്തവുമായ പരിശോധനയും ഇടപെടലുകളും അനിവാര്യമാണ്. ജയിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ കാശ്മീരിൽ നിന്ന് ആളെ കൊണ്ടുവന്ന് വോട്ട് ചേർത്തുമെന്ന് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞ വാക്കുകൾ ജനാധിപത്യത്തെ വിശ്വസിക്കുന്നവർ ഭയത്തോടും ആശങ്കയോടും ആണ് കേട്ടത്. നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ അധികാര കേന്ദ്രങ്ങൾ നടത്തുന്ന ഭീകര പ്രവർത്തനമാണ് ഇതെല്ലാം. തെരഞ്ഞെടുപ്പ് ആരോപണങ്ങൾ മറു ചോദ്യമല്ല രാജ്യത്തിന് മറുപടിയാണ് വേണ്ടത്. ഇന്ത്യയ്ക് അത് അറിയണം. വെള്ളിക്കാശിന് രാജ്യത്തെ ജനാധിപത്യത്തെ ഒറ്റുകൊടുത്തുവെന്ന് ജനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല. അതു കൊണ്ടുതന്നെ രാഷ്ട്രീയ വിമർശനത്തിനപ്പുറം, സുതാര്യമായ മറുപടി അനിവാര്യമാണ്. ലോകസഭയുടെ പ്രതിപക്ഷ നേതാവാണ് ഒരു ഭരണഘടനാ സംവിധാനത്തെ സംശയനിഴലിലിൽ നിറുത്തിയിരിക്കുന്നത്. ജനങ്ങൾക്ക് മുന്നിൽ സംശയത്തിൽ നിൽക്കേണ്ടതല്ല, ഭരണഘടനാ സംവിധാനങ്ങൾ. ബീഹാറിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിൽ സുപ്രീംകോടതി ഉന്നയിച്ച പല സംശയങ്ങളും നിർദേശങ്ങളും രാഹുൽഗാന്ധി ഉയർത്തുന്ന ആരോപണങ്ങളെ സാധൂകരിക്കുന്നുണ്ട്. വ്യക്തതയും സുതാര്യതയും അനിവാര്യമാണ്. 

HIGHLIGHTS: Taniniram editorial todat 06.11.2025

You may also like