Saturday, December 6, 2025
E-Paper
Home Nirakkoottuകാത്തിരിപ്പിന് അവസാനം: പുത്തന്‍ ഊര് ഉണര്‍ന്നു

കാത്തിരിപ്പിന് അവസാനം: പുത്തന്‍ ഊര് ഉണര്‍ന്നു

by news_desk
0 comments

തൃശൂരിലെ നഗരമധ്യത്തില്‍ 1885ല്‍ 13.5 ഏക്കറില്‍ തലയുയര്‍ത്തിയ മൃഗശാല പഴങ്കഥയാവുകയാണ്. കുന്നും പാറകളും നിറഞ്ഞ പുത്തൂരിന്റ മലഞ്ചെരിവിലേക്ക് പച്ചത്തഴപ്പുകള്‍ തലപ്പൊക്കിയിരിക്കുന്നു. കാഴ്ചയുടെ പുതുലോകം കാണാന്‍ അവിടേക്ക് ലോകസഞ്ചാരപാതകള്‍ വന്നുമുട്ടുന്നു. മനുഷ്യരേക്കാള്‍ മൃഗങ്ങളെയും പരിസ്ഥിയെയും മുന്നില്‍ കാണണമെന്നുശഠിച്ച ജോണ്‍ കോയുടെയും ഒപ്പം നിന്ന ചില മനുഷ്യരുടെയും പ്രയത്‌നം പൂവണിയുകയാണ്.
മൃഗശാലയിലെ അഞ്ഞൂറോളം ജീവികള്‍ക്കു മികച്ച സൗകര്യം ഒരുക്കണമെന്ന ആവശ്യം കാലങ്ങളായി ഉയര്‍ന്നുകേട്ടുകൊണ്ടിരുന്നു. തൃശൂര്‍ ചെമ്പൂക്കാവിലെ മൃഗശാലയുടെ നൂറാം വാര്‍ഷികം ആ
ഘോഷിക്കുന്ന കാലം…കൂട്ടില്‍ തിങ്ങിനിറഞ്ഞു വീര്‍പ്പുമുട്ടി ചത്ത കൃഷ്ണമൃഗങ്ങളെ തെരുവുനായ്ക്കള്‍ കടിച്ചുവലിച്ചുകീറി തിന്നു. ഈ ദുരന്തത്തിനുശേഷം മൃഗശാലയ്ക്ക് മികച്ച സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് ആക്കംകൂട്ടി. ഇതേ ആവശ്യവുമായി ഫ്രണ്ട്‌സ് സൂ എന്ന സംഘടനയും പിറന്നതോടെ ആധുനിക മൃഗശാലയ്ക്കായുള്ള ശ്രമങ്ങള്‍ തുടങ്ങി. മൂന്നു പതിറ്റാണ്ടിന്റെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് സുവോളജിക്കല്‍ പാര്‍ക്കെന്ന സ്വപ്‌നപൂര്‍ത്തികരണത്തിലേക്ക് ചുവടുവയക്കുന്നത്.

23 ആവാസ ഇടങ്ങള്‍

ആഫ്രിക്കന്‍ സുളു ലാന്‍ഡ് സോണ്‍, കന്‍ഹ സോണ്‍, സൈലന്റ് വാലി സോണ്‍, ഇരവിപുരം സോണ്‍ തുടങ്ങി ഓരോ ഇനങ്ങള്‍ക്കും അനുയോജ്യമായ വിധം ആവാസ വ്യവസ്ഥകള്‍ ഒരുക്കിയിട്ടുണ്ട്. ഒന്നിനെയും ഇടുങ്ങിയ കൂടുകളില്‍ അടച്ചിടാതെ സ്വതന്ത്രമായി വിരഹിക്കാന്‍ കഴിയുന്ന തരത്തിലാണ് ഓരോ സോണുകളും. സഞ്ചാരികള്‍ക്ക് മൃഗങ്ങളെ കാണുന്നതിനം ഇത് കൂടുതല്‍ സൗകര്യവുമാവും. സഞ്ചാരികളില്‍ നിന്ന് കൃത്യമായ അകലം പാലിക്കാനും സുരക്ഷ ഉറപ്പുവരുത്താനും പറ്റുന്ന കിടങ്ങുകളുണ്ട്. രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങുന്ന പക്ഷികള്‍, ഉരുക്കള്‍ എന്നിവയ്ക്കും പ്രത്യേക സോണ്‍ തയാറാക്കുന്നുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലേയും മൃഗങ്ങളെ കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന ഹോളോഗ്രാം സൂ കൂടി പാര്‍ക്കില്‍ ഒരുങ്ങുകയാണ്. അതോടൊപ്പം പാര്‍ക്കിനോട് ചേര്‍ന്ന് തന്നെ പെറ്റ് സു കൂടി ആരംഭിക്കുന്നതിനുള്ള നടപടികളായിട്ടുണ്ട്.

ഡിസൈനര്‍ ലോക പ്രശസ്തന്‍

വന്യജീവിസംരക്ഷണത്തിലൂന്നി കൃത്രിമ ആവാസകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ദനായ ഓസ്‌ട്രേലിയിന്‍ ലാന്‍ഡ്‌സ്‌കേപ് ആര്‍കിടെക്റ്റ് ജോണ്‍ കോ പുത്തൂരിലെത്തുന്നത് യാദൃശ്ചികം. 2011ല്‍ അന്നത്തെ വനംമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ കാലത്താണ് കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. യോഗത്തില്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയെങ്കിലും ആരെ സമീപിക്കുമെന്നു ധാരണയായിരുന്നില്ല, ഒരു വര്‍ഷത്തിനുശേഷം സെമിനാറില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് ജോണ്‍ കോയെ പുത്തൂരിലേക്ക് ക്ഷണിക്കുന്നത്. പദ്ധതിപ്രദേശത്തിന്റെ വൈവിധ്യം കണ്ട് എഴുപത് വയസുകാരന്‍ ജോണ്‍ ഒമ്പതു തവണയെങ്കിലും മുഴുവന്‍ നടന്നുകണ്ടിട്ടുണ്ട്.
കുന്നും സമതലവും താഴ്‌വാരങ്ങളും മരങ്ങളുല്ലൊം സ്വാഭാവികമായിത്തന്നെയുള്ള ഭൂപ്രകൃതി,ജീവജാലങ്ങള്‍ക്കായുള്ള മികച്ചയിടമാണെന്ന് അദ്ദേഹം വിലയിരുത്തി. പുത്തൂരിനായി പ്രകൃതി അതെല്ലാം അറിഞ്ഞു നല്‍കി. 2012ല്‍ തന്നെ അദ്ദേഹം തയാറാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ടിന് സെന്‍ട്രല്‍ സൂ അഥോറിറ്റി അനുമതി നല്‍കി.

350 ഏക്കറില്‍

350 ഏക്കറില്‍ വികസിച്ചു കിടക്കുന്ന പാര്‍ക്കില്‍ നിരവധി വൈവിധ്യങ്ങളാണ് കാഴ്ച്ചക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ സുവോളജിക്കല്‍ പാര്‍ക്ക്. ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ പാര്‍ക്കുകളിലൊന്ന്. പ്ലാന്‍ ഫണ്ടില്‍ നിന്നും 40 കോടിയും കിഫ്ബിയില്‍ നിന്ന് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 122 കോടിയും മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 208.5 കോടിയുമടക്കം 370.5 കോടി രൂപയാണ് നിര്‍മാണ്ത്തിനായി അനുവദിച്ചിരിക്കുന്നത്. തൃശൂര്‍ മൃഗശാലയില്‍ നിന്നും മൃഗങ്ങളെയും പക്ഷികളേയും സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. കേരളത്തിനു പുറത്തു നിന്നുമുള്ള മൃഗശാലകളില്‍ നിന്നും വെള്ളക്കടുവകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ പാര്‍ക്കില്‍ എത്തിക്കും.

ഉദ്ഘാടനം 26ന്

കാത്തിരിപ്പിന് വിരാമമിട്ട് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് ഒരുങ്ങിയതായി മന്ത്രി കെ. രാജന്‍ അറിയിച്ചു. ഒക്ടോബര്‍ 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ക്ക് നാടിന് സമര്‍പ്പിക്കും.
പാര്‍ക്ക് തുറക്കുന്നതോടെ ഒല്ലൂരിലെ ടൂറിസം കോറിഡോറിന്റെ പ്രധാനപ്പെട്ട ഇടമായി പുത്തൂര്‍ മാറും. പാര്‍ക്കിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിനും ബി.എം ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയുണ്ടായി. ഭൂമി ഏറ്റെടുത്ത് ഇപ്പോള്‍ റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. റോഡ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 47.30 കോടി രൂപയും റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 41.29 കോടി രൂപയുമാണ് അനുവദിച്ചത്. മാത്രമല്ല പുത്തൂര്‍ പാലത്തിന് സമാന്തരമായി 10 കോടി രൂപ ചെലവില്‍ മറ്റൊരു പാലംകൂടി നിര്‍മിച്ചതോടെ പുത്തൂരിന്റെ മുഖച്ഛായ തന്നെ മാറുന്ന വികസന പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. കൂടാതെ പുത്തൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പയ്യപ്പിള്ളിമൂല-മാന്ദാമംഗലം റോഡ് ഏഴ് കോടി രൂപയും പുത്തൂര്‍-പുഴമ്പള്ളം-മരത്താക്കര ജംഗ്ഷന്‍ റോഡ് ഒമ്പത് കോടി രൂപയും ചെലവിട്ടാണ് ബി.എം ബി.സി നിലവാരത്തില്‍ പുതുക്കി പണിതതെന്നും മന്ത്രി പറഞ്ഞു.

Highlights: Chief Minister Pinarayi Vijayan will inaugurate Puttur Zoological Park on October 28th.


You may also like