Saturday, December 6, 2025
E-Paper
Home Nationalദില്ലി സ്ഫോടനം: പള്ളിയിലെ പുരോഹിതൻ കസ്റ്റഡിയിൽ; അൽ ഫലാഹ് സർവകലാശാലയിൽ തുടർ പരിശോധനകൾ തുടരുന്നു എന്ന് പൊലീസ്

ദില്ലി സ്ഫോടനം: പള്ളിയിലെ പുരോഹിതൻ കസ്റ്റഡിയിൽ; അൽ ഫലാഹ് സർവകലാശാലയിൽ തുടർ പരിശോധനകൾ തുടരുന്നു എന്ന് പൊലീസ്

by news_desk2
0 comments

ദില്ലി:(Delhi) ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ തുടരുന്നതായി പൊലീസ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പൊലീസ് അറിയിച്ചു. 

അതേസമയം, സ്ഫോടനം നടന്നത് അബദ്ധത്തിലാണെന്ന സംശയം ബലപ്പെടുകയാണ്. സ്ഫോടക വസ്തുക്കൾ എവിടേക്കോ മാറ്റാൻ നോക്കുമ്പോൾ സ്ഫോടനം നടന്നു എന്നാണ് അനുമാനം. ഉമറും മുസമീലും നേരത്തെ റെഡ്ഫോർട്ട് പരിസരത്ത് എത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ സ്ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. സ്ഫോടനം നടന്ന ദിവസം ദില്ലി മയൂർ വിഹാറിലും ഉമറിൻറെ വാഹനം എത്തിയെന്നും പൊലീസ് പറയുന്നു.

സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നുണ്ട്. അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. എന്നാൽ മറ്റു പദാർത്ഥങ്ങൾ ഉപയോ​ഗിച്ചിട്ടൂണ്ടോ എന്നത് പരിശോധന കഴിഞ്ഞേ വ്യക്തമാകൂ. സ്ഫോടനം നടത്തിയ ഉമർ പതിനൊന്ന് മണിക്കൂർ ദില്ലിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാൾ പോയെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഫരീദാബാദിലെ അറസ്റ്റുകൾ അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തിൽ പാക് ഭീകര സംഘടന ആയ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കശ്മീരിലെ പുൽവാമ സ്വദേശി ഡോ ഉമർ മുഹമ്മദ് നടത്തിയത് ചാവേർ ആക്രമണം ആയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ചാവേറിന്റെ രീതിയിൽ ആയിരുന്നില്ല ആക്രമണം. റെയ്ഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. നിർമാണം പൂർത്തിയാകാത്ത ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുക ആയിരുന്നുവെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. കാർ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കുകയോ മനഃപൂർവ്വം ഇടിക്കുകയോ ചെയ്തിരുന്നത് ചാവേറിന്റെ രീതിയ്ക്ക് വിരുദ്ധമാണെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Highlights:Delhi blast probe widens; cleric detained, university under scrutiny

You may also like