ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പുറത്തുവന്നിരിക്കുന്ന ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഗൗരവതരവും ഏറെ സംശയങ്ങൾ ഉയർത്തുന്നതുമാണ്. സ്വർണ്ണപ്പാളി കേസിൽ അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്കും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് ദേവസ്വം വിജിലൻസ് ഹൈക്കോടതിക്കും ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കും നൽകിയിരിക്കുന്ന റിപ്പോർട്ടിലെ പ്രധാനപ്പെട്ട ശുപാർശ. ഉദ്യോഗസ്ഥരുടെയും ബോർഡ് അധികൃതരുടെയും മറ്റുള്ളവരുടെയും ഗൂഢാലോചനയിലും പ്രേരണ കുറ്റത്തിലുമുള്ള പങ്കുൾപ്പെടെ അന്വേഷണത്തിൽ വരേണ്ടതാണ് എന്നാണ് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിലും ബോർഡിലും നൽകിയിരിക്കുന്ന റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്നത്. 2019ൽ ദേവസ്വം പ്രസിഡണ്ട് ആയിരുന്ന എ പത്മകുമാർ ബോർഡ് അംഗങ്ങൾ, ദേവസ്വം കമ്മീഷണർ സെക്രട്ടറി, എന്നിവർ അടക്കുന്ന ഭരണസമിതി കൂടാതെ ആവശ്യമെങ്കിൽ ദേവസ്വം ഭാരവാഹികളുടെ പേഴ്സണൽ സ്റ്റാഫ് എന്നിവരിലേക്കും അന്വേഷണം എത്തും. അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന എസ് ജയശ്രീ സ്വർണ്ണപ്പാളിയുടെ കാര്യത്തിൽ ദേവസ്വം ബോർഡ് എടുത്ത തീരുമാനത്തിൽ വരുത്തിയിരിക്കുന്ന തിരുത്ത് അതീവ ഗൗരവത്തോടെയാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന ഗുരുതരമായ കുറ്റകൃത്യം ആണെങ്കിലും, അവരെ മാത്രം പ്രതിക്കൂട്ടിൽ നിർത്തി ദേവസ്വം ബോർഡ് ഭരണാധികാരികൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് ദുരൂഹത ഉളവാക്കുന്നു. സാങ്കേതികമായും നിയമപരമായും 2019 ലെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ഭരണനിർവഹണ സംവിധാനങ്ങൾക്കൊന്നും ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. എല്ലാം ഉദ്യോഗസ്ഥരുടെ തലയ്ക്കുവെച്ച് രക്ഷപ്പെടാനുള്ള രാഷ്ട്രീയ നേതൃത്വത്തിൽ നയിക്കപ്പെടുകയും നയിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന ദേവസ്വം ബോർഡിൻ്റെ അമിതാവേശം പലവിധമായ സംശയങ്ങൾക്കും ഇട നൽകുന്നുണ്ട്.നിരവധിയായ കാരണങ്ങൾ തന്നെ ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനുണ്ട്.2019ൽ ദേവസ്വം ബോർഡ് പ്രസിഡണ്ട് ആയിരുന്ന എ പത്മകുമാർ തന്റെ ഭരണകാലയളവിൽ ക്രമക്കേടുകൾ ഒന്നും തന്നെ നടന്നിട്ടില്ല എന്ന് ആവർത്തിക്കുമ്പോഴും,അതിനെ പരിപൂർണ്ണമായി വിശ്വാസത്തിൽ എടുക്കാൻ കഴിയുന്നില്ല.അതിനുള്ള കാരണം 2019 ൽ അയ്യപ്പൻറെ യോഗ ദണ്ഡിൽ സ്വർണം ചുറ്റുന്ന പ്രവൃത്തിക്ക് ടെൻഡർ ലഭിച്ചത് എ പത്മകുമാറിന്റെ മകൻ ജയശങ്കർ പത്മനാണ്. ഏതു മാനദണ്ഡത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജയശങ്കർ പത്മന് യോഗ ദണ്ഡിൽ സ്വർണ്ണം ചുറ്റുന്നതിനുള്ള പ്രവർത്തിക്ക് അനുമതി നൽകിയതെന്ന് എന്ന് വ്യക്തമായ മറുപടി നൽകാൻ പ്രസിഡണ്ട് കൂടിയായിരുന്ന എ പത്മകുമാറിന് ഉത്തരവാദിത്തമുണ്ട്. സ്വർണ്ണപ്പാളി വിവാദം പൊട്ടിപ്പുറപ്പെട്ട നാൾ മുതൽ 2019 ലെ പത്മകുമാർ ബോർഡ് സംശയത്തിന്റെ നിഴലിലാണ്. ദേവസ്വം വിജിലൻസും ആ സംശയങ്ങൾക്ക് അടിവരയിടുമ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. കൂടാതെ പ്രത്യേക അന്വേഷണ സംഘം രണ്ടാമത് എടുത്തിരിക്കുന്ന എഫ്.ഐ.ആറിൽ ദേവസ്വം ബോർഡ് അംഗങ്ങളായ രാഘവനും ശങ്കർദാസും അടക്കമുള്ള ദേവസ്വം ബോർഡ് അംഗങ്ങൾ പ്രതികൾ ആയിട്ടുണ്ട്. ശങ്കർ ദാസിന്റെ മകനാണ് ഡിഐജി ഹരിശങ്കർ. 2019 ശബരിമലയിൽ സ്വർണ്ണക്കൊള്ളാൻ നടന്നുകൊണ്ടിരിക്കുമ്പോൾ കോട്ടയം എസ്പി ഹരിശങ്കർ ആയിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി വലിയ ശക്തികൾ ഇടപെട്ടിട്ടുണ്ടോ എന്നുള്ള സംശയം എല്ലാ ദിക്കിൽ നിന്നും ഉയരുന്ന പശ്ചാത്തലത്തിൽ ശങ്കർ ദാസിനെ പ്രതിചേർത്തുകൊണ്ടുള്ള രണ്ടാം എഫ്.ഐ.ആർ പ്രസക്തമാണ്. പിന്നെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് എഫ്.ഐ.ആറിൽ ഉള്ളത് 2024 ദ്വാരപാലക ശില്പത്തിൽ സ്വർണ്ണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് പി എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അനുമതി നൽകിയിരുന്നതായും ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനുള്ള പിന്തുണ നൽകിയിട്ടുണ്ടെ എന്നാൽ അന്നത്തെ തിരുവാഭരണം കമ്മീഷണറുടെ എതിർപ്പാണ് നടക്കാതിരിക്കുന്നതിലേക്ക് നയിച്ചതെന്നും എഫ്ഐആറിൽ പരാമർശം ഉണ്ട്.വിവാദം തുടങ്ങിയ നാൾ മുതൽ 2019 ലെ ഭരണസമിതിക്കാണ് ഇതിനെല്ലാം ഉത്തരവാദിത്വമെന്നും പുതിയ സമിതിക്ക് പങ്കില്ലെന്നും പി.എസ് പ്രശാന്ത് വാദിച്ചിരുന്നു.എന്നാൽ ഈ ദേവസ്വം ബോർഡ് കൊള്ളയ്ക്ക് കൂട്ടുനിന്നു എന്ന് വിരൽചൂണ്ടുന്ന നടക്കുന്ന വിവരങ്ങളാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. മണ്ഡലകാലത്തിൽ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിലാണ് അന്ന് നീക്കം പൊളിഞ്ഞത്. അധികാരത്തിന്റെ പരിരക്ഷയിൽ പണത്തോടുള്ള അമിതമായ ആർത്തിയിൽ നടത്തിയ കള്ളക്കളികളിൽ രൂപപ്പെടുത്തിയ സൂത്രവാക്യങ്ങൾ എല്ലാം തെറ്റിക്കഴിഞ്ഞുവെന്ന് എല്ലാവർക്കും മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ആർക്കും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.വർഷത്തിന്റെയും മാസത്തിന്റെയും ഒക്കെ പേര് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുന്നത് പലതും മറിച്ചു പിടിക്കാൻ ഉള്ളതുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന ശബ്ദിക്കുന്ന തെളിവുകളാണ് വെളിച്ചത്തു വരുന്നത്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം ആരും ഇവിടെ സംശയത്തിന് അതീതരല്ല. സത്യം തെളിയിക്കപ്പെടാനും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പുവരുത്തി നേരായ രീതിയിൽ കാര്യങ്ങൾ ഇനിയെങ്കിലും മുന്നോട്ടു നയിക്കാൻ എല്ലാവർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ട്. ചെമ്പു തെളിയണം സത്യം ദൃഢമാവണം.
ദേവസ്വം ബോർഡും ശുദ്ധി തെളിയിക്കണം
0