വാഷിംഗ്ടൺ(Washington): യുഎസ് ദിനപത്രമായ ന്യൂ യോർക്ക് ടൈംസിനെതിരെ മാനനഷ്ടക്കേസ് നൽകിയതായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം സ്ഥിരീകരിച്ചത്.
തനിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് നൽകിയതായാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയത്. ഡെമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രമായി ന്യൂ യോർക്ക് ടൈംസ് മാറിയെന്നും ട്രംപ് ആരോപിച്ചു.
ന്യൂ യോർക്ക് ടൈംസിനെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രമെന്ന് വിമർശിച്ചുകൊണ്ടാണ് ട്രംപിന്റെ മാനനഷ്ടക്കേസ്. ന്യൂ യോർക്ക് ടൈംസിനെതിരെ കേസ് നൽകിയതിൽ വളരെ അഭിമാനം തോന്നുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പത്രം കമല ഹാരിസിന് മുൻപേജിൽ നൽകിയ പ്രാധാന്യം നിയമവിരുദ്ധമായ തെരഞ്ഞെടുപ്പ് പ്രചരമാണെന്നും അദേഹം ആരോപിച്ചു. തന്റെ കുടുംബത്തെയും
ബിസിനസിനെയും കൂടാതെ അമേരിക്ക ഫസ്റ്റ് പ്രസ്ഥാനത്തെയും കുറിച്ച് പത്രം വ്യാജ വാർത്തകൾ നൽകിയതായും ട്രംപ് കൂട്ടിച്ചേർത്തു.
ഡൊണൾഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം വാൾട്ട് ഡിസ്നിയുടെ എബിസി ന്യൂസിനെതിരെയും ഇത്തരത്തിൽ മാനനഷ്ടക്കേസ് നൽകിയിരുന്നു.
Highlights: Donald Trump files $15 billion defamation lawsuit against New York Times for spreading fake news